മേല്‍പ്പാലം: തുറന്ന മനസ്സോടെ രംഗത്തിറങ്ങണം-മെട്രോ മുഹമ്മദ് ഹാജി

on Nov 20, 2012


കാഞ്ഞങ്ങാട് : നിര്‍ദ്ദിഷ്ട കോട്ടച്ചേരി-ആവിക്കര മേല്‍പ്പാലം എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കാന്‍ തുറന്ന മനസ്സോടെ നാടിന്റെ നന്മ കാംക്ഷിക്കുന്ന എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ടും മുസ്ലിംലീഗ് സം സ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായ മെട്രോ മുഹമ്മദ് ഹാജി പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭയുടെയും അജാനൂര്‍ പഞ്ചായത്തിന്റെയും തീരദേശ മേഖലയുടെ ചിരകാല സ്വപ്നവും പുരോഗതിയുടെ മാര്‍ഗവുമാണ് മേല്‍പ്പാലം. ജനാഭിലാഷ സാക്ഷാത്കരണത്തിന് മേല്‍പ്പാല നിര്‍മ്മിതി എത്രയും പെട്ടെന്ന് ആരംഭിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതെങ്കിലും കെട്ടിടം പൊളിയണമെന്നോ ആരെയെങ്കിലും സംരക്ഷിക്കണമെന്നോ ഉള്ള നിഗൂഢ താല്പര്യങ്ങളും ഇരട്ട മുഖമുള്ള സമീപനങ്ങളുമില്ലാതെ ഏവര്‍ക്കും മുന്നോട്ട് നീങ്ങാന്‍ കഴിഞ്ഞാല്‍ നിര്‍മ്മാണ പ്രവൃത്തി എത്രയും പെട്ടെന്ന് ആരംഭിക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസം തനിക്കുണ്ടെന്ന് മെ ട്രോ മുഹമ്മദ് ഹാജി പറഞ്ഞു. നേരത്തെയും ഇപ്പോഴും നടന്നിട്ടുള്ള അലൈന്‍മെന്റ് പ്രകാ രം സ്ഥലം വിട്ടുതരേണ്ട ഉടമകളുമായി രാഷ്ട്രീയ-സാമൂഹ്യ നേതൃത്വത്തിലുള്ള നി സ്വാര്‍ത്ഥരായ വ്യക്തികള്‍ മനസ്സ് തുറന്ന് ചര്‍ച്ച നടത്തിയാല്‍ സമവായം ഉണ്ടാക്കാന്‍ കഴിയാതിരിക്കില്ല. നാടിന്റെ വികസനം തടസ്സപ്പെടുത്താനാവില്ല. തങ്ങള്‍ക്ക് സ്ഥലം നഷ്ടപ്പെടുന്നുവെന്ന ഭീതിയാകും സ്ഥലം ഉടമകളെ തടസ്സത്തിന് പ്രേരിപ്പിക്കുന്നത്. അവരെ മേല്‍പ്പാലത്തിന്റെ അനിവാര്യതയും വിട്ടുവീഴ്ചയുടെ അന്തസ്സും ബോധ്യപ്പെടുത്താന്‍ തുറന്ന ചര്‍ച്ചയാണ് ആവശ്യം. അവര്‍ക്ക് ഉണ്ടാകുന്ന നഷ്ടത്തിന് തൃപ്തികരമായ പരിഹാരം ഉണ്ടാക്കിക്കൊടുക്കാന്‍ സര്‍ക്കാര്‍ തലത്തിലുള്ള സമ്മര്‍ദ്ദവും ജനങ്ങളുടെ സഹകരണവും ഉണ്ടായാല്‍ സാധ്യമാകും. നാടിന്റെ നന്മ മുന്‍നിര്‍ത്തി നന്മയാര്‍ന്ന വഴികളിലൂടെ പ്രശ്‌ന പരിഹാരത്തിന് കളമൊരുക്കാന്‍ മാര്‍ഗമുണ്ടെന്നിരിക്കെ ഇരുട്ട് മുറിയിലില്ലാത്ത കരിമ്പൂച്ചയെ തപ്പുന്നതുപോലെ ഇല്ലാത്ത ഒരു ലോബിയുടെ വല്ലാത്ത അട്ടിമറിക്കഥ പ്രചരിപ്പിക്കുന്ന ഒരു മഞ്ഞപത്രവും അതിന്റെ വ്യാജ കഥകളുടെ മേഘകീറുകള്‍ക്കിടയില്‍ തങ്ങളുടെ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ ഒളിപ്പിച്ചുവെക്കുന്ന ചില നേതൃമാന്യന്മാരും യഥാര്‍ത്ഥത്തില്‍ മേല്‍പ്പാല നിര്‍മ്മാണത്തെ തടസ്സപ്പെടുത്തുകയോ വൈകിപ്പിക്കുകയോ ആണ് ചെയ്യുന്നത്. അതിന് വേണ്ടി ആരെങ്കിലും ആരുടെയെങ്കിലും അച്ചാരം വാങ്ങിയിട്ടുണ്ടോ എന്നറിയില്ല. രോഗം എന്തെന്നറിയുകയും മതിയായ ചികിത്സ നല്‍കുകയുമാണ് ശമനത്തിന്റെ വഴി. അതിനുപകരം നിഴലിനോട് യുദ്ധം ചെയ്യുന്ന നിലപാട് പത്രക്കോളങ്ങളില്‍ നിറഞ്ഞുനില്‍ക്കാനും ജനങ്ങളുടെ രക്ഷകനായി അഭിനയിക്കാനും ചിലര്‍ക്ക് പ്രയോജനപ്പെട്ടേക്കാം. പക്ഷെ പ്രശ്‌നപരിഹാരത്തിന് അത് ഗുണം ചെയ്യില്ലെന്ന് മെട്രോ മുഹമ്മദ് ഹാജി ചൂണ്ടിക്കാട്ടി. ചിത്താരി 'ലോബി' എന്ന മുദ്ര ചാര്‍ത്തി തന്നെ കോര്‍ണര്‍ ചെയ്തുവരുന്ന ഒരു മഞ്ഞപത്രം മേല്‍പ്പാലത്തിന്റെ പ്രഥമ അലൈന്‍മെന്റ് മാറ്റാന്‍ ആ 'ലോബി' ഇടപെട്ടതായി നിരന്തരം കഥകള്‍ ചമയുന്നതായി കാണുന്നു. താനൊരു ലോബിയുടെയും ആളല്ല. ചിത്താരി ലോബിയെന്ന ഒരു ലോബിയുമില്ല. വാര്‍ഡ്-പഞ്ചായത്ത്-മണ്ഡലം-ജില്ല-സംസ്ഥാന മുസ്ലിംലീഗ് കമ്മിറ്റികള്‍ എടുക്കുന്ന നിലപാടുകള്‍ക്കും തീരുമാനങ്ങള്‍ക്കും ഒപ്പമാണ് താനെന്നും ആ തീരുമാനങ്ങളെ എതിര്‍ക്കുന്നവരാരായാലും മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ പോലെ അത്തരക്കാരെ എതിര്‍ക്കാനും താന്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു. മേല്‍പ്പാലം നിര്‍മ്മിതിക്ക് തടസ്സമാകുന്ന വിധത്തിലോ വൈകിപ്പിക്കുന്ന വിധത്തിലോ ഒരു ഘട്ടത്തിലും താന്‍ എവിടെയും ഇടപെട്ടിട്ടില്ല. മേല്‍പ്പാലത്തിന് വേണ്ടി അക്വയര്‍ ചെയ്ത സ്ഥലത്ത് എവിടെയെങ്കിലും തന്റെ പേരില്‍ കെട്ടിടം ഉണ്ടെങ്കില്‍ അത് പൊളിച്ചുമാറ്റാനും ഭൂമി ഉണ്ടെങ്കില്‍ അത് വിട്ടുകൊടുക്കാനും തയ്യാറാണ്. സ്വീകാര്യമായ വഴിയിലൂടെ മേല്‍പ്പാലവും അപ്രോച്ച് റോഡും നിര്‍മ്മിക്കപ്പെടണമെന്നും അനുരഞ്ജനത്തിന്റെ വഴി വിജയിക്കാത്ത പക്ഷം നിയമമാര്‍ഗത്തില്‍ തടസ്സങ്ങള്‍ തട്ടിമാറ്റി മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കണമെന്നുമുള്ള തന്റെ ഹൃദയാഭിലാഷം പൂര്‍ത്തീകരിക്കാന്‍ കാഞ്ഞങ്ങാട് പൗരാവലിയോടൊപ്പം താനും മുന്‍നിരയിലുണ്ടാകുമെന്ന് മെട്രോ മുഹമ്മദ് ഹാജി വെളിപ്പെടുത്തി..

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com