പൊന്നിന് മേലെ പരുന്തും പറക്കില്ല

on Nov 9, 2010

കൊച്ചി: സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേയ്ക്ക് കയറുകയാണ്. നവംബര്‍ എട്ട് തിങ്കളാഴ്ച ചരിത്രത്തില്‍ ആദ്യമായി 15,000 രൂപയിലെത്തിയ പവന്‍ വില ചൊവ്വാഴ്ച വീണ്ടും ഉയര്‍ന്ന് പുതിയ റെക്കോഡിലെത്തി. പവന് 15,120 രൂപയാണ് ചൊവ്വാഴ്ചത്തെ വില. 120 രൂപയുടെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപ രൂപ ഉയര്‍ന്ന് 1890 രൂപയായി. തങ്കത്തിന്റെ വില ഗ്രാമിന് 2033.5 രൂപയാണ്.

വെള്ളിയുടെ വിലയിലും വന്‍ കയറ്റമാണ് ചൊവ്വാഴ്ച ഉണ്ടായത്. ഒരു കിലൊ വെള്ളിയ്ക്ക് 1000 രൂപ കൂടി 39,900 ആയി.

ഇന്ത്യയില്‍ സ്വര്‍ണ കച്ചവടക്കാര്‍ വന്‍ തോതില്‍ സ്വര്‍ണം വാങ്ങുകയാണ്. വരുന്ന വിവാഹ സീസണ്‍ കണക്കിലെടുത്താണിതി. ദീപാവലിയ്ക്ക് മുമ്പ് തമിഴ്നാട്ടിലും വടക്കേ ഇന്ത്യയിലും സ്വര്‍ണ വില്പന കൂടിയിരുന്നു. ഈ കൂടിയ ഡിമാന്റ് വില കയറാന്‍ കാരണമായി. എന്നാല്‍ ദീപാവലിയ്ക്ക് ശേഷം സ്വര്‍ണ വില കൂടുന്നതിന് പ്രധാന കാരണം രൂപയുടെ മൂല്യം കുറയുന്നതാണ്. സ്വര്‍ണത്തിന്റെ വന്‍കിട ഇടപാടുകള്‍ ഡോളറിലായതിനാല്‍ നേട്ടം കൂടുതല്‍ ഉണ്ടാക്കാമെന്നതിനാല്‍ പലരും വന്‍ തോതില്‍ സ്വര്‍ണം വാങ്ങുന്നുണ്ട്.

സ്വര്‍ണ വില അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 1400 ഡോളര്‍ കഴിയുമെന്ന് കണക്ക് കൂട്ടല്‍ തുടങ്ങിയിട്ട് കുറേ മാസമായി. ചൊവ്വാഴ്ചയാണ് അത് സംഭവിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് (31.1034768 ഗ്രാം) 9.33 ഡോളര്‍ കൂടി 1412.66 ഡോളറായി.

ഇന്ത്യയില്‍ സ്വര്‍ണ വില വൈകാതെ പവന് 16,000 രൂപയെത്തുമെന്നാണ് കണക്ക് കൂട്ടല്‍. 2005 ഒക്ടോബര്‍ 10നാണ് പവന്‍ വില 5,000 ഭേദിച്ചത്. അഞ്ച് വര്‍ഷവും ഒരു മാസവും കൊണ്ട് മൂന്നിരട്ടിയാണ് മൂല്യവര്‍ധന. 10,000 രൂപയില്‍ നിന്ന് 15,000 രൂപയിലേക്ക് കുതിക്കാന്‍ വേണ്ടിവന്നത് വെറും രണ്ട് വര്‍ഷവും ഒരു മാസവും. 2008 ഒക്ടോബര്‍ ഒമ്പതിനായിരുന്നു പവന്‍ വില 10,000 കടന്നത്.

സ്വര്‍ണം വാങ്ങാതെ തന്നെ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താവുന്ന സംവിധാനമായ ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളുടെ വില്പനയുടെ വില്പനയും കൂടിയിട്ടുണ്ട്. വിവിധ മ്യൂച്ചല്‍ ഫണ്ട് സ്ഥാപനങ്ങളാണ് ഇടിഎഫ് എന്നറിയപ്പെടുന്ന ഇവ പുറത്തിറക്കിയിട്ടുള്ളത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ആണ് ഒരു ഇടിഎഫ് യൂണിറ്റിന്റെ മുഖ വില..

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com