ഈത്തപ്പഴക്കുരുവില്‍ റസാഖ്‌ ജീവിതം കോര്‍ക്കുന്നു

on May 16, 2010

കാഞ്ഞങ്ങാട്‌: ഈത്തപ്പഴക്കുരുവില്‍ തസ്‌ബിഹ്‌ മാല കൊരുത്ത്‌ കൊളവയലിലെ അബ്‌ദുല്‍ റസാഖ്‌ എന്ന 39 കാരന്‍ മദ്ധ്യ പൗരസ്‌ത്യദേശത്തെ വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ചു മുന്നേറുന്നു. അടിമുടി ഉപയോഗയോഗ്യമെന്ന്‌ തെങ്ങിനെ വാഴ്‌ത്തിയിരുന്ന നമുക്കിനി മണലാരണ്യത്തിലെ മധുരക്കനിയായ ഈത്തപ്പഴ ത്തെയും ഈ ഗണത്തില്‍പെടുത്താമെന്ന്‌ അബ്‌ദുല്‍ റസാഖ്‌ സാക്ഷ്യപ്പെടുത്തുകയാണ്‌. മധുരം നുണഞ്ഞ ശേഷം അലക്ഷ്യമായി പുറന്തള്ളിയിരുന്ന ഈത്തപ്പഴക്കുരുക്കള്‍ ഭക്തന്മാരുടെ കൈകളില്‍ മന്ത്രോച്ചാരണത്തിനൊത്തു മറിയുന്ന തസ്‌ബീഹ്‌ മണികളായി രൂപാന്തരപ്പെടുത്താന്‍ കഴിഞ്ഞതില്‍ പ്രവാസിയായ റസാഖിന്‌ പറഞ്ഞറിയിക്കാനാകാത്ത സംതൃപ്‌തിയുണ്ട്‌. ഈത്തപ്പഴക്കുരുക്കള്‍ മുറിച്ച്‌ മണികളാക്കി അരികുകള്‍ മിനുസപ്പെടുത്തി ദ്വാരമുണ്ടാക്കി പ്രത്യേകതരം നൂലില്‍ കോര്‍ത്ത തസ്‌ബീഹ്‌ മാലകള്‍ അജാനൂര്‍ ഇഖ്‌ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന്‌ സമീപമുള്ള കെട്ടിടത്തിലെ റസാഖിന്റെ ഉടമസ്ഥഖതയിലുള്ള അല്‍ തസ്‌ബീഹ്‌ ഇന്‍ഡസ്‌ട്രീസില്‍ നിരനിരയായി തൂങ്ങിക്കിടക്കുന്നത്‌ ആരെയും ആകര്‍ഷിക്കും.
ഈത്തപ്പഴക്കുരുകള്‍ ഒരാഴ്‌ചക്കാലം വെള്ളത്തില്‍ കുതിര്‍ത്ത്‌ പുറത്തെടുത്ത ശേഷമാണ്‌ മണികളാക്കുന്ന ജോലി തുടങ്ങുന്നത്‌. റസാഖ്‌ തന്നെ രൂപകല്‍പ്പന ചെയ്‌ത കൊച്ചുകൊച്ചു യന്ത്രങ്ങള്‍ വഴിയാണ്‌ മുറിക്കലും ദ്വാരമുണ്ടാക്കലും മിനുസ്സപ്പെടുത്തലും പോളിഷിംഗും നടത്തുന്നത്‌. റസാഖിനൊപ്പം 15 യുവതികള്‍ ഈ ജോലിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌. ഒരു കുരുവില്‍നിന്ന്‌ അരികുകള്‍ മുറിച്ചു മാറ്റിയാല്‍ ഒരു മണികിട്ടും. മണികള്‍ അവസാനിക്കുന്നിടത്തുള്ള വലിയ മണികള്‍ അഞ്ചോ ആറോ കുരുക്കള്‍ മുറിച്ചാണുണ്ടാക്കുന്നത്‌. 33 ഉം 99 ഉം മണികളുള്ള മുന്നൂറോളം തസ്‌ബീഹ്‌ മാലകള്‍ ഇപ്പോള്‍ സ്റ്റോക്കുണ്ട്‌. 4444 മണികളുള്ള ഒരു ഭീമന്‍ മാല പണിയണമെന്ന ആഗ്രഹം മനസ്സിലുള്ളതായി റസാഖ്‌ പറഞ്ഞു.
മുഖ്യമായും അറബ്‌ നാടുകളിലെ വിപണിയാണ്‌ റസാഖ്‌ പ്രതീക്ഷിക്കുന്നത്‌. വിലയും ഏതാണ്ട്‌ അറബി രാജ്യങ്ങള്‍ക്കൊത്തതു തന്നെ. മൊത്തമായി ഒരെണ്ണത്തിന്‌ അമ്പതു റിയാല്‍ എന്ന തോതില്‍ വിദേശത്തേക്കു കയറ്റി അയക്കാനാണ്‌ ഉദ്ദേശം. നാട്ടില്‍ ഇതിന്‌ ഏതാണ്ട്‌ ആറുനൂറു രൂപ വിലവരും. ഈത്തപ്പഴവുമായി ആത്മബന്ധമുള്ള അറബികള്‍ക്ക്‌ മാത്രമേ ഈത്തപ്പഴക്കുരുവിന്റെ തസ്‌ബീഹ്‌മാലയുടെ മഹത്വമറിയൂ എന്നാണ്‌ റസാഖിന്റെ പക്ഷം. ഇത്‌ വെറുതെ പറയുന്നതുമല്ല. നാലുവര്‍ഷം യു.എ.ഇ.യിലായിരിക്കെ ദുബൈ ലിവയില്‍ നടന്ന ഈത്തപ്പഴം ഫെസ്റ്റില്‍ റസാഖ്‌ നിര്‍മ്മിച്ച തസ്‌ബീഹ്‌ മാലക്ക്‌ രണ്ടാം സമ്മാനം ലഭിച്ചത്‌ ഉദാഹരണമായി എടുത്തുകാട്ടുന്നു അദ്ദേഹം.
ദുബൈ, സൗദി അറേബ്യ, കുവൈത്ത്‌ എന്നിവിടങ്ങളില്‍ തസ്‌ബീഹ്‌ മാലകള്‍ക്ക്‌ വൈകാതെ വിപണി ഉണ്ടാകും. ഇത്‌ സംബന്ധിച്ച ആലോചനകള്‍ പൂര്‍ത്തിയായിട്ടുണ്ട്‌.ഇയ്യിടെ കാഞ്ഞങ്ങാട്‌ സന്ദര്‍ശിച്ച ഒരു അറബ്‌ പ്രമുഖന്‍ സ്ഥാപനത്തിലെത്തി അഭിനന്ദിച്ചതും സഹായം വാഗ്‌ദാനം ചെയ്‌തതും റസാഖിന്‌ പ്രചോദനമായിട്ടുണ്ട്‌. ഈത്തപ്പഴക്കുരുക്കള്‍ മൊത്തമായി തമിഴ്‌നാട്ടിലെ ട്രിച്ചിയില്‍നിന്നും കോഴിക്കോട്ടു നിന്നുമാണ്‌ എത്തിക്കുന്നത്‌. മണികളുണ്ടാക്കുന്നതിനു റസാഖ്‌ നിര്‍ദ്ദേശിച്ച പ്രകാരമുള്ള ഒരുയന്ത്രം ബനാറസില്‍നിര്‍മ്മിച്ചുവരുന്നുണ്ട്‌. യന്ത്രം എത്തുന്നതോടെ നിര്‍മ്മാണം വിപുലീകരിക്കാനും ഉദ്ദേശമുണ്ട്‌. മാലകളുടെ ഡിസൈനിംഗില്‍ റസാഖിനെ തുണക്കുന്നത്‌ ബന്ധുകൂടിയായ ഷാക്കിര്‍ ഇട്ടമ്മലാണ്‌.

1 comments:

panchoni.com said...

great news..and interesting to read.. best wishes rasak bhai..and thanks shafi

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com