പഞ്ചായത്തുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ദുരിതമാകുന്നു

on Nov 19, 2009

d3.jpg (326×240)
കാഞ്ഞങ്ങാട്: പഞ്ചായത്ത് ഓഫീസുകളില്‍ ജീവനക്കാരുടെ 50 ശതമാനം മാത്രമേ നിലവിലുള്ളൂ. ഇത് കാരണം ജീവനക്കാര്‍ ജോലിഭാരം കൊണ്ട് വീര്‍പ്പ് മുട്ടുന്നു.

ഒമ്പത് മുതല്‍ 29 വരെ ജീവനക്കാരുള്ള പഞ്ചായത്ത് ഓഫീസുകളാണ് സംസ്ഥാനത്ത് ഉള്ളത്. എന്നാല്‍ ധനശേഷി കൂടിയിട്ടും ക്രയശേഷി കൂടിയിട്ടില്ലെന്ന പരാതിയാണ് പഞ്ചായത്ത് ജീവനക്കാര്‍ക്ക്.

ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് സര്‍ക്കാര്‍ സംസ്ഥാനത്തെ 999 പഞ്ചായത്തുകളിലും അക്കൗണ്ടന്റ്മാരുടെ തസ്തിക സൃഷ്ടിച്ചത്. എന്നാല്‍ 339 പഞ്ചായത്തുകളില്‍ മാത്രമാണ് ഈ തസ്തിക കൂടിച്ചേര്‍ത്തത്. ബാക്കി 660 പഞ്ചായത്തുകളില്‍ യു.ഡി. ക്ലാര്‍ക്ക് തസ്തിക റദ്ദ്‌ചെയ്തത് പകരം അക്കൗണ്ടന്റിന്റെ തസ്തിക ആക്കുകയായിരുന്നു. ഇത് യഥാര്‍ത്ഥത്തില്‍ പഞ്ചായത്ത് ജീവനക്കാര്‍ക്ക് ഭാരമായി മാറുകയാണ് ചെയ്തത്.

83 ലെ സ്റ്റാഫ് പാറ്റേണ്‍ ആണ് ഇപ്പോള്‍ പഞ്ചായത്ത് ഓഫീസുകളില്‍ ഉള്ളത്. സാമൂഹ്യ സുരക്ഷിതത്വ പെന്‍ഷന്‍ വിതരണം മുതല്‍ തൊഴിലില്ലായ്മ വേതനവിതരണം വരെ നടത്തുന്നത് പഞ്ചായത്ത് ഓഫീസുകളില്‍ നിന്നാണ്. 350 മുതല്‍ 1000 വരെ കര്‍ഷകത്തൊഴിലാളികളുണ്ട് ഓരോ പഞ്ചായത്തുകളിലും. മണിഓര്‍ഡര്‍ പൂരിപ്പിച്ച് ബില്‍മാറുന്നത്‌വരെയുള്ള പ്രവൃത്തി കൃത്യസമയത്ത് പൂര്‍ത്തീകരിക്കാന്‍ രാത്രിയോളം പണിയെടുക്കേണ്ടിവരുന്നതായും പഞ്ചായത്ത് ജീവനക്കാര്‍ പറയുന്നു. സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതി ഫണ്ട് 40 ശതമാനം പഞ്ചായത്തുകളെയാണ് ഏല്‍പ്പിക്കുന്നത്. കൂടാതെ തനത് ഫണ്ട് ഒരുകോടിയോളം രൂപ ചെലവഴിക്കേണ്ടിയും വരുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടക്കുന്ന പ്രവൃത്തികള്‍ക്ക് നിയോഗിച്ച എന്‍ജിനീയറും ഡാറ്റാഎന്‍ട്രി ഓപ്പറേറ്ററും കരാര്‍ ജീവനക്കാരാണ്. അത്‌കൊണ്ട് തന്നെ അവര്‍ ഉത്തരവാദിത്വക്കുറവ് കാണിക്കുമ്പോള്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടിയും വരുന്നു.

Mathrubhumi report

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com