മഡിയന്‍ അക്രമത്തില്‍ തന്റെ പേര് വലിച്ചിഴക്കുന്നതിന് പിന്നില്‍ വന്‍ ഗൂഡാലോചന-മെട്രോ ഹാജി

on Apr 23, 2013

കാഞ്ഞങ്ങാട് : വിഷു ദിനത്തിന്റെ തൊട്ടുതലേന്ന് മാണിക്കോത്ത് മഡിയനിലെ പാലക്കി പ്രദേശത്തുണ്ടായ അക്രമസംഭവങ്ങളില്‍ പ്രതികളെ രക്ഷപ്പെടുത്താനോ ആരെയെങ്കിലും അറസ്റ്റ് ചെയ്യിക്കാനോ താന്‍ പോലീസില്‍ ഇടപെട്ടുവെന്ന രീതിയില്‍ കാഞ്ഞങ്ങാട്ടെ ലേറ്റസ്റ്റ് സായാഹ്ന പത്രവും മറ്റ് ചില കേന്ദ്രങ്ങളും നടത്തുന്ന പ്രചാരണങ്ങള്‍ ഒരു വന്‍ ഗൂഡാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി പ്രസ്താവനയില്‍ അറിയിച്ചു.മഡിയന്‍ അക്രമം എന്നല്ല കാഞ്ഞങ്ങാട്ടെ ജനങ്ങള്‍ തമ്മിലുള്ള ഒരു അസ്വാരസ്യത്തെയും നാളിതുവരെ താന്‍ പ്രോത്സാഹിപ്പിച്ചിട്ടില്ല. അക്രമികളും കലാപകാരികളും ഏത് വിഭാഗത്തില്‍പ്പെട്ടവരായാലും അവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്ന് തന്നെയാണ് തന്റെ അഭിപ്രായം. വീട് കയറിയുള്ള അക്രമത്തെയോ മതാചാരങ്ങളെ അപമതിപ്പെടുത്തുന്ന പ്രവണതകളെയോ ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് മാത്രമല്ല അത്തരക്കാര്‍ ഏത് സമുദായത്തില്‍പ്പെട്ടവരായാലും അവര്‍ക്കെതിരെ പരസ്യമായ നിലപാടുകള്‍ തന്നെയാണ് തന്റേത്. സമുദായങ്ങള്‍ തമ്മിലുള്ള ശാശ്വതമായ ഐക്യത്തിന് വേണ്ടിയാണ് കഴിഞ്ഞ കുറേക്കാലമായി താന്‍ പ്രവര്‍ത്തിച്ചുവരുന്നത്. ബഹുമാന്യരും ആദരണീയരുമായ പേജാവര്‍, ഇടനീര്‍ മഠങ്ങളിലടക്കം നമ്മുടെ നാട്ടിലെ ഹൈന്ദവ ആരാധനാലയങ്ങളില്‍ താന്‍ സ്ഥിരമായി ക്ഷണിക്കപ്പെടുന്നതും അതുകൊണ്ട് തന്നെയാണ്.പാലക്കി കലാപത്തിലും മുഖം നോക്കാതെ ശക്തമായ നിയമനടപടികള്‍ വേണമെന്ന് തന്നെയാണ് തന്റെ അഭിപ്രായം. ഈ കേസില്‍ ആരെയെങ്കിലും പ്രതിചേര്‍ക്കാനോ അക്രമികളെ രക്ഷപ്പെടുത്താനോ താന്‍ ഒരു പോലീസുകാരനിലും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. അക്രമത്തിനിരയായ ആളെ പ്രതിചേര്‍ത്ത് ജയിലില്‍ അടച്ചു എന്ന് പറയുന്ന നാളുകളിലൊന്നും താന്‍ നാട്ടില്‍ പോലുമില്ലായിരുന്നു. മഡിയന്‍ കേസില്‍ ഏതെങ്കിലും പോലീസുദേ്യാഗസ്ഥനെ വിളിച്ച് ഗൂഡാലോചന നടത്തുകയോ ആരെയെങ്കിലും പ്രതിയാക്കാന്‍ താന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് തെളിയിച്ചാല്‍ തന്റെ പൊതുജീവിതം അവസാനിപ്പിക്കാന്‍ താന്‍ തയ്യാറാണ്. മഡിയന്‍ അക്രമ സംഭവങ്ങളില്‍ കാഞ്ഞങ്ങാട്ടെ പോലീസ് ഉദേ്യാഗസ്ഥര്‍ പക്ഷപാതപരമായി പെരുമാറുന്നുണ്ടെങ്കില്‍ അത്തരക്കാര്‍ക്കെതിരെ നടപടി വേണമെന്നും പാലക്കി അക്രമം ജില്ലക്ക് പുറത്തുനിന്നുള്ള പോലീസ് ഉദേ്യാഗസ്ഥരെ കൊണ്ട് അനേ്വഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നുമാണ് തന്റെ അഭിപ്രായം. ഇക്കാര്യത്തില്‍ ആരോടൊപ്പം വേണമെങ്കിലും മുഖ്യമന്ത്രിയെ നേരില്‍ കാണാനും താന്‍ ഒരുക്കമാണ്.കഴിഞ്ഞ കുറേക്കാലമായി തന്റെ രക്തത്തിന് വേണ്ടി ദാഹിക്കുന്ന ലേറ്റസ്റ്റ് പത്രാധിപരാണ് ഈ വ്യാജ പ്രചരണത്തിന്റെ പിന്നിലെന്നത് പകല്‍ പോലെ വ്യക്തമാണ്. ജനങ്ങളുടെ സമാധാനപൂര്‍ണ്ണമായ ജീവിതത്തെ ശിഥിലമാക്കാന്‍ കഴിഞ്ഞ കുറേക്കാലമായി ഈ പത്രം നടത്തിവരുന്ന നിഗൂഢ നീക്കങ്ങളെ കുറിച്ച് കാഞ്ഞങ്ങാട്ടെ ജനതയോട് പറയേണ്ട കാര്യമില്ല. മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യവും വളര്‍ച്ചയും കടലാസില്‍ മാത്രം ഒതുങ്ങിപോയ ഈ പത്രം ഇപ്പോള്‍ നിലനില്‍പ്പിന് വേണ്ടി ഏത് ചെളിക്കുണ്ടിലേക്കും താഴ്ന്നുപോകുന്ന അവസ്ഥ ഖേദകരമാണ്. തന്റെ കാലിനടിയിലെ മണ്ണുകള്‍ മുഴുവന്‍ ഒലിച്ചുപോകുന്നത് തടയാന്‍ പത്രാധിപര്‍ കണ്ടെത്തിയ അവസാന വഴിയാണ് ഈ സാമുദായിക ധ്രുവീകരണ നീക്കമെന്നത് സംശയമില്ലാത്ത കാര്യമാണ്. പത്രാധിപരുടെ ഇത്തരം കുത്സിത നീക്കങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാന്‍ സമാധാനവും ശാന്തിയും ആഗ്രഹിക്കുന്ന പൊതുസമൂഹം തയ്യാറാകുമെന്നത് തന്നെയാണ് തന്റെ വിശ്വാസമെന്ന് മെട്രോ മുഹമ്മദ് ഹാജി പ്രസ്താവനയില്‍ അറിയിച്ചു..

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com