കാഞ്ഞങ്ങാട്-കാസര്‍കോട് പാത വികസിപ്പിക്കുമ്പോള്‍ ചിത്താരിയില്‍ പുതിയ പാലം

on May 29, 2013


കാസര്‍കോട്: കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാന പാത വികസിപ്പിക്കുമ്പോള്‍ ചിത്താരിയില്‍ പുതിയ പാലം നിര്‍മിക്കും. ഇപ്പോഴുളള പഴയ പാലത്തിന് പടിഞ്ഞാര്‍ ഭാഗത്തായാണ് പുതിയ പാലം പണിയുന്നത്. മണ്ണിടിച്ചലിനെ തുടര്‍ന്ന് ഗതാഗതതടസം പതിവായ ചളിയങ്കോട് 150 മീറ്റര്‍  നീളത്തില്‍ വയഡക്ട് കോണ്‍ക്രീറ്റ് പാലം പണിയും. ഇവിടെ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെടുന്ന ഭാഗത്ത് ഗ്യാബിയോണ്‍ ഭിത്തി നിര്‍മിച്ച് വശങ്ങള്‍ സംരക്ഷിക്കും. ഇവയുടെ നിര്‍മാണം അടക്കം മൊത്തം 133 കോടിയുടെ പാക്കേജാണ് കെ.എസ്.ടി.പി റോഡ് പദ്ധതിക്ക് അനുവദിച്ചിട്ടുള്ളത്. റോഡിന് എല്ലാവിധ ഗ്യാരണ്ടിയും ഉണ്ടെന്നും അധികൃതര്‍ വെളിപ്പെടുത്തി.

റോഡ് വികസനത്തിന് 400 മരങ്ങളാണ് മുറിച്ചു നീക്കുന്നത്. ഇതിനു പകരം സ്ഥലമുള്ള ഭാഗങ്ങളിലെല്ലാം പുതിയ മരങ്ങള്‍ നട്ടുപിടിപ്പിച്ച് പരിപാലിക്കും. പുതിയ റോഡ് നിലവില്‍ വന്നാല്‍ കാസര്‍കോട്-കാഞ്ഞങ്ങാട് ദേശീയ പാതയിലൂടെ സഞ്ചരിക്കുന്നതിനേക്കാള്‍ എട്ട് കിലോ മീറ്റര്‍ ലാഭം സംസ്ഥാന പാതയിലൂടെ സഞ്ചരിച്ചാല്‍ ഉണ്ടാകും. 2004 ലാണ് സംസ്ഥാന പാത വികസനത്തിനായി അക്വിസിഷന്‍ നടപടി തുടങ്ങിയത്.

13 വില്ലജുകളിലായി മൂന്ന് ഹെക്ടര്‍ സ്ഥലം മാത്രമാണ് പൊന്നുവിലയ്ക്ക് ഏറ്റെടുക്കേണ്ടി വന്നത്. ചില സ്ഥല ഉടമകള്‍ ഭൂമിയുടെ വിലയുടെ കാര്യത്തില്‍ കോടതിയെ സമീപിച്ചിരുന്നു. കോടതിയുടെ വിധി വന്നവര്‍ക്കെല്ലാം നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്ന് കെ.എസ്.ടി.പി അധികൃതര്‍ വെളിപ്പെടുത്തി. ബാക്കിയുള്ളവരുടെ കേസുകള്‍ തീരുന്ന മുറയ്ക്ക് നഷ്ടപരിഹാരം അനുവദിക്കും. കോടതിയിലെ കേസ് റോഡ് നിര്‍മാണത്തിന് തടസമല്ല. അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡാണ് നിര്‍മിക്കുന്നത്.

പുതിയ റോഡിന് ടോളില്ലെന്നതാണ് ജനങ്ങള്‍ക്ക് ഏറ്റവും വലിയ ആശ്വാസം. 24 മാസം കൊണ്ട് റോഡ് വികസനം പൂര്‍ത്തിയാക്കും.10 മീറ്ററായിരിക്കും റോഡിന്റെ വീതി. കാഞ്ഞങ്ങാട് നഗരത്തിലൂടെ തന്നെയാണ് റോഡ് കടന്നുപോകുന്നത്. ചന്ദ്രഗിരിയില്‍ പുതിയ പാലം ഉണ്ടാകില്ല.

Chaliyangod-Bus-1
Chaliyangod
കാസര്‍കോട് പ്രസ് ക്ലബ് ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന റോഡ് കാഞ്ഞങ്ങാട് സൗത്ത് ദേശീയ പാതയിലാണ് അവസാനിക്കുന്നത്. 27.75 കിലോ മീറ്ററാണ് റോഡിന്റെ ദൈര്‍ഘ്യം. പുതിയ 50 കള്‍വര്‍ട്ടറുകളും പുതിയ റോഡിലുണ്ടാകും.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com