കാഞ്ഞങ്ങാട് മാലിന്യം ചീഞ്ഞളിയുന്നു; ജനം രോഗഭീതിയില്‍

on Oct 11, 2010

കാഞ്ഞങ്ങാട്: നാടാകെ പടരുന്ന വിവിധ തരം പനികളെ പ്രതിരോധിക്കാന്‍ മറുമരുന്നുമായി നടക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ശ്രദ്ധയ്ക്ക്, കാഞ്ഞങ്ങാട് നഗരസഭയുടെ കോട്ടച്ചേരിയിലെ മല്‍സ്യമാര്‍ക്കറ്റിലേക്ക് ഒന്നു കണ്ണോടിക്കുക. മാധ്യമങ്ങള്‍ എഴുതി എഴുതി പഴകിയ വാര്‍ത്തയാണെങ്കിലും ഓരോ മഴക്കാലത്തും വേനല്‍ക്കാലത്തും കോട്ടച്ചേരി മല്‍സ്യമാര്‍ക്കറ്റ് ജനങ്ങളുടെ ജീവന് ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. മാര്‍ക്കറ്റില്‍ നിന്നുള്ള വെള്ളമൊഴുക്കി വിടാന്‍ ശാസ്ത്രീയമായ സംവിധാനം ഇല്ലാത്തത് തന്നെയാണ് നഗരവാസികളുടെ ജീവനു തന്നെ ഭീഷണിയാകുന്ന വിധത്തില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നതിന് കാരണം. മല്‍സ്യമാര്‍ക്കറ്റ് കോടികള്‍ ചെലവിട്ട് നവീകരിച്ചപ്പോഴും ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് നടപടിയായില്ല. ബയോഗ്യാസ് പ്ളാന്റ് സ്ഥാപിച്ചെങ്കിലും പ്രവര്‍ത്തനക്ഷമമാകാത്തത് മാര്‍ക്കറ്റിനെ കൊതുകു വളര്‍ത്തല്‍ കേന്ദ്രമാക്കി. മാര്‍ക്കറ്റില്‍ തന്നെയുള്ള ചിക്കന്‍ സ്റ്റാളുകളില്‍ നിന്നുള്ള മാലിന്യങ്ങളും മീന്‍കഴുകിയ വെള്ളവുമെല്ലാം ഒഴുകിയെത്തുന്നത് മാര്‍ക്കറ്റിനു സമീപത്തെ വെള്ളക്കെട്ടിലാണ്.
കനത്ത മഴ പെയ്താല്‍ മീന്‍ വാങ്ങാനായി മാര്‍ക്കറ്റില്‍ എത്തുന്നവര്‍ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. രാവിലെയെത്തി സന്ധ്യയോടെ മാര്‍ക്കറ്റില്‍ നിന്ന് മടങ്ങുന്ന സ്ത്രീകളുള്‍പ്പെടെയുള്ള മല്‍സ്യത്തൊഴിലാളികളും രോഗഭീഷണിയിലാണ് ഓരോ ദിനവും തള്ളി നീക്കുന്നത്. സമീപത്തെ ഷോപ്പിങ് കോംപ്ളക്സിലെ വ്യാപാരികളും മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥയുടെ ദുരിതം പേറേണ്ടി വരുന്നു.നഗരമധ്യത്തിലെ മല്‍സ്യമാര്‍ക്കറ്റിന്റെ ദുരവസ്ഥയ്ക്ക് ശാശ്വത പരിഹാരമായി ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനം ഒരുക്കാന്‍ അധികൃതര്‍ തയാറായില്ലെങ്കില്‍ നഗരവാസികളുടെ ജീവന്‍ തന്നെ അപകടത്തിലാകുമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. അത്രയേറെ വൃത്തിഹീനമായിരിക്കുകയാണ് മല്‍സ്യമാര്‍ക്കറ്റ് ഇപ്പോള്‍.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com