ലോക പൈതൃക പട്ടികയില്‍ കാസര്‍കോടിനെ ഉള്‍പ്പെടുത്തണം

on Nov 4, 2010

കാസര്‍കോട്:വൈവിധ്യമാര്‍ന്ന ഭാഷയും സംസ്‌കാരവും ഭൂപ്രകൃതിയുമുള്ള കാസര്‍കോട് ജില്ലയെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കാസര്‍കോടിന്റെ സാംസ്‌കാരിക പൈതൃകം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. ആദരിക്കല്‍ പരിപാടിയും ഇതോടനുബന്ധിച്ചുളള സെമിനാറും കളക്ടര്‍ ആനന്ദ്‌സിങ് ഉദ്ഘാടനംചെയ്തു. എ.ഡി.എം. സി.വാസുദേവ അധ്യക്ഷനായി. ഏഴിലേറെ ഭാഷകള്‍ സംസാരിക്കുന്ന വിവിധ വിഭാഗങ്ങളുള്ള ഏക പ്രദേശം ലോകത്ത് മറ്റെവിടെയും കാണാനില്ല. 12 നദികള്‍ ഒഴുകുന്ന പ്രദേശംകൂടിയാണ് കാസര്‍കോട്. ഒരുകാലത്ത് ജില്ലയില്‍ 150ലേറെ പ്രശസ്തരായ എഴുത്തുകാരും കവികളും ഉണ്ടായിരുന്നു. യക്ഷഗാനം, മാപ്പിളപ്പാട്ട്, ഉര്‍ദു സംസാരിക്കുന്നവരുടെ ഖവ്വാലി തുടങ്ങിയവ കാസര്‍കോടിന്റെ മാത്രം പൈതൃകമാണ്. ഇന്നും എഴുത്തുകാരാലും സാഹിത്യകാരന്മാരാലും സമ്പന്നമാണ് ഈ നാട്. നമ്മുടെ പാരമ്പര്യത്തെക്കുറിച്ച് പുതു തലമുറയ്ക്ക് ബോധവത്കരണം നടത്തണം. കളളക്കടത്തുകാരുടെയും വര്‍ഗീയ ലഹളക്കാരുടെയും എന്‍ഡോസള്‍ഫാന്‍ ബാധിച്ചവരുടെയും ഒരു പ്രദേശം മാത്രമാണെന്ന കുപ്രസിദ്ധിയില്‍നിന്ന് ഏറ്റവും മികച്ച സാംസ്‌കാരിക പൈതൃക പ്രദേശം കാസര്‍കോടെന്ന് ഉയര്‍ത്തിക്കാട്ടണം. ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണഘടനാപരമായി നല്‍കിയ എല്ലാ അവകാശങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. സെമിനാറില്‍ കെ.എം.അഹമ്മദ് മോഡറേറ്റായി. റഹ്മാന്‍ തായലങ്ങാടി, പ്രൊഫ. എം.എ.റഹ്മാന്‍, എ.എസ്.മുഹമ്മദ്കുഞ്ഞി, പ്രൊഫ. കെ.പി.ജയരാജന്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുറഹിമാന്‍ സ്വാഗതവും അക്ഷയ അസി. കോ ഓര്‍ഡിനേറ്റര്‍ കെ.അനന്തന്‍ നന്ദിയുംപറഞ്ഞു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com