മലയാളി പെരുമ ബ്രിട്ടന്റെ മണ്ണില്‍ ഒരിക്കല്‍ കൂടി ഉയര്‍ത്തിയ ഷംസീന BEKEL

on May 5, 2013

ആയിരക്കണക്കിന് മലയാളികള്‍ പഠിക്കാനെത്തുന്ന നാടാണ് ബ്രിട്ടന്‍. എങ്കിലും അഭിമാന വിജയം നേടിയവര്‍ അക്കൂട്ടത്തില്‍ വിരളം. എന്നാല്‍ പഠനം ബ്രിട്ടനില്‍ എത്താനുള്ള ഒരു മാര്‍ഗം മാത്രം എന്ന നിലയില്‍ കാണുന്നവര്‍ക്ക് മുന്നില്‍ പൊന്‍ തിളക്കമുള്ള മറുപടിയായി മാറുകയാണ് ബേക്കല്‍ മൗവ്വല്‍ പരയങ്ങാനം സ്വദേശിനി ഷംസീന അനീഷ്.


ബ്രിട്ടനില്‍ കാല് കുത്തി രണ്ടു വര്‍ഷത്തിനകം തന്നെ ഇത്തരമൊരു നേട്ടം സ്വന്തമായി എന്നത് കൂടുതല്‍ അഭിമാനാര്‍ഹമാകുകയാണ്. മൂന്നും നാലും വര്‍ഷം ഇവിടെ കഴിഞ്ഞിട്ടും നേരെ ചൊവ്വേ സംസാരിക്കാന്‍ പോലും പലരും ബുദ്ധിമുട്ടുന്നിടത്താണ് ഒരു വര്‍ഷത്തെ കോഴ്‌സ് അല്പം പോലും സമയം പാഴാക്കാതെ ഷംസീന യൂണിവേഴ്‌സിറ്റിയിലെ തന്നെ മികച്ച വിജയം സ്വന്തമാക്കിയത്. പഠനകാലത്ത് ശ്രദ്ധ മറ്റൊന്നിലേക്കും തിരിയാതെ എം എസ് സി ബയോ മെഡിക്കല്‍ സയന്‍സ് പരീക്ഷയില്‍ ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലെ ഉന്നത വിജയം കണ്ടെത്തിയ ഷംസീന ഈ നേട്ടത്തിലൂടെ മലയാളി പെരുമ ബ്രിട്ടന്റെ മണ്ണില്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചിരിക്കുകയാണ്.

ഇക്കഴിഞ്ഞ ജനുവരിയില്‍ അവസാനിച്ച ബാച്ചിന്റെ റിസല്‍ട്ടിലാണ് ഷംസീന മറ്റുള്ളവരെ പിന്തള്ളി വിജയം കണ്ടത്. 25 പേരുണ്ടായിരുന്ന ബാച്ചിലെ ഏക തെന്നിത്യന്‍ സാന്നിധ്യം ആയിരുന്നു ഷംസീന. യൂണിവേഴ്‌സിറ്റി ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് കൂടി പ്രയോജനപ്പെടുത്തിയാണ് ഈ യുവതി പഠനത്തിനു ആവശ്യമായ തുക കണ്ടെത്തിയത്. എന്നിട്ടും ഏഴായിരം പൗണ്ടോളം യൂണിവേഴ്‌സിറ്റി ഫീസ് ആയി അടക്കേണ്ടി വന്നു. 

കോഴ്‌സിന്റെ ആദ്യ മാസം അല്പം ബുദ്ധിമുട്ട് നേരിട്ടു എന്നതൊഴിച്ചാല്‍ പഠന കാലത്ത് ഒട്ടും പ്രയാസപ്പെടാതെ കോഴ്‌സ് സിലബസ് പിന്തുടരാന്‍ തനിക്കായി എന്ന് ഷംസീന പറയുന്നു. നാട്ടിലെ രീതികളില്‍ നിന്ന് ഏറെ വത്യസ്തമാണ് പഠന സമ്പ്രദായം എങ്കിലും അതൊരിക്കലും പ്രയാസപ്പെടുത്തുന്നതായി തനിക്കു തോന്നിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആഴ്ചയില്‍ രണ്ടു ദിവസം മാത്രം ക്ലാസ് എന്നതായിരുന്നു ഫുള്‍ ടൈം കോഴ്‌സിന്റെ പ്രത്യേകത. ലക്ചര്‍ വളരെ കുറവും. സ്വന്തമായി വിവരങ്ങള്‍ തേടിപ്പിടിച്ചു കണ്ടെത്തുന്നതുമായ രീതി ഒട്ടും പ്രയാസപ്പെടുത്തുന്നതായി തോന്നിയിരുന്നില്ല. എന്നാല്‍ ടെസേര്‍ട്ടേഷന്‍ സമയത്ത് അല്പം പ്രയാസം തോന്നിയിരുന്നു എന്നത് വാസ്തവം. ഷംസീന കൂട്ടിച്ചേര്‍ത്തു.

ചെറുപ്പം മുതലേ മികച്ച ട്രാക്ക് റെക്കോര്‍ഡ് പഠന രംഗത്ത് സൂക്ഷിക്കുന ഷംസീന പൂര്‍ണമായും ഇംഗ്ലീഷ് മീഡിയം സിലബസിലാണ് പഠിച്ചു വന്നത്. തന്നെക്കാള്‍ കൂടുതല്‍ ഇംഗ്ലണ്ടില്‍ വന്ന് പഠിക്കണം എന്ന ഭര്‍ത്താവിന്റെ സ്‌നേഹ ശാസനയാണ് ഇവിടെ എത്തിച്ചതെന്നും ഷംസീന വ്യക്തമാക്കി. ഡിഗ്രി പാസായ ഉടന്‍ പോസ്റ്റ് ഗ്രാജുവേഷന്‍ പഠിക്കാന്‍ ഇംഗ്ലണ്ടില്‍ അവസരം തേടി അന്വേഷണമായി. ഇന്റര്‍നെറ്റിലൂടെ കൃത്യമായ വിവരവും കണ്ടെത്തി. ആപ്ലിക്കേഷന്‍ അയച്ചതോടെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അനുകൂല മറുപടിയും കിട്ടി. പിന്നെല്ലാം വേഗത്തില്‍ നടന്നു. കോഴിക്കോട് ആസ്ഥാനമായ ഒരു എജന്‍സി മുഖേനെ പേപ്പര്‍ ജോലികള്‍ പൂര്‍ത്തിയാക്കിയാണ് താന്‍ ഇംഗ്ലണ്ടില്‍ എത്തിയതെന്ന് ഷംസീന പറയുന്നു.

കാഞ്ഞങ്ങാട് നെഹ്‌റു സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് കോളേജില്‍ നിന്ന് ബി എസ് സി സുവോളജിയില്‍ 89% മാര്‍ക്ക് വാങ്ങിയാണ് ഷംസീന വിജയിച്ചത്. പ്ലസ്ടുവിനും പത്താം ക്ലാസ്സിലും സമാനമായ തരത്തില്‍ തന്നെ ആയിരുന്നു വിജയം. പത്താം ക്ലാസ്സില്‍ 87 % മാര്‍ക്ക് വാങ്ങിയ ഷംസീന പ്ലസ് ടൂവില്‍ നേടിയത് 88 % മാര്‍ക്കാണ്. ഒരു കുട്ടിയെ പോറ്റുന്നതിനിടയിലും സര്‍വ്വകലാശാല തലത്തില്‍ തന്റെ ഉന്നത വിജയം കണ്ടെത്തിയതിനു പിന്നില്‍ എന്താണ് രഹസ്യം എന്ന് ചോദിച്ചാല്‍, സ്‌നേഹ നിധിയായ ഭര്‍ത്താവു കൂടെയുള്ളപ്പോള്‍ ഏതു ബുദ്ധിമുട്ടും അനായാസം തരണം ചെയ്യാമെന്നാണ് അല്പം ശബ്ദം താഴ്ത്തി ഷംസീന പറയുന്നത്. ഇനി എന്ത്? നാട്ടിലേക്കു മടങ്ങുന്നോ? ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും ഷംസീനക്ക് മുന്നില്‍ പ്രസക്തിയില്ല. കാരണം ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ തന്നെ ഗവേഷണം നടത്താന്‍ ഉള്ള സാധ്യത തിരയുക ആണ് ഈ യുവതി.

എം എസ് സിക്ക് ഗവേഷണ വിഷയം ആയിരുന്ന ആന്റി ബാക്ടീരിയല്‍ അനാലിസിസ് ആയി ബന്ധപ്പെട്ട ഏതെങ്കിലും വിഷയം കിട്ടിയാല്‍ ഒരു കൈ നോകം എന്ന നിലപാടിലാണ് ഷംസീന. മിക്കവാറും ഗവേഷണ വിഷയങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റികള്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനാല്‍ കാര്യമായ സാമ്പത്തിക പ്രതിബന്ധം കൂടാതെ തന്റെ മോഹം പൂവണിയും എന്ന പ്രതീക്ഷയും ഈ യുവതിക്കുണ്ട്.
ബേക്കല്‍ മൗവ്വല്‍ പരയങ്ങാനം എന്ന ഗ്രാമത്തി നിന്നും ലണ്ടനില്‍ എത്തി വിജയം കൊയ്‌തെടുത്ത ആവേശം പകരുന്ന ഷംസീനയുടെ ജീവിതം ഏറെ പ്രോത്സാഹനാജനകമാണ്. പരയങ്ങാനം അബ്ദുളളയുടെയും ഷാഹിദയുടെയും മകളായി പിറന്ന ഷംസീന സ്‌കൂള്‍ പഠന കാലം മുതല്‌ക്കേ എല്ലാ കാര്യത്തിലും സജീവമായി മുന്നില്‍ നിന്നിരുന്നതായി സുഹൃത്തുകള്‍ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ കുറിച്ചിട്ടിരിക്കുന്നു. നിശ്ചയ ദാര്‍ഢ്യത്തിന്റെ നിറക്കാഴ്ച ആയി മാറുന്ന ഈ പെണ്‍കുട്ടിക്ക് കരുത്തായി മാറുന്നത് ഭര്‍ത്താവ് ഇ കെ അനീഷാണ്. ലണ്ടനില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ് ഇദ്ദേഹം. ഏക മകള്‍ മൈമുന്നിസ നൗറിനും കൂടി ചേര്‍ന്നതാണ് ഷംസീനയുടെ ലോകം.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com