ചരിത്രപ്രൗഢി വിളിച്ചറിയിക്കാന്‍ മാന്തോപ്പ്‌ മൈതാനിയില്‍ ഇനി ഒരു മാവുമാത്രം

on Nov 4, 2009

കാഞ്ഞങ്ങാട്‌:കാഞ്ഞങ്ങാടിന്റെ ദേശീയ പാരമ്പര്യത്തിന്റെ കഥപറയുന്ന മാന്തോപ്പ്‌ മൈതാനിയിലെ മാവുകള്‍ ഒന്നൊന്നായി കൊഴിഞ്ഞ്‌ പോകുന്നു. നിറസമൃദ്ധമായ മരങ്ങള്‍ തണലേകിയ മൈതാനത്ത്‌ അവശേഷിച്ചത്‌ രണ്ട്‌ മാവുകള്‍ മാത്രമായിരുന്നു. അതിലൊന്ന്‌ തിങ്കളാഴ്‌ച രാത്രി നിലംപൊത്തി. രണ്ടാമത്തേത്‌ ഏതുനിമിഷവും പൊട്ടിവീഴാറായ സ്ഥിതിയിലുമാണ്‌. മരസംരക്ഷണത്തിന്‌ അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്ന പരാതി നിലനി'ുകയാണ്‌.

ഹൊസ്‌ദുര്‍ഗ്‌ താലൂക്ക്‌ ഓഫീസ്‌, കാഞ്ഞങ്ങാട്‌ നഗരസഭ കാര്യാലയം, സബ്‌ട്രഷറി, ആര്‍.ഡി.ഒ. ഓഫീസ്‌ തുടങ്ങി സര്‍ക്കാര്‍ ഓഫീസുകളുടെയും വ്യാപാര സമുച്ചയങ്ങളുടെയും മധ്യഭാഗത്താണ്‌ മാന്തോപ്പ്‌ മൈതാനി.

ദേശീയ പ്രസ്ഥാനങ്ങളുടെ ഭാഗമായുള്ള സമരങ്ങളും പ്രകടനങ്ങളും തുടങ്ങുന്നതും പൊതുയോഗം നടക്കുന്നതുമെല്ലാം ഈ മരത്തണലിലാണ്‌.

തണലേകുന്ന മരങ്ങളെ ശ്രദ്ധിക്കാതെ സമീപത്ത്‌ കെട്ടിടങ്ങളും മതില്‍ക്കെട്ടുകളും ഉയര്‍ന്നു. റോഡുകള്‍ക്ക്‌ വീതികൂട്ടാന്‍ വേരുകള്‍ പിഴുതുമാറ്റി. ഇതെല്ലാം മാന്തോപ്പ്‌ മൈതാനിയിലെ മരങ്ങള്‍ക്ക്‌ മരണമണി മുഴങ്ങാന്‍ കാരണമായി.

തിങ്കളാഴ്‌ച രാത്രി മരംവീണ്‌ സമീപത്തെ ലോട്ടറി സ്റ്റാള്‍പൂര്‍ണമായി തകര്‍ന്നു.

സ്‌കൂള്‍ കുട്ടികളടക്കം നൂറുകണക്കിന്‌ ആളുകളും വാഹനങ്ങളും ഒഴുകുന്ന ഇവിടെ മരം വീണത്‌ രാത്രിയായതിനാല്‍ വന്‍ ദുരന്തമാണ്‌ ഒഴിവായത്‌.

മാന്തോപ്പ്‌ മൈതാനത്തിന്‌ കഥപറയാന്‍ ഇനി ഒരു മാവ്‌ മാത്രമേയുള്ളൂ. ഇതിന്റെ ശിഖരം ഏതുനിമിഷവും വീഴാമെന്ന അവസ്ഥയാണ്‌.
Mathrubhumi

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com