ഈ വര്‍ഷം ഏപ്രില്‍ 16ന് ഉച്ചയ്ക്ക് ജുമുഅ നമസ്കാരത്തിനായി ജീവനക്കാര്‍ ജ്വല്ലറി പൂട്ടി ഇറങ്ങിയപ്പോഴായിരുന്നു നാടിനെ നടുക്കിയ കവര്‍ച്ച നടന്നത്. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ജ്വല്ലറിക്കു പിന്നിലായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്കല്‍ ഷോപ്പിന്റെ പൂട്ടുപൊളിച്ച് അകത്ത് കടന്ന് ഭിത്തി തുരന്ന ശേഷം ജ്വല്ലറിയുടെ സീലിങ് തകര്‍ത്തായിരുന്നു മോഷണം.
നഗരത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന അബ്ദുല്‍ ലത്തീഫിന്റെ ആഡംബര ജീവിതത്തെപ്പറ്റി ജനമൈത്രി പൊലീസിലെ ഹെഡ്കോണ്‍സ്റ്റബിള്‍ ശശികുമാറിനു ലഭിച്ച സൂചനയാണ് അന്വേഷണ സംഘത്തിനു പിടിവള്ളിയായി മാറിയത്. തുടര്‍ന്ന് കഴിഞ്ഞ നാല് ആഴ്ചയായി പ്രതി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കവര്‍ച്ചയുടെ സൂത്രധാരന്‍ മറ്റൊരാളാണെന്നാണ് ലത്തീഫ് പൊലീസിനു നല്‍കിയ മൊഴി.
കവര്‍ച്ചയില്‍ ഇരുവര്‍ക്കും ലഭിച്ച പങ്കില്‍ ഏഴു കിലോയോളം ജില്ലയിലെ രണ്ടു ബാങ്കുകളിലും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും പണയം വച്ചതായി പൊലീസ് കണ്ടെത്തി. മറ്റു പ്രതികളെ കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു വരുന്നതായി ജില്ലാ പൊലീസ് സൂപ്രണ്ട് പി.പ്രകാശ് പറഞ്ഞു.
കാഞ്ഞങ്ങാട് ഗാര്‍ഡര്‍ വളപ്പില്‍ വാടക ക്വാര്‍ട്ടേഴ്സിലാണ് അബ്ദുല്‍ ലത്തീഫ് താമസിച്ചിരുന്നത്. ഹൊസ്ദുര്‍ഗ് ഒന്നാംക്ളാസ് മജിസ്ട്രേട്ട് (ഒന്ന്) എം.രമേശന്‍ മുന്‍പാകെ ഹാജരാക്കിയ അബ്ദുല്‍ ലത്തീഫിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് ഡിവൈഎസ്പി ജോസി ചെറിയാന്‍ ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും