ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തി മുങ്ങിയ വനിതാസംഘം പിടിയില്‍

on Nov 24, 2010

കാഞ്ഞങ്ങാട്‌: 70 ലക്ഷം രൂപയുടെ ചിട്ടിതട്ടിപ്പ്‌ നടത്തി രണ്ട്‌ മാസം മുമ്പ്‌ നാട്ടില്‍ നിന്ന്‌ മുങ്ങിയ മൂന്ന്‌ യുവതികളെ നാട്ടുകാര്‍ മാനന്തവാടിയില്‍ വെച്ച്‌ പിടികൂടി പോലീസിലേല്‍പ്പിച്ചു. തട്ടിപ്പ്‌ സ്‌ത്രീകള്‍ പിടിയിലായ വിവരമറിഞ്ഞ്‌ പണം കിട്ടാനുള്ള ഇടപാടുകാര്‍ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ ഒഴുകിയെത്തി. പടന്നക്കാട്‌ കരുവളത്തെ റുഖിയ(33), സൈനബ(35), ഫാത്തിമ(38) എന്നിവരാണ്‌ പിടിയിലായത്‌. രണ്ട്‌ ലക്ഷം രൂപയുടെ ചിട്ടിയാണ്‌ ഇവര്‍ നടത്തിവന്നത്‌. 70 ഓളം പേരാണ്‌ ചിട്ടിയില്‍ ചേര്‍ന്നത്‌. കുറച്ചു പേര്‍ക്കുമാത്രമാണ്‌ ചിട്ടിപ്പണം ലഭിച്ചത്‌. മറ്റുളളവരുടെയെല്ലാം പണം കൈക്കലാക്കി ഇവര്‍ മുങ്ങുകയായിരുന്നു. ഹൊസ്‌ദുര്‍ഗ്‌ പോലീസില്‍ ഇടപാടുകാര്‍ പരാതി നല്‍കിയിരുന്നെങ്കിലും. കേസെടുത്തിരുന്നില്ല. ഇതേ തുടര്‍ന്ന്‌ നാട്ടുകാര്‍ ഇവരെ കണ്ടെത്താന്‍ അന്വേഷണം നടത്തുന്നതിനിടയിലാണ്‌ മാനന്തവാടിയിലെ ഒരു മുന്തിയ ഹോട്ടലില്‍വെച്ച്‌ വിലകൂടിയ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ നാട്ടുകാര്‍ ഇവരെ പിടികൂടിയത്‌. ആഢംഭര ജീവിതമാണ്‌ ഇവര്‍ നയിച്ചു വന്നത്‌. ഹൊസ്‌ദുര്‍ഗ്‌ പോലീസില്‍ ഏല്‍പ്പിച്ച ഇവരെ വിശദമായി ചോദ്യം ചെയ്‌തുവരികയാണ്‌. ഹൊസ്‌ദുര്‍ഗ്‌ എസ്‌.ഐ., ഷിജുവിന്റെ നേതൃത്വത്തില്‍ പണം കിട്ടാനുള്ളവരുമായി ഒത്തുതീര്‍പ്പ്‌ ചര്‍ച്ച നടത്തിവരികയാണ്‌. പത്തു വര്‍ഷമായി ഇവര്‍ കല്ലുരാവി, മുറിയനാവി, ഞാണിക്കടവ്, കരിവളം, പടന്നക്കാട്, നീലേശ്വരം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വന്‍ ചിട്ടി ഇടപാട് നടത്തി വരികയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com