ഇത്തവണ നാട്ടില്‍ പോയപ്പോള്‍ മറക്കാന്‍ പറ്റാത്തത് എന്നു പറയാവുന്ന അനുഭവം ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കലാലയത്തില്‍ ഒരുമിച്ച് കളിച്ചും ചിരിച്ചും, സമരം ചെയ്തും, അടി കൂടിയും., ലൈൻ അടിച്ചും , പാര വെച്ചും, ബ്രോക്കെർ പണി എടുത്തും, കുസൃതി കാണിച്ചും വളര്‍ന്ന പഴയ കൂട്ടുകാരെ കണ്ടതായിരുന്നു. നാട്ടിൽ എത്തിയ ഉടനെ അതിന്റെ ശ്രമങ്ങൾ, സഹായത്തിനു ഷാർജയിൽ നിന്ന് ഫോണിലൂടെ ജയനും, സജിയിലൂടെ തുടങ്ങാം എന്ന് കരുതി, ഇരുപതു വര്ഷത്തിനു ശേഷം എന്റെ ശബ്ദം കേട്ട പാടെ അവനു തിരിച്ചറിഞ്ഞു. പിന്നെ ഒറ്റ ശ്വാസത്തിൽ പലതും പറഞ്ഞു. കൂടുതലും പെണ് പിള്ളാ രേക്കുരിച്ചു. അവരൊക്കെ എവിടെയോ ആവോ.
എന്നെ കാണാനായി അവൻ ഇന്നോവാ കാറിൽ വീട്ടിലെത്തി. അവിടെ നിന്ന് വര്‍ഷങ്ങള്‍ പുറകിലേക്കുള്ള യാത്രയില്‍ സജിയും അവന്‍റെ ഭാര്യ ജെസിയും ഉണ്ടായിരുന്നു ഒപ്പം.യാത്രയിലുടനീളം പറഞ്ഞറിയിക്കാന്‍ പറ്റാത്ത എന്തൊക്കെയോ വികാരങ്ങള്‍ മനസിനുള്ളില്‍ നിന്നു വിങ്ങുന്നുണ്ടായിരുന്നു.
പാക്കത്ത് നിന്നാണ് യാത്ര ആരംഭിച്ചത്. നേരെ ജയന്റെ വീട്ടിലേക്ക് വച്ചുപിടിച്ചു.ഊഷ്മളമായിരുന്നു അവരുടെ സ്വീകരണം, ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷമായിട്ടുപോലും ജയന്റെ അമ്മ പഴയ പോലെതന്നെ. ഞാൻ അമ്മയെ പ്പോലെ കാണുന്ന അവരെ ഇടക്ക് ഞാൻ കാണാൻ പോവാറുണ്ട്. ഞങ്ങളെ മറക്കാതെ അവർ ഞങ്ങളുടെ കോളേജിലെ പലരെയും ഇന്നും ഓര്‍ക്കുന്നു എന്നത് ശരിക്കും അത്ഭുതപ്പെടുത്തി.ജയന്‍ ഇപ്പോള്‍ ഷാര്‍ജയിലാണ്.ജയന്‍റെ ഭാര്യയും രണ്ടു മക്കളും വീട്ടിലുണ്ടായിരുന്നു.പിന്നെ ഓണത്തിനു ആദ്യമായി എനിക്കു ഓണസദ്യ തന്ന ചിത്രേച്ചി , ,ഉഷേച്ചി.എല്ലാവരും ഞങ്ങളെ ഏറ്റവും സ്നേഹത്തോടെയാണ് വരവേറ്റത് .അവിടെ നിന്നും യാത്ര പറഞ്ഞു ഇറങ്ങുമ്പോള്‍ പെരുത്തു സന്തോഷമായിരുന്നു മനസ്സില്‍ നിറയെ.
അടുത്ത യാത്ര പെരിയയിലേക്കായിരുന്നു.പണ്ട് നടന്നുതിമിര്‍ത്ത വഴികളിലൂടെ വീണ്ടും ഒരു യാത്ര., വീടുകൾ വര്‍ദ്ധിച്ചിരിക്കുന്നു. ചുവന്ന മണ്‍ റോഡുകൾക്ക് പകരം കറുത്ത താർ റോഡുകൾ.എപ്പോഴും മനോഹരമായി പുഞ്ചിരിക്കുന്ന പുഷ്പലതയുടെ വീട്ടിലേക്കാണ് പോയത്.അവിടെ അവളുടെ അച്ഛന്‍ , പരിചയപ്പെടുത്തിയപ്പോൾ ഞങ്ങളെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്തു.പുഷ്പലത ഇപ്പോള്‍ ഷാര്‍ജയിലാണ്.അവളോട് ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു സന്തോഷം നിറഞ്ഞ പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ചു. പുഷ്പലതയുടെ വീട് മനോഹരം തന്നെ. ഞങ്ങള്ക്ക് ഒരു പാട് ഇഷ്ടമായി. അവളുടെ ഹസ് ഷാർജയിൽ ബിസിനസ് മാൻ. കാണാം എന്നാ പതീക്ഷത്തിൽ അദ്ദേഹവും.
കോളേജിലെ ബ്യൂട്ടി ആയിരുന്നു സുനിത. കീക്കാനത്ത് പഴയ വീട്ടിലേക്ക് പോയി. മുന്പും ഞാനവിടെ പോയിട്ടുണ്ട്. പക്ഷെ കാലത്തിന്റെ മാറ്റം വീട് കണ്ടു പിടിക്കാൻ പ്രയാസപ്പെടുത്തി. ഞങ്ങൾ കയറിയ വീട്ടിലെ പ്രായമുള്ള മനുഷ്യൻ സുനിതയെ കണ്ടെത്താൻ ഞങ്ങളെ സഹായിച്ചു. സുനിത അവിടെ നിന്ന് വീട് മാറി കാഞ്ഞങ്ങാടാണ് ഇപ്പോള്‍ എന്നറിഞ്ഞു. അവളുടെ ഫോണ്‍ നമ്പർ കണ്ടെത്തി വിളിച്ചു. കന്നടയും മലയാളവും മിക്സ് ചെയ്ത സുനിതയുടെ സംസാര രീതിയില്‍ കാലമിത്രയായിട്ടും ഒരു മാറ്റവും ഇല്ല. മുത്തൂറ്റ് ഫിനാൻസിൽ ആണ് അവള്‍ക്ക് ജോലി.അപ്രതീക്ഷിതമായി ഉണ്ടായ കൂടിക്കാഴ്ചയില്‍ അവളും
സന്തോഷം കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലായിപ്പോയി .
കിഴക്കും കരയിൽ ശ്രീലതയുടെ വീട്ടിലാണ് പിന്നീട് പോയത്. എനിക്ക് കുറെ നോട്സ് എഴുതി തന്നിട്ടുണ്ട് അവൾ. ഞങ്ങൾ എത്തുന്നതിനു കുറച്ച മുന്‍പ് അവൾ ഭർത്താവിന്റെ നാട്ടിലേക്ക് പോയിരുന്നു. കണ്ണൂര് . ഫോണിലൂടെ ബന്ധപ്പെട്ടപ്പോള്‍ കാണാൻ പറ്റാത്ത നിരാശ.പിന്നീടെപ്പോഴെങ്കിലും കാണാമെന്നു തീരുമാനിച്ചു . എന്നോട് ഒരു സഹോദരനോടുള്ള സ്നേഹമായിരുന്നു അന്നവൾക്ക്.
പിന്നെ.
ക്ലാസ്സിലെ ഏറ്റവും നീളം കൂടിയ അനിതയെ വിളിച്ചു പിന്നീട് . കന്നടയാണ് ഭാഷയെങ്കിലും മലയാളം അവള്‍ക്ക് നന്നായറിയാം. വളരെ അടുത്ത സുഹൃത്തായിരുന്ന അനിത. ഞങ്ങളുടെ പേരുകള എ യിൽ തുടങ്ങുന്നത് കൊണ്ട് പരീക്ഷക്ക് അടുത്തടുത്തായിരുന്നു ഞങ്ങൾ ഇരിക്കാര്. നോക്കി എഴുത്ത് പരസ്പരം . ഇപ്പോൾ ഭര്‍ത്താവിന്‍റെ കൂടെ മംഗലാപുരത്താണ് താമസം എന്നറിഞ്ഞു .
ബേക്കലിൽ നിന്നാണ് എന്ന് പറഞ്ഞപ്പോൾ തന്നെ അവള്ക്ക് തിരിച്ചറിഞ്ഞു. സജിയും സന്തോഷത്തിൽ. പിന്നെ വിളിച്ചത് ലതേച്ചി. ഗോപൻ മാഷിന്റെ കൂടെ വയനാട്ടിൽ . ഫോണിലൂടെ സ്നേഹവും, സന്തോഷവും.അങ്ങനെ ആദ്യ ദിവസം ക്ലാസിലെ എല്ലാ ” ത ” മാരെയും കിട്ടി;പുഷ്പലത, ലത, സുനിത, അനിത, ശ്രീലത! ., എന്റെയും , സജിയുടെയും, സംസാരം ആകക്ഷയും കണ്ടു ജെസ്സി ചിരിയോ ചിരി.
രണ്ടാം ദിവസം യാത്ര ബളാല്‍ ഭാഗത്തെക്കായിരുന്നു.റബ്ബര്‍ തോട്ടങ്ങള്‍ക്കിടയില്‍ നിറഞ്ഞു പെയ്യുന്ന മഴ
ഞങ്ങളെപ്പോലെ പഴയകാല സന്തോഷങ്ങളില്‍ മനം നിറഞ്ഞു ആടിത്തിമിര്‍ക്കയാവും എന്ന് തോന്നി.വെള്ളരിക്കുണ്ടിലേക്കുള്ള വഴി. പണ്ട് ബൈക്കില്‍ ഒരുപാട് തവണ ഇതിലൂടെയെല്ലാം ചുറ്റിയടിച്ചു നടന്നിട്ടുണ്ട്.ഇവിടുത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ ഇപ്പോഴും ഓര്‍മ്മയില്‍ മിഴിവോടെയുണ്ട്.
വെള്ളരിക്കുണ്ടില്‍ സജിയുടെ ഭാര്യ ജെസി നല്ല നാടന്‍ മീൻ കറിയും തോരനും എരിശ്ശേരിയും ഒക്കെയുണ്ടാക്കി കാത്തിരിപ്പുണ്ടായിരുന്നു.വയറും മനസ്സും ഒരുപോലെ നിറഞ്ഞു. സജി അവിടുത്തെ ഒരു നാടന്‍ പ്രമാണിയാണ്. .പണ്ടും അങ്ങനെത്തന്നെയായിരുന്നു. കോളേജില്‍ എപ്പോഴും നിറഞ്ഞിരിക്കുന്ന പോക്കറ്റ് അവന്റേതു മാത്രമായിരുന്നു.അവന്‍റെ അച്ഛന്‍ മരിച്ചിട്ട് അധികസമയം ആവാത്തത് കൊണ്ട് അതിന്‍റെ ഒരു മൂകത അവിടെ ഉണ്ടായിരുന്നു.സജിയുടെ അമ്മയെയും കണ്ടു തിരിച്ചു കണ്ടു തിരിച്ചു മടക്കം.
ജിമ്മിച്ചനെയും ഷൈനിയെയും തേടിയുള്ള യാത്രയായിരുന്നു പിന്നീട്.എന്‍റെ ക്ലാസ്മേറ്റ്സ് ആയിരുന്നു രണ്ടു പേരും. പ്രണയവിവാഹമായിരുന്നു.ജിമ്മിയും ഞാനും അഞ്ചു വര്‍ഷം ഒരുമിച്ചു പഠിച്ചവരാണ്.പി.ഡി.സി മുതല്‍ ബികോം വരെ അവന്‍ എന്‍റെ കൂടെ ഉണ്ടായിരുന്നു.ബി കോം അവസാന വര്‍ഷം അവന്‍ ഷൈനിയുമായി പ്രണയത്തിലായി.രണ്ടു വീട്ടുകാരുടെയും അനുഗ്രഹത്തോടെ വിവാഹവും കഴിഞ്ഞു. സന്തോഷം വന്നാലും, ദുഖം വന്നാലും ഷൈനിയുടെ മുഖം ചുവക്കുന്നതു ഞാൻ ഇന്നും ഓർമ്മിക്കുന്നു. വഴിയില്‍ വച്ചു ഷൈനിയെ കണ്ടു.അവള്‍ക്ക് എന്നെ കണ്ടത് തികച്ചും അവിശ്വസനീയമായിരുന്നു.കണ്ടിട്ടാണെങ്കില്‍ അവള്‍ക്കെന്നെ തിരിച്ചറിയാനും ആയില്ല. ഞാന്‍ ആകെ മാറിപ്പോയെന്നു പറഞ്ഞു.
എന്ത് ചെയ്യണം എന്നറിയാതെ അവൾ. അവളുടെ വീട്ടുകാരുമായും എനിക്ക് നല്ല പരിചയമായിരുന്നു. എന്നെ കാത്തു ജിമ്മു വീട്ടില് തന്നെയുണ്ടായിരുന്നു.
പിന്നെ നേരെ പോയത് ജോര്‍ജിനെ കാണാനായിരുന്നു.ക്ലാസില്‍ എന്‍റെ തൊട്ടടുത്ത് ഇരുന്നിരുന്നവന്‍.അവന്‍റെ വീട്ടില്‍ എത്തുമ്പോള്‍ അവിടെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു.ഭാര്യയും അവനും കൂടി പള്ളിയില്‍ പോയതായിരുന്നു.നിറയെ പശുക്കള്‍ ഉള്ള വീട്.കൃഷിയാണ് അവരുടെ പ്രധാന ജോലി.
പിന്നീട് മനോജിനെ കാണാന്‍ പോയി. ഇപ്പോള്‍ ആധാരം എഴുത്തുകാരനാണ് അവന്‍.. പണ്ടേ അവന്‍റെ കയ്യക്ഷരം നല്ലതായിരുന്നല്ലോ എന്ന് ഞാന്‍ ഓര്‍ത്തു.ഭാര്യയും കുട്ടികളും അച്ഛനും അമ്മയും അനിയനും എല്ലാവരുമായി കൂട്ടുകുടുംബമാണ് അവരുടേത്.കോളേജില്‍ എന്‍റെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളൊക്കെ അവന്‍ ഓര്‍ത്തെടുത്തു പറഞ്ഞു.
അവിടുന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും ജോര്‍ജ് എത്തിയിരുന്നു എന്നെക്കാണാന്‍.പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷത്തില്‍ മനസ്സ് നിറഞ്ഞു തുളുമ്പുകയായിരുന്നു ഓരോ നിമിഷവും.
സജിക്ക് ലയണ്‍സ് ക്ലബ് മീറ്റിംഗിന് പോവേണ്ടതുണ്ടായിരുന്നതിനാല്‍ പെട്ടെന്ന് ഇറങ്ങി. വീണ്ടും കാണാം എന്ന ഉറപ്പില്‍ ഞങ്ങള്‍ കൈകൊടുത്തു പിരിഞ്ഞു.എന്നും മറക്കാന്‍ ആവാത്ത ഓര്‍മ്മകളിലേയ്ക്ക് ഇത്തിരി നേരെത്തെക്കെങ്കിലും മടങ്ങാനായതിന്‍റെ സന്തോഷത്തോടൊപ്പം ഉള്ളില്‍ എന്തെന്നറിയാത്ത ഒരു വിങ്ങല്‍ ഉണ്ടായിരുന്നു പിരിയുമ്പോള്‍..
കുവൈത്തിൽ എത്തിയ ഉടനെ ദുബായിൽ ഉള്ള രാജൻ , ഹരി, സുരേഷ് എന്നിവരെ ബന്ധപ്പെട്ടു. എല്ലാ ആളുകളെയും കണ്ടെത്തി ഒരു സംഗമം നടത്താൻ എല്ലാവര്ക്കും ആഗ്രഹം. ഷ്രമിക്കാമെന്നു ഞാനും.
വാല്ക്കഷ്ണം. : രണ്ടു സംഗമങ്ങൾ നടന്നതായി അവർ അറിയിച്ചു. ഒന്ന് ദുബായിൽ രാജൻ, ഹരി, സുരേഷ്, ജയന് എന്നിവര് ഇരുപര്ത് വര്ഷത്തിനു ശേഷം ഒന്നിച്ചിരുന്നു. നാട്ടിൽ പുഷ്പലത, അനിത, സുനിത, ശ്രീലത എന്നിവരും. എന്റെ ഫീലിങ്ങ്സ് സന്തോഷം.