കെ എന്‍ എം അഞ്ചംഗ കൊള്ള സംഘമായി മാറി: മുജാഹിദ് ബാലുശ്ശേരി

on Nov 20, 2012


കാഞ്ഞങ്ങാട്: ആദര്‍ശം അടിയറ വെച്ച് നുണ പ്രചരിപ്പിച്ച് ആധാരം കൈക്കലാക്കുന്ന അഞ്ചംഗ സംഘമായി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ മാറിയെന്ന് സംഘടനയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രമുഖ വാഗ്മിയും പണ്ഡിതനുമായ മുജാഹിദ് ബാലുശ്ശേരി പ്രസ്താവിച്ചു. കേട്ടുകേള്‍വിയുടെയും നുണ പ്രചാരണത്തിന്റെയും അടിസ്ഥാനത്തിലാണ് നേതൃത്വം പെരുമാറുന്നത്. ആരോപണങ്ങള്‍ തന്നോട് ചോദിക്കാതെയും അന്വേഷണം നടത്താതെയും ഒരു സുപ്രഭാതത്തില്‍ തന്നെ സംഘടനയില്‍ നിന്നും പുറത്താക്കിയതായി പ്രസ്താവന ഇറക്കുകയായിരുന്നു. അഞ്ച് പെണ്‍കുട്ടികളുടെ പിതാവായ താന്‍ ജീവിക്കാനൊരു മൂന്ന് മുറി വീട് നിര്‍മ്മിക്കുമ്പോള്‍ അത് ജിന്ന് ക്ലിനിക് കൊണ്ടാണെന്ന് പറഞ്ഞു പരത്തി. ഏകദൈവത്തില്‍ അടിയുറച്ച് വിശ്വസിക്കേണ്ടവര്‍ക്ക് ദൈവം എല്ലാമറിയുന്നുണ്ടെന്ന കാര്യം പോലും ഓര്‍മ്മയില്ല. ആദര്‍ശം കൈവെടിയാതെ പ്രസ്ഥാനത്തില്‍ അടിയുറച്ച് നിന്ന താന്‍ ഒരു യൂണിറ്റ് സെക്രട്ടറി പോലുമായിട്ടില്ല. കാഞ്ഞങ്ങാട് ഭാഗത്തെ രണ്ട് ക്ഷേത്രങ്ങളിലടക്കം നിരവധി ക്ഷേത്രങ്ങളില്‍ വിഗ്രഹാരാധന പാടില്ലെന്ന് പ്രസംഗിച്ച താന്‍ ആദര്‍ശം എവിടെയും വെട്ടിത്തുറന്ന് പ്രഖ്യാപിക്കും. മന്ത്രിയെ വിമര്‍ശിച്ചതും നേതാക്കളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ തയ്യാറാകാത്തതുമാണ് തന്നെയും മറ്റുള്ളവരെയും നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറാന്‍ കാരണമായത്. മുജാഹിദ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കയറിക്കൂടിയ അഞ്ചംഗ ചാരസംഘമാണ് ഇപ്പോള്‍ സംഘടനയുടെ അമരത്തുള്ളത്. നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട് എന്ന വിഷയത്തില്‍ ഇവിടെ ഒരു സമ്മേളനം പ്രഖ്യാപിച്ചിട്ടും ഒരു പ്രവര്‍ത്തനങ്ങളും നടന്നില്ല. സര്‍ക്കുലറുകളിറക്കലും പുറത്താക്കലുമല്ലാതെ മറവി രോഗം ബാധിച്ച് കിടപ്പിലായ ഒരു പാവം പണ്ഡിതന്റെ പേരും ഒപ്പും ഉപയോഗിച്ചാണ് സര്‍ക്കുലറുകള്‍ ഇവിടെ അടിച്ചിറക്കുന്നത്. തങ്ങളുടെ സ്വാര്‍ത്ഥതക്ക് വേണ്ടി അഞ്ചംഗ സംഘം എം പിയെ ചതിക്കുകയാണ്. പേര് കൊണ്ട് മാത്രമല്ല താന്‍ മുജാഹിദായി നിലകൊള്ളുന്നത്. സത്യം പറയുന്നതിന് സംഘടനയുടെ ലേബല്‍ ആവശ്യമില്ല. മറ്റുള്ളവരെ കേള്‍ക്കരുതെന്ന് പറയുന്ന വാദം പ്രസ്ഥാനത്തിന്റേതല്ല. കൊള്ളക്കാരും വഞ്ചകരുമായ അഞ്ചംഗ സംഘത്തിന്റെ കൈകളില്‍ നിന്നും സംഘടനയെ മോചിപ്പിച്ച് നീതി നടപ്പാക്കി സംഘടനയെ ശുദ്ധീകരിച്ച് മുന്നോട്ട് നയിക്കാനുള്ള ശ്രമത്തിലാണ് താനടക്കമുള്ള മുജാഹിദ് പ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു..

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com