അവധി ദിനങ്ങളില്‍ കാഞ്ഞങ്ങാട് നഗരം മൂക്കുെപാത്തുന്നു

on Nov 16, 2010

കാഞ്ഞങ്ങാട്: ഞായറാഴ്ച ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളില്‍ കാഞ്ഞങ്ങാട് നഗരത്തിലെത്തുന്നവര്‍ മൂക്കുപൊത്താന്‍ കൈയില്‍ തൂവാലകൂടി കരുതുക. കാരണം, ഈ ദിവസങ്ങളില്‍ നഗരത്തില്‍ മാലിന്യനീക്കത്തിനും അവധിയാണ്.
നഗരഹൃദയത്തില്‍ കുന്നുകൂടിക്കിടക്കുന്ന മാലിന്യം അവധിദിനങ്ങളില്‍ നീക്കംചെയ്യാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. കോട്ടച്ചേരി പെട്രോള്‍ പമ്പിനു സമീപമാണ് ഏറ്റവും വലിയ മാലിന്യനിക്ഷേപം. ഇവിടെ മറ്റുദിവസങ്ങളില്‍ രാവിലെ ഒമ്പതുമണിയോടെതന്നെ മാലിന്യം നീക്കംചെയ്യാറുണ്ട്. എന്നാല്‍, ഞായറാഴ്ച പോലുള്ള അവധിദിവസങ്ങളില്‍ തൊട്ടടുത്ത ദിവസമാണ് മാലിന്യനീക്കം നടക്കുന്നത്. അതുവരെ നഗരവാസികള്‍ ദുര്‍ഗന്ധം സഹിക്കണം.
പ്രവൃത്തിദിവസങ്ങളില്‍ മാത്രം ജോലി ചെയ്യാനാണ് നഗരസഭയുടെ നിര്‍ദേശമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. എന്നാല്‍, മറ്റു നഗരസഭകളില്‍ സ്ഥിതി വ്യത്യസ്തമാണ്. അവിടങ്ങളില്‍ എല്ലാ ദിവസവും മുറപോലെ മാലിന്യനീക്കം നടക്കുന്നു. അവധിദിവസങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അധിക ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് പതിവ്. ഈ രീതി കാഞ്ഞങ്ങാട്ടും പിന്തുടരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കോട്ടച്ചേരിക്കു പുറമെ ബസ്‌സ്റ്റാന്‍ഡ് പരിസരം, ട്രാഫിക് സര്‍ക്കിള്‍, പി സ്മാരകമന്ദിര പരിസരം, ചെമ്മട്ടംവയല്‍ ജില്ലാ ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വ്യാപകമായി മാലിന്യം കുന്നുകൂടിക്കിടക്കുന്നുണ്ട്. ഇത് പരിഹരിക്കാന്‍ നഗരസഭ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ജില്ലാ ആശുപത്രിയിലെ മാലിന്യം നീക്കംചെയ്യാന്‍ നഗരസഭാ ജീവനക്കാര്‍ തയാറാകാത്തത് വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന്റെ പേരില്‍ ആശുപത്രി-നഗരസഭാ ജീവനക്കാര്‍ തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. മിക്ക ദിവസങ്ങളിലും ആശുപത്രി ജീവനക്കാരാണ് മാലിന്യം നഗരസഭയുടെ വാഹനങ്ങളില്‍ കയറ്റുന്നത്.


--------------------------------------------------------------------------------

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com