പാസ്‌പോര്‍ട്ട് പോയി; വിമാനത്താവളത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരി മരിച്ചു

on Oct 11, 2010

ദുബായ്: ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് മസ്‌കറ്റ് വിമാനത്താവളത്തില്‍ അഞ്ചുദിവസം കുടുങ്ങിക്കിടന്ന ഇന്ത്യക്കാരി ഹൃദയാഘാതംമൂലം മരിച്ചു. കടുത്ത മാനസികസംഘര്‍ഷമാണ് മരണകാരണം എന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നത്. മസ്‌കറ്റില്‍നിന്നും ദോഹവഴി ചെന്നൈയിലേക്ക് തിരിച്ച നാല്‍പതുകാരിയായ ബീവി ലുമാദയാണ് വഴിയില്‍ കുടുങ്ങിയത്. ദോഹ വിമാനത്താവളത്തിലിറങ്ങിയപ്പോഴാണ് ഇവരുടെ പാസ്‌പോര്‍ട്ട് കാണാതായത്. ഇതേത്തുടര്‍ന്ന് ഇവരെ മസ്‌കറ്റിലേക്ക് തിരിച്ചയച്ചു. വീട്ടുജോലിക്കാരിയായി ജോലിനോക്കിയിരുന്ന ബീവിയുടെ ഒമാന്‍വിസ നേരത്തേ റദ്ദാക്കിയിരുന്നു. അതുകൊണ്ട് വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാനായില്ല. പാസ്‌പോര്‍ട്ട് ഇല്ലാത്തതുകൊണ്ട് വേറെ വിമാനത്തില്‍ കയറാനുമായില്ല. മസ്‌കറ്റ് വിമാനത്താവളത്തിലെ യാത്രക്കാര്‍ക്കുള്ള കാത്തിരിപ്പുകേന്ദ്രത്തില്‍ ഹോട്ടലുകളൊന്നുമില്ല. ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍ നല്‍കിയ ഭക്ഷണവും പുതപ്പും കൊണ്ടാണ് ഇവര്‍ അഞ്ചുദിവസം തള്ളിനീക്കിയത്. സംഭവം ഇവര്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായി വിമാനത്താവള അധികൃതര്‍ പറഞ്ഞു. എന്നാല്‍, എംബസിയില്‍നിന്ന് ആരും അവരെ കാണാന്‍ വന്നില്ല. അതേസമയം, പുറത്തുകടക്കുന്നതിനുള്ള പാസ് നല്‍കാന്‍ എംബസി ഉദ്യോഗസ്ഥര്‍ എത്തുന്നതിന് തൊട്ടുമുമ്പാണ് ബീവി മരിച്ചതെന്നാണ് ഇന്ത്യന്‍ അംബാസഡര്‍ അനില്‍ വാധ്യ പറയുന്നത്. നടപടിക്രമങ്ങളിലെ കാലതാമസം കാരണമാണ് എംബസിയില്‍ നിന്നാര്‍ക്കും വിമാനത്താവളത്തില്‍ എത്താനാകാഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com