മേല്‍പ്പാലം: 'ചിത്താരി' ലോബി കരുക്കള്‍ നീക്കിയെന്ന ആരോപണം

on Nov 20, 2012


അജാനൂര്‍ : കോട്ടച്ചേരി മേല്‍പ്പാലം അട്ടിമറിക്കാന്‍ മുസ്ലിംലീഗിലെ 'ചിത്താരി' ലോബി കരുക്കള്‍ നീക്കിയെന്ന കല്ലുവെച്ച കഥകള്‍ തട്ടിവിട്ടവര്‍ക്ക് കാലിടറി തുടങ്ങി. നഗരത്തിലെ കെട്ടിട ഉടമക്ക് വേണ്ടി ലീഗില്‍ ഉണ്ടെന്ന് പ്രചരിപ്പിക്കുന്ന 'ചിത്താരി ലോബി' മേല്‍പ്പാലത്തിന്റെ പാലം വലിച്ചുവെന്ന് ആരോപിച്ചവര്‍ തന്നെ കോട്ടച്ചേരി ബദ്‌രിയ്യ ജുമാമസ്ജിദ് കമ്മിറ്റി, കേന്ദ്ര റെയില്‍വെ മന്ത്രി ഇ അഹമ്മദിന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് സ്ഥല നിര്‍ണ്ണയം മാറ്റിയതെന്ന് തുറന്നു സമ്മതിച്ചു. ബദ്‌രിയ്യ ജുമാ മസ്ജിദന് പ്രസിഡണ്ട് പി എം ഹസ്സന്‍ ഹാജി, ജനറല്‍ സെക്രട്ടറി സി എച്ച് ആലിക്കുട്ടി ഹാജി, ട്രഷറര്‍ കെ അബ്ദുള്‍ഖാദര്‍ ഹാജി എന്നിവരുടെ പേരുകള്‍ അച്ചടിച്ച ജമാഅത്ത് കമ്മിറ്റിയുടെ ലെറ്റര്‍ ഹെഡ്ഡില്‍ കേന്ദ്ര റെയില്‍വെ സഹമന്ത്രിക്ക് ന ല്‍കിയ നിവേദനത്തില്‍, കോട്ടച്ചേരി ട്രാഫിക് ജംഗ്ഷനില്‍ നിലവിലുള്ള ടാക്‌സി സ്റ്റാന്റ് വഴി മേല്‍പ്പാലത്തിന് വേണ്ടി സര്‍ക്കാര്‍ അക്വയര്‍ ചെയ്ത സ്ഥലത്തിന്റെ ഒരു ഭാഗം, ബദ്‌രിയ്യ മസ്ജിദിനോട് ചേര്‍ന്ന് സ്ത്രീകളുടെ നിസ്‌കാര പള്ളി സ്ഥിതി ചെയ്യുന്നുണ്ടെന്നും അതിനാല്‍ പ്രസ്തുത സ്ഥലം ഏറ്റെടുക്കല്‍ നടപടിയില്‍ നിന്നും ഒഴിവാക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. മൂന്നു പേജില്‍ വിഷയം വളരെ വിശദമായി തന്നെ പ്രതിപാദിച്ച് ചുവടെ പ്രസിഡണ്ട് പി എം ഹസ്സന്‍ ഹാജി പേരെഴുതി ഒപ്പ് വെക്കുകയും ചെയ്തു. ഈ നിവേദനത്തെ തുടര്‍ന്ന് സതേണ്‍ റെയില്‍വെയുടെയും കേരള റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ഉന്നത ഉദേ്യാഗസ്ഥരുടെയും യോഗം അന്നത്തെ ഹൊസ്ദുര്‍ഗ് എംഎല്‍എ പള്ളിപ്രം ബാലന്റെയും നഗരസഭ ചെയര്‍മാ ന്‍ അഡ്വ. എന്‍ എ ഖാലിദിന്റെയും സാന്നിധ്യത്തില്‍ ചേര്‍ന്ന് നേരത്തെ തീരുമാനിച്ച സ്ഥലം അല്പം വടക്കോട്ട് മാറ്റി പുനര്‍നിര്‍ണ്ണയിച്ചു. ഇതനുസരിച്ച് കാസ ര്‍കോട് ചന്ദ്രഗിരി റോഡി ല്‍ കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിനടുത്തുള്ള ഷുക്കൂര്‍ ലോഡ്ജിന്റെ തൊട്ട് തെക്കുഭാഗത്ത് നിന്ന് മേ ല്‍പ്പാലം ആരംഭിക്കാനും ആവിക്കര ജംഗ്ഷനില്‍ മാങ്കൂല്‍ ഹസൈനാര്‍ എന്നയാളുടെ വീടിനോട് ചേര്‍ന്ന് പാലം അവസാനിക്കുന്നതിനുമുള്ള രീതിയില്‍ ഘടനക്ക് മാറ്റം വരുത്തുകയും ചെയ്തു. ഇതനുസരിച്ച് ഷുക്കൂര്‍ ലോഡ്ജിന് മുട്ടിയുരുമ്മി നില്‍ക്കുന്ന ആസ്‌ക്ക കെട്ടിടത്തിന്റെ പത്ത് മീറ്ററും തൊട്ടടുത്തുള്ള നെക്സ്റ്റ് ബില്‍ഡിങ്ങിന്റെ ആറ് മീറ്ററും ചേര്‍ത്ത് 16 മീറ്റര്‍ വീതി കണ്ടെത്തി സ്ഥലം കല്ലിട്ട് അടയാളപ്പെടുത്തുകയും ചെയ്തു. നെക്സ്റ്റ് കെട്ടിടക്കാര്‍ ആറ് മീറ്റര്‍ ഒഴിച്ച് നിര്‍ത്തി കെട്ടിടം പണി പൂര്‍ത്തിയാക്കിയപ്പോ ള്‍ സകല നിയമങ്ങളെയും കാറ്റില്‍ പറത്തി ആസ്‌ക്ക കെട്ടിട ഉടമകള്‍ നിര്‍ദ്ദിഷ്ട മേല്‍പ്പാലം ആരംഭിക്കുന്നത് തടയാന്‍ കെട്ടിടം പണി സര്‍ക്കാര്‍ അ ക്വയര്‍ ചെയ്ത സ്ഥലത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുകയും, മേല്‍പ്പാലത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിക്കുകയും ചെയ്തു. മാത്രമല്ല കാഞ്ഞങ്ങാട് നഗരസഭയിലെ ചില ഉദേ്യാഗസ്ഥരെ കൂട്ടുപിടിച്ച് ഈ കെട്ടിടത്തിന് നമ്പര്‍ സംഘടിപ്പിക്കുവാനും ആസ്‌ക്ക കെട്ടിട ഉടമകള്‍ക്ക് കഴിഞ്ഞു. മേല്‍പ്പാലത്തിന് എതിരെ ആസ്‌ക്ക കെട്ടിട ഉടമകള്‍ സമ്പാധിച്ച സ്റ്റേ ഉത്തരവിനെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാതെ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ അധികൃതര്‍ ഇവരെ പരസ്യമായി സഹായിക്കുന്നതിന്റെ രഹസ്യവും ആരും ചികഞ്ഞ് നോക്കിയില്ല. വസ്തുതകള്‍ ഇതായിരിക്കെയാണ് ഇല്ലാത്ത ചിത്താരി ലോബിയുടെ വല്ലാത്തൊരു കള്ളക്കഥകളുമായി വിവാദ പത്രം രംഗത്തുവരുന്നത്. കോടതിയേയും ആര്‍ബിഡിസി അധികൃതരേയും വിലക്കെടുത്തവര്‍ ഈ പത്രത്തേയും വിലക്കെടുത്തു എന്നറിയാത്തവര്‍ കാഞ്ഞങ്ങാട്ട് തീരെ ചുരുക്കമായിരിക്കും. മേല്‍പ്പാലം ഒരിക്കലും വരാതിരിക്കാന്‍ നടത്തുന്ന വന്‍ ഗൂഢാലോചനയില്‍ കണ്ണിയായ പത്രാധിപര്‍ പാലത്തിന് വേണ്ടി കഴുതക്കാമം കരഞ്ഞുതീര്‍ക്കുന്നത് മനസ്സിലാക്കാനുള്ള ബുദ്ധിയും വിവേകവും കാഞ്ഞങ്ങാട്ടുകാര്‍ക്കുണ്ട്. മേല്‍പ്പാലത്തിന് വേണ്ടി ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന മറ്റൊരാളുടെ കഥ ഇതിലും വിചിത്രമാണ്. വര്‍ഷങ്ങളോളം വാടക നല്‍കാതെ കൈയ്യടക്കി വെച്ചിരുന്ന ചെരുപ്പ് കട ഒഴിപ്പിച്ചതിന്റെ വിരോധം തീര്‍ക്കാന്‍, മേല്‍പ്പാലത്തിന്റെ മറ പിടിച്ച് ഇയാള്‍ നടത്തുന്ന കുരുട്ട് തന്ത്രവും ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. ബദ്‌രിയ്യ ജുമാമസ്ജിദിന്റെ കത്താണ് മേല്‍പ്പാലത്തിന് തടസ്സമെന്ന് വരുത്തി തീര്‍ത്തവര്‍ ഒടുവില്‍ കണ്ടെത്തിയ കഥ ജമാഅത്ത് പ്രസിഡണ്ടിനെ ചിത്താരി ലോബി തെറ്റിദ്ധരിപ്പിച്ച് ലെറ്റര്‍ ഹെഡ്ഡ് കൈക്കലാക്കിയെന്നാണ്. ജമാഅത്ത് പ്രസിഡണ്ട് പി എം ഹസ്സന്‍ ഹാജി പതിറ്റാണ്ടുകളായി കാഞ്ഞങ്ങാട്ടെ പൊതുരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ്. വസ്ത്ര വ്യാപാര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ആളുമാണ്. ആര്‍ക്കെങ്കിലും തെറ്റിദ്ധരിപ്പിക്കാനോ സ്വാധീനിച്ച് വശപ്പെടുത്തുവാനോ കഴിയുന്ന ആളാണ് ഹസ്സന്‍ ഹാജിയെന്ന് ആരും പറയില്ല. അഥവാ ഇനി ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് പൊതുസമൂഹത്തിന് മുമ്പാകെ വെളിപ്പെടുത്താനുള്ള ബാധ്യതയും അദ്ദേഹത്തിനുണ്ട്. ജമാഅത്ത് പ്രസിഡണ്ട് പി എം ഹസ്സന്‍ ഹാജിയോ, സെക്രട്ടറി സി എച്ച് ആലിക്കുട്ടി ഹാജിയോ, ട്രഷറര്‍ കൂളിക്കാട് അബ്ദുള്‍ ഖാദര്‍ ഹാജിയോ ഒരിക്കലും ലീഗിലെ 'ചിത്താരി ലോബി'യുടെ സ്വന്തക്കാരല്ല. മറിച്ച് മേല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ എ ഹമീദ് ഹാജി പ്രസിഡണ്ടായ കാഞ്ഞങ്ങാട് മുസ്ലിം യത്തീംഖാനയുടെ ഭാരവാഹികളും സജീവ പ്രവര്‍ത്തകരുമാണ്. ആരെങ്കിലും തെറ്റിദ്ധരിപ്പിച്ച് ജമാഅത്ത് ലെറ്റര്‍ഹെഡ്ഡ് തട്ടിയെടുത്തിട്ടുണ്ടെങ്കില്‍ സഹപ്രവര്‍ത്തകനായ ആക്ഷന്‍ കമ്മിറ്റി കണ്‍വീനറെയെങ്കിലും വിവരം ധരിപ്പിക്കാന്‍ ജമാഅത്ത് ഭാരവാഹികള്‍ക്ക് കഴിയുമായിരുന്നു. മാത്രമല്ല 'ഇല്ലാത്ത പള്ളി പൊളിയുമെന്ന് പറഞ്ഞ് പാലം പണി തടസ്സപ്പെടുത്തിയാല്‍ പടച്ചവന്‍ പൊറുക്കില്ലെന്ന് 'രണ്ടുമാസം മുമ്പ് ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ വികാരഭരിതനായി പറഞ്ഞത് ആക്ഷന്‍ കമ്മിറ്റിയുടെയും യത്തീംഖാനയുടെയും പ്രവര്‍ത്തകനായ സുറൂര്‍ മൊയ്തു ഹാജിയാണ്. ജമാഅത്ത് കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ച് ചിത്താരി ലോബി ഇങ്ങനെയൊരു കത്ത് കൈക്കലാക്കിയിട്ടുണ്ടെങ്കില്‍ അന്നത്തെ യോഗത്തിലെങ്കിലും ജമാഅത്ത് ഭാരവാഹികള്‍ക്ക് അത് വെളിപ്പെടുത്താമായിരുന്നു. മേല്‍പ്പാലം അട്ടിമറിക്കാന്‍ നിയമത്തിന്റെ നൂലിഴകള്‍ ചികഞ്ഞെടുത്ത കാഞ്ഞങ്ങാട്ടെ പ്രമുഖ അഭിഭാഷകനും ആരുടെ അടുപ്പക്കാരനാണെന്ന് ജനത്തിനറിയാം. ഇദ്ദേഹം ആക്ഷന്‍ കമ്മിറ്റിയുടെ സമരപരിപാടികളിലൊന്നും മുഖം കൊടുക്കാതെ കാണാമറയത്ത് കഴിയുന്നതിന്റെ പൊരുളും ജനത്തിന് പിടികിട്ടി തുടങ്ങിയിട്ടുണ്ട്. മേല്‍പ്പാലത്തിനെതിരെ വിവാദ പത്രം ആരോപിക്കുന്ന ലീഗിലെ 'ചിത്താരി ലോബി' യാതൊരു വിധ തുരങ്കവും വെച്ചിട്ടില്ലെന്ന വസ്തുത മറച്ചുപിടിച്ച് പാലം ഒരിക്കലും വരാതിരിക്കാന്‍ അച്ചാരം വാങ്ങിയ പത്രാധിപരും സന്തത സഹചാരിയായ കളങ്കിതനും നടത്തുന്ന ഗൂഡാലോചനയുടെ തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്ന് ഉറപ്പ്..

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com