തളങ്കര പറയുന്ന കഥകള്‍...

on Aug 14, 2013

W


സപ്തഭാഷാ സംഗമഭൂമി, വ്യത്യസ്ത ഭാഷയോടൊപ്പം സംസ്‌കാരവും കൂടിക്കലര്‍ന്ന കേരളത്തിന്റെ വടക്കെയറ്റത്തെ അപൂര്‍വ്വ ദേശം. ഇസ്‌ലാമിന്റെ സന്ദേശവുമായി ഇന്ത്യയിലെത്തിയ ആദ്യ സംഘത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച മണ്ണ്. അങ്ങനെ കാസര്‍കോടിന്റെ ആത്മീയ ഭൂമിയായ തളങ്കരയ്ക്ക് പറയാന്‍ നിരവധി സംഭവങ്ങളുണ്ട്.

വിശുദ്ധി പെയ്തിറങ്ങുന്ന പുണ്യദിനങ്ങളില്‍ മാലിക്ദീനാറിന്റെ ചരിതങ്ങള്‍ക്ക് നിലാവിനോളം തിളക്കമുണ്ട്. അറബികടലിനോട് തൊട്ടുരുമ്മി നില്‍ക്കുന്ന പുണ്യദര്‍ഗ്ഗയും പുരാതന പള്ളിയും ദീനിന്റെയും ദീനി സേവനത്തിന്റെയും ആയിരം കഥകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.
വിശുദ്ധ ഇസ്‌ലാമിന്റെ ഒളിമങ്ങാത്ത ദീപവുമായി കേരളക്കരയിലേക്ക് പായക്കപ്പലിലേറി വന്ന ഹസ്രത്ത് മാലിക് ഇബ്‌നു ദീനാര്‍ (റ) അന്ത്യവിശ്രമം കൊള്ളുന്ന പുണ്യ ഭൂമിയാണ് തളങ്കര. 

പ്രവാചകകാലഘട്ടത്തില്‍ തന്നെ ഇസ്‌ലാമിന്റെ പവിത്ര സന്ദേശവുമായി എത്തിയ സംഘത്തലവനായ മാലിക് ഇബ്‌നു ദീനാര്‍ നിര്‍മ്മിച്ച തളങ്കര വലിയ ജമാഅത്ത് പള്ളി ഉത്തര മലബാറിന്റെ ചരിത്രത്തില്‍ ഇടം നേടിയ അപൂര്‍വ ആരാധനാലയങ്ങളില്‍ ഒന്നായി മാറി.
അറബിക്കടലിന്റെയും ചന്ദ്രഗിരിപ്പുഴ അഴിമുഖത്തിന്റെയും പാര്‍ശ്വങ്ങളിലായി തലയുയര്‍ത്തി നില്‍ക്കുന്ന തളങ്കര വലിയ ജമാഅത്ത് പള്ളിയിലേക്കും മഖ്ബറയിലേക്കും രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ഒഴുകിയെത്തുന്നത്. 

വലിയ ജുമാമസ്ജിദിന്റെ വാതില്‍ പടിയില്‍ മൂന്നു വരികളായി എഴുതിവെച്ചതനുസരിച്ച് ഹിജ്‌റ 22 റജബ് 13 ന് തിങ്കളാഴ്ച്ചയാണ് മാലിക് ഇബ്‌ന് ദീനാര്‍ തളങ്കര ജൂമാമസ്ജിദ് സ്ഥാപിച്ചത്. മൂന്നു വര്‍ഷത്തിലൊരിക്കലാണ് ഇവിടെ ഉറൂസ് (ഓര്‍മ്മ പെരുന്നാള്‍) ആചരിക്കുന്നത്. പരമ്പരാഗതമായ ആചാരങ്ങളോടെയാണ് ഉറൂസ് നടക്കുന്നത്. 

മാലിക് ദിനാര്‍ പള്ളിയും തൊട്ടടുത്ത തളങ്കര ചിരുംബ ഭഗവതി ക്ഷേത്രവും മത സൗഹാര്‍ദത്തിന്റെ പ്രതീകമാണ.് ബാബരി മസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്ന് കാസര്‍കോട് വര്‍ഗീയ കലാപമുണ്ടായപ്പോള്‍ തളങ്കരയില്‍ ഇരു സമുദായങ്ങളും യോജിച്ച് പ്രവര്‍ത്തിച്ചത് മതസൗഹാര്‍ദ്ദത്തിന്റെ തിളങ്ങുന്ന ചിത്രമാണ്. ഈ സൗഹാര്‍ദ്ദം മാലിക് ദീനാര്‍ ഉറൂസിലും ചിരുംബക്ഷേത്ര ആഘോഷത്തിലും ഇന്നും പുലര്‍ത്തി വരുന്നുണ്ട്. 

1972 സപ്തംബര്‍ രണ്ടിന് ശേഷമാണ് മാലിക് ദീനാര്‍ പള്ളി കമ്മിറ്റിയെ വഖഫ് ബോര്‍ഡ് അംഗീകരിച്ചത്. അതിന് മുമ്പ് പള്ളിയുടെ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് മുതവല്ലിമാരായിരുന്നു.
മാലിക് ദീനാര്‍ ജുമാമസ്ജിദിന്റെ പ്രഥമ ഖാസി സ്ഥാനം വഹിച്ചിരുന്നത് മാലിക് ഇബ്‌നു ദീനാര്‍ തന്നെയായിരുന്നുവെന്നാണ് ചരിത്രം. മാലിക്ദീനാര്‍ മഖ്ബറയുടെ തെക്കു ഭാഗത്തായി അന്ത്യ വിശ്രമം കൊള്ളുന്ന ഖാസി അബ്ദുല്ല ഹാജി നാലു വര്‍ഷത്തോളം കാസര്‍കോട് ഖാസിയായി സേവനം അനുഷ്ടിച്ചിരുന്നു. അഹമ്മദ് മുസ്‌ല്യാര്‍, അബ്ദുല്‍ റഹ്മാന്‍ മുസ്‌ല്യാര്‍, അബൂബക്കര്‍ മുസ്‌ല്യാര്‍, അലി മുസ്‌ല്യാര്‍, അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍, അബ്ദുല്ല മുസ്‌ല്യാര്‍, എ.പി അബ്ദുല്‍ റഹ്മാന്‍ മുസ്‌ല്യാര്‍, ഹസ്സന്‍ മുസ്‌ല്യാര്‍ എന്നിവരും ഖാസിമാരായിരുന്നു. 1983 മെയ് 19 നാണ് ടി.കെ.എം ബാവ മുസ്‌ല്യാര്‍ ഖാസിയായി സ്ഥാനമേറ്റത്. 

വിദ്യാഭ്യാസരംഗത്തും തളങ്കര ഉയര്‍ച്ചയുടെ പടവുകള്‍ കയറുകയാണ്. 1944 ല്‍ സ്ഥാപിച്ച തളങ്കര 
ഗവ. മുസ്‌ലിം വൊക്കേഷണല്‍ സ്‌കൂളിന്റെ ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടി.
സമൂഹത്തില്‍ ഉന്നത സ്ഥാനത്തെത്തിയ നിരവധി പേര്‍ തളങ്കര സ്‌കൂളിന്റെ സന്തതികളാണ്. മുന്‍മന്ത്രി സി.ടി അഹമ്മദലി , എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ,റിട്ട. പോലീസ് കമ്മീഷണര്‍ സി.എ മുഹമ്മദ് ഇഖ്ബാല്‍, ജസ്റ്റിസ് കെ.എ മുഹമ്മദ് ഷാഫി, ഡോ.ഖമറുന്നിസ അന്‍വര്‍, യഹ്‌യ തളങ്കര, പരേതനായ കെ.എസ് അബ്ദുല്ല, സി.രാഘവന്‍, കെ.എം അഹമ്മദ് തുടങ്ങിയ നേതാക്കള്‍ തളങ്കര സ്‌കൂളില്‍ പഠിച്ചു വളര്‍ന്നവരാണ്.
തളങ്കരയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മറ്റൊരു വിദ്യാഭ്യാസ സ്ഥാപനമാണ് പള്ളിക്കാലിലെ മുഇസ്സുല്‍ ഇസ്‌ലാം എ.എല്‍.പി.സ്‌കൂള്‍. 1916 ല്‍ സ്ഥാപിതമായ ഈ വിദ്യാലയം ഇന്നും തളങ്കരയുടെ അറിവിന്റെ വിളക്കായി ജ്വലിച്ചു നില്‍ക്കുന്നു. കവി ടി. ഉബൈദ് പഠിച്ച ഈ വിദ്യാലയത്തില്‍ പിന്നീട് ഉബൈദ് ഏറെക്കാലം അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.
മാലിക്ദീനാര്‍ ജമാഅത്ത് കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മാലിക്ദീനാര്‍ ഇസ്‌ലാമിക് അക്കാദമി നിരവധി കുട്ടികള്‍ക്ക് മതവിദ്യാഭ്യാസം നല്‍കുകയാണ്. ചെമ്മാട് ദാറുല്‍ ഹുദ സിലബസ്സ് പ്രകാരമാണ് ഇവിടെ പഠനം നടക്കുന്നത്.
1955 നവംബര്‍ 25 ന് ആരംഭം കുറിച്ച തളങ്കര ദഖീറത്തുല്‍ ഉഖ്‌റ സംഘത്തിന് കീഴില്‍ 1971 ല്‍ പ്രവര്‍ത്തനം തൂടങ്ങിയ മാലിക് ദിനാര്‍ യത്തീംഖാന അനാഥ-അഗതികള്‍ക്ക് ആശ്രയമാണ്. പെണ്‍കുട്ടികള്‍ക്ക് ടൈലറിംഗ് സ്‌കൂള്‍ , കമ്പ്യൂട്ടര്‍ പരിശീലനം സ്ഥാപനത്തില്‍ നല്‍കിവരുന്നുണ്ട്. വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം കുട്ടികള്‍ക്ക് ആത്മീയ, ഭൗതിക, വിദ്യാഭ്യാസവും നല്‍കുന്നുണ്ട്.
ആതുര ശുശ്രൂഷ രംഗത്ത് ഏറെ തിളങ്ങി നില്‍ക്കുന്ന മാലിക് ദീനാര്‍ ആശുപത്രി പ്രദേശത്തുകാര്‍ക്ക് ഏറെ ആശ്രയമാണ്. പരേതനായ കെ.എസ് അബ്ദുല്ലയാണ് ഇതിന്റെ സ്ഥാപകന്‍. നഴ്‌സിംഗ് കോച്ചിംഗ്, ഫാര്‍മസി കോളജ്, നഴ്‌സിംഗ് സ്‌കൂള്‍, പ്രമെയില്‍ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.
കലാരംഗത്തും മഹത്വമാര്‍ന്ന പാരമ്പര്യം തളങ്കരയ്ക്കുണ്ട്. മാപ്പിള സാഹിത്യത്തിന് നിരവധി സംഭാവനകള്‍ നല്‍കിയ ടി.ഉബൈദ് ജനിച്ച മണ്ണാണിത്. സീതിക്കുഞ്ഞി, കെ.എം അഹമ്മദ് തുടങ്ങിയ കവികള്‍ തളങ്കരയില്‍ ജീവിക്കുകയും രചനകള്‍ കൊണ്ട് മനസ്സുകളെ സമൃദ്ധമാക്കുകയും ചെയ്തു. സര്‍ഗവാസനയുടെ ഈ മണ്ണില്‍ നിന്ന് മഹത്പ്രതിഭകളുടെ പിന്‍ഗാമിയായി പുതിയ പ്രതിഭകളും വളര്‍ന്നു വരുന്നുണ്ട്.
തളങ്കര ഗ്രാമത്തിന് മാത്രം അവകാശപ്പെടാന്‍ ഒരു തൊപ്പിക്കഥ കൂടിയുണ്ട്. വെള്ള നിറമുള്ള പരുത്തി തുണി കൊണ്ട് തൊപ്പി തുന്നിയിരുന്നത് മുസ്‌ലിംകളായ തയ്യല്‍ക്കാരായിരുന്നു. തുണി മുറിച്ച് തൊപ്പിയുടെ രൂപത്തില്‍ തയ്യ്ച്ച് സ്ത്രീകളെ ഏല്‍പ്പിക്കും. സ്ത്രീകള്‍ തൊപ്പികള്‍ സാധാരണ നാടന്‍ നൂലും സൂചിയും ഉപയോഗിച്ച് ചിത്രപ്പണികള്‍ വെച്ച് പിടിപ്പിക്കും. തളങ്കരയിലും പരിസരങ്ങളിലും ഈ വ്യവസായം ഏറെ കാലം നിലനിന്നിരുന്നു. നാല്പതുകളില്‍ പ്രദേശത്തെ പ്രധാന കുടില്‍ വ്യവസായം തൊപ്പി നിര്‍മ്മാണമായിരുന്നു. തൊപ്പി നിര്‍മ്മാണം ഇവരുടെ നല്ല വരുമാന മാര്‍ഗമായിരുന്നു. 

സ്ത്രീകള്‍ കൂട്ടമായി ചേര്‍ന്ന് സെബീനപ്പാട്ടുകളും മാലപ്പാട്ടുകളും പാടിക്കൊണ്ട് തൊപ്പി തുന്നിയിരുന്നകാലവും ഇന്ന് മണ്‍മറഞ്ഞ് പോയിരിക്കുന്നു. ഒരു കാലത്ത് തൊപ്പി വ്യവസായവും ഉരു വ്യവസായവും തളങ്കരയെ പ്രശസ്തമാക്കി. തളങ്കര തൊപ്പി വിദേശങ്ങളിലേക്ക് വ്യാപകമായി കയറ്റി അയച്ചിരുന്നു. തൊപ്പി തുന്നുന്ന സ്ത്രീക്ക് ഒരു ദിവസം ഒരണ (ആറ് പൈസ) യായിരുന്നു കൂലി. നാലു ചതുരത്തില്‍ മടക്കി രണ്ടറ്റവും മുക്കോണാകൃതിയില്‍ ഇസ്തിരി ചെയ്തും അല്ലാതെ നാടന്‍ മട്ടിലും നിര്‍മ്മിച്ച തളങ്കര തൊപ്പി മലബാറിലും വിദേശത്തും മുസ്‌ലിംകള്‍ ഏറെ ഉപയോഗിച്ച് വന്നിരുന്നു. 

റെഡിമെയ്ഡ് തൊപ്പികള്‍ വിപണിയില്‍ വ്യാപകമായതോടെയും തളങ്കരയിലേക്ക് ഗള്‍ഫ് പണം വരാന്‍ തുടങ്ങിയതോടെയും തളങ്കരയിലെ സ്ത്രീകള്‍ തൊപ്പി തുന്നുന്ന ജോലി ഉപേക്ഷിച്ചു. ഇതോടെ തൊപ്പിയുടെ കഥ ക്രമേണ മറന്നു പോയിരിക്കുന്നു. ഇപ്പോള്‍ ഒരാള്‍ മാത്രമാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. തളങ്കര ബാങ്കോട്ടെ അബൂബക്കര്‍ മുസ്‌ല്യാരാണ് ഇപ്പോഴും തൊപ്പി തുന്നി ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നത്.
കോണ്‍ക്രീറ്റ് വീടുകള്‍ വളര്‍ന്നുവരുന്നതിനുമുമ്പ് കാസര്‍കോട്ടും പരിസരങ്ങളിലുമുണ്ടായിരുന്ന വീടുകള്‍ക്ക് ഓട് നിര്‍മ്മിക്കുന്ന ഫാക്ടറിയുണ്ടായിരുന്നത് തളങ്കരയിലായിരുന്നു. വ്യവസായ ഭൂപടത്തില്‍ സ്ഥാനം പിടിച്ച ഇസ്‌ലാമിയ്യ ടൈല്‍ കമ്പനി ഇന്ന് ഓര്‍മ്മ മാത്രമാണ്. ഫിഷിംഗ് ഹാര്‍ബര്‍, പോര്‍ട്ട് ഓഫീസ്, റെയില്‍വെ സ്റ്റേഷന്‍ അടക്കമുള്ള പ്രധാന കേന്ദ്രങ്ങള്‍ തളങ്കരയിലാണ് സ്ഥിതി ചെയ്യുന്നത്.
മുസ്‌ലിം ലീഗിന് ശക്തമായ വേരോട്ടമുള്ള പ്രദേശമാണ് തളങ്കര. ഏത് പ്രതിസന്ധിഘട്ടത്തിലും ഹരിത പതാകയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച പാരമ്പര്യമാണ് തളങ്കരയിലെ ജനങ്ങള്‍ക്കുള്ളത്. നഗരസഭയിലെ പതിനൊന്ന് വാര്‍ഡുകളെ പ്രതിനിധീകരിക്കുന്നത് മുസ്‌ലിം ലീഗ് അംഗങ്ങളാണ്. ഇപ്പോഴത്തെ നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുള്ള (തളങ്കര കണ്ടത്തില്‍) വൈസ് ചെയര്‍പേഴ്‌സണ്‍ താഹിറസത്താര്‍ (തളങ്കര പള്ളിക്കാല്‍) വാര്‍ഡുകളില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. 

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com