കാഞ്ഞങ്ങാട്ട് റിയല്‍ എസ്റേറ്റ് മാഫിയ പിടിമുറുക്കി

on May 25, 2010

കാഞ്ഞങ്ങാട്: 'പാമ്പുകള്‍ക്ക് മാളമുണ്ട് പറവകള്‍ക്ക് ആകാശമുണ്ട് മനുഷ്യപുത്രന് തലചായ്ക്കാന്‍ മണ്ണിലിടമില്ല' എന്ന ഗാനത്തിന് ഒരു തിരുത്ത്. ദരിദ്രനായ മനുഷ്യപുത്രന് തലചായ്ക്കാന്‍ ഇനി മണ്ണിലിടം ബാക്കിയില്ല. റിയല്‍ എസ്റേറ്റ് മാഫിയ അത്രയ്ക്ക് ശക്തമാണ് നാട്ടില്‍. എവിടെ പുതിയ സ്ഥാപനങ്ങള്‍ വരുന്നുവോ ? അവിടങ്ങളിലെ മണ്ണ് വാങ്ങികൂട്ടും. ബിനാമി പേരുകളില്‍. സ്ഥാപനങ്ങള്‍ എവിടെ വേണമെന്നും തീരുമാനിക്കുന്നത് റിയല്‍ എസ്റേറ്റ് മാഫിയയാണെന്നതാണ് സത്യം. രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങി സമൂഹത്തിലെ ഉന്നത ശീര്‍ഷര്‍ അണിചേരുന്ന റാക്കറ്റിനോട് പാവപ്പെട്ടവന്‍ എന്തുചെയ്യാന്‍. കേന്ദ്രസര്‍വ്വകലാശാല വരാന്‍ സാധ്യതയുള്ള പെരിയ, കരിന്തളം, കാസര്‍കോട് എന്നിവടങ്ങളില്‍ ഭൂമി കച്ചവടമായി കഴിഞ്ഞു. ഐ.ടി.ഐയും, നേഴ്സിംഗ് കോളേജ് എന്നിവ വരുന്ന മടിക്കയിലെ എരിക്കളം, ഗുരുവനം എന്നിവടങ്ങളില്‍ ഭൂമി പലരും സ്വന്തമാക്കി. വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ. അലാമിപള്ളിയില്‍ ഇനി സാധാരണകാരന് കൂരകെട്ടാന്‍ അഞ്ച് സെന്റ് സ്ഥലം പോലും കിട്ടില്ല. കാരണം പുതിയ ബസ് സ്റാന്റ് വരുന്നതിനു മുമ്പേ റിയല്‍ എസ്റേറ്റുകാര്‍ എല്ലാം വാങ്ങി.
കെ.എസ്.ആര്‍.ടി.സി ബസ് സബ് ഡിപ്പോ വരുന്ന ചെമ്മട്ടംവയലിലും സ്ഥിതി മറിച്ചല്ല. തീദേശത്ത് ടൂറിസം വികസന സാധ്യത കണ്ട് പൊന്നും വിലയ്ക്കാണ് ചിലര്‍ ബിനാമി ഭൂമി വാങ്ങികൂട്ടിയത്. രാഷ്ട്രീയക്കാരും ഉദ്യാഗസ്ഥ മേധാവികളും ചേര്‍ന്ന റാക്കറ്റ് തന്ത്രങ്ങളും കുതന്ത്രങ്ങളും ഉപയോഗിച്ചാണ് ഭൂമി സ്വന്തമാക്കുന്നത്. രജിസ്റാര്‍ ഓഫീസിലെ ടോക്കണ്‍ സമ്പ്രദായമുപയോഗിച്ച് ഇവരെ സഹായിക്കാന്‍ ബ്രോക്കര്‍മാരുമുണ്ട്. തൂവെള്ള വേഷമാണ് ഇക്കൂട്ടരുടേത്. വരാന്‍ സാധ്യതയുള്ള സ്ഥാപനത്തോടു ചേര്‍ന്ന സ്ഥലം ആദ്യം പൊന്നും വിലയ്ക്ക് വാങ്ങുന്നു. പിന്നീട് സ്ഥാപനം വരുന്നതോടെ അതിനോട് ചേര്‍ന്ന സ്ഥലം റിയല്‍ എസ്റേറ്റുകാര്‍ക്കു വില്‍ക്കുകയല്ലാതെ സാധാരണകാരന് രക്ഷയില്ല. അതും അവര്‍ പറയുന്ന വിലയില്‍. അറിവ് ഒരു ആയുധമാണെന്ന് മഹാത്മാക്കള്‍ പറഞ്ഞിട്ടുണ്ട്. എല്ലാം നേരത്തെ അറിയുന്നവന്‍ അത് ആയുധമാക്കുകയാണ്. നിസ്സഹായരായ സഹജീവികളുടെ ജീവിതത്തിനു നേര്‍ക്ക്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com