Malabar Vartha about NORTH CHITHARI JAMATH

on Dec 4, 2012

കാഞ്ഞങ്ങാട്: ഫേസ്ബുക്കില്‍ ആരോ പോസ്റ്റ് ചെയ്ത ഫോട്ടോ ചൂണ്ടിയെടുത്ത് ''ജമാഅത്ത് യോഗത്തില്‍ ബഹളമുണ്ടാക്കുന്ന അംഗങ്ങള്‍'' എന്ന അടിക്കുറിപ്പോടെ പത്രം 'എക്‌സ്‌ക്ലൂസീവ്' വാര്‍ത്തയാക്കി. നോര്‍ത്ത് ചിത്താരി മുസ്ലിം ജമാഅത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തെ സംബന്ധിച്ച് കഴിഞ്ഞ രണ്ടുദിവസമായി കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കുന്ന ലേറ്റസ്റ്റ് സായാഹ്ന പത്രമാണ് ജമാഅത്തിന്റെ രഹസ്യയോഗം ''തെഹല്‍ക്ക ഓപ്പറേഷന്‍'' വഴി കിട്ടിയ ഫോട്ടോയാണെന്ന് വായനക്കാരെ വിശ്വസിപ്പിക്കാന്‍ ഫേസ്ബുക്കില്‍ നിന്ന് ഫോട്ടോ ചൂണ്ടിയെടുത്ത് പ്രസിദ്ധീകരിച്ചത്. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, പ്രസംഗിക്കുന്ന യോഗത്തില്‍ അംഗങ്ങള്‍ ബഹളം വെക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വാര്‍ത്ത നല്‍കിയത്. എന്നാല്‍ പ്രസംഗം സാകൂതം വീക്ഷിക്കുന്ന സദസ്സിനേയും, നിശബ്ദതയുടെ ആലസ്യത്തില്‍ ഇരിക്കുന്ന ജമാഅത്ത് ഭാരവാഹികളും ഉള്‍പ്പെട്ട ഫോട്ടോയി ല്‍ 'ബഹളം' കണ്ടെത്താന്‍ പത്രാധിപര്‍ ഏത് ഭൂതക്കണ്ണാടിയാണ് ധരിച്ചതെന്ന് വ്യക്തമല്ല. ഡിസംബര്‍ 1 ശനിയാഴ്ച വൈകിട്ടാണ് ജമാഅത്ത് യോ ഗം മദ്രസ ഹാളില്‍ ചേര്‍ന്നത്. യോഗം കഴിഞ്ഞയുടന്‍ രാത്രി 9 മണിയോടെ ഒരു ജമാഅത്ത് അംഗം റിത്തുഷാ എന്ന ഫേ സ്ബുക്ക് അക്കൗണ്ടില്‍ യോഗത്തിന്റെ ഒട്ടേറെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഒന്നാണ് പത്രം ചൂണ്ടിയെടുത്ത് പ്രസിദ്ധീകരിച്ചത്. നോര്‍ത്ത് ചിത്താരി ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജിക്കും, സെക്രട്ടറി സി ബി മുഹമ്മദ് ഹാജിക്കും എതിരെ രൂക്ഷ വിമര്‍ശനം എന്ന നിലയിലാണ് പത്രം രണ്ടുദിവസമായി നട്ടാല്‍ മുളക്കാത്ത കള്ളക്കഥകള്‍ പ്രസിദ്ധീകരിച്ചത്. നോര്‍ത്ത് ചിത്താരി ജമാഅത്തിന്റെ ഇന്നത്തെ പുരോഗതിയില്‍ ധിഷണാപരമായ നേതൃത്വം നല്‍കുകയും ഒരു നാടിന്റെ തന്നെ തണല്‍ മരമായി മാറുകയും ചെയ്ത ജമാഅത്ത് ഭാരവാഹികളെ ഇല്ലാത്ത കള്ളക്കഥകള്‍ പറഞ്ഞ് ആക്ഷേപിക്കുന്ന പത്രത്തിനെതിരെയാണ് യോഗത്തില്‍ യഥാര്‍ത്ഥത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. സാധാരണ അമ്പതില്‍ താഴെ മാത്രം അംഗങ്ങള്‍ പങ്കെടുക്കാറുള്ള വാര്‍ഷിക യോഗത്തില്‍ പത്രത്തിന്റെ കള്ളവാ ര്‍ത്തകള്‍ക്കെതിരെയുള്ള വികാരം പങ്കിടാന്‍ നൂറ്റമ്പതോളം അംഗങ്ങള്‍ എത്തിയിരുന്നു. ലേറ്റസ്റ്റ് നല്‍കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടപടി വേണമെന്നും പത്ര വിതരണം ചിത്താരിയില്‍ തടയണമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടപ്പോള്‍ പത്രത്തിനെതിരെ നിയമാനുസൃതമല്ലാത്ത യാതൊരു നടപടിയും സ്വീകരിക്കേണ്ടതില്ലെന്ന് പ്രസിഡണ്ട് കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതേസമയം വ്യാജ വാര്‍ത്തക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ജനറല്‍ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു. നോര്‍ത്ത് ചിത്താരി ജമാഅത്തിന്റെ കീഴില്‍ അറബിക് കോളേജിന് വേണ്ടി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പേരില്‍ ചേരിതിരിവുണ്ടെന്നാണ് പത്രത്തിന്റെ കണ്ടുപിടുത്തം. അറബിക് കോളേജ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ണ്ണമായും ജമാഅത്ത് പ്രസിഡണ്ട് നേരിട്ട് ഏറ്റെടുത്ത് നടത്തുന്ന സംരംഭമാണ്. യാതൊരുവിധ പിരിവോ ഫണ്ട് ശേഖരണമോ ഇതിന് വേണ്ടി നാളിതുവരെ നടത്തിയിട്ടുമില്ല. ജമാഅത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കുറ്റിയടിക്കല്‍ കര്‍മ്മം സ്വയം നിര്‍വ്വഹിക്കുന്നതിനെതിരെ ആക്ഷേപമുണ്ടെന്നാണ് പത്രത്തിന്റെ മറ്റൊരു കണ്ടുപിടുത്തം. മെട്രോ മുഹമ്മദ് ഹാജി നോര്‍ത്ത് ചിത്താരി ജമാഅത്തിന്റെ മാത്രമല്ല എഴുപതില്‍പരം പ്രാദേശിക ജമാഅത്തുകളുടെ കേന്ദ്ര സംഘടനയായ സംയുക്ത ജമാഅത്തിന്റെ പ്രസിഡണ്ട് കൂടിയാണ്. സംയുക്ത ജമാഅത്ത് പരിധിയില്‍ ഒട്ടേറെ ദീനി സംരംഭങ്ങള്‍ക്ക് കുറ്റിയടിക്കല്‍ കര്‍മ്മം മാത്രമല്ല ഒട്ടേറെ സ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങളും നിര്‍വ്വഹിച്ചയാളാണ് മെട്രോ. ഇവിടെ ഇതൊന്നുമല്ല പ്രശ്‌നം. ജനങ്ങള്‍ പൂര്‍ണ്ണ മനസ്സോടെ ഒറ്റക്കെട്ടായി നില കൊള്ളുന്ന നോര്‍ത്ത് ചിത്താരി ജമാഅത്ത് മഹല്ലില്‍ ഇല്ലാത്ത പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കാന്‍ ആരില്‍ നിന്നോ അച്ചാരം വാങ്ങിയാണ് പത്രം കൂരിരുട്ടില്‍ ഇല്ലാത്ത കരിമ്പൂച്ചയെ തപ്പുന്നതെന്ന് വ്യക്തം. ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ ഭേദമന്യേ സമുദായ സംഘടനകളുടെ വെണ്‍മയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പത്രവും പത്രാധിപരും നാളിതുവരേ കൈക്കൊണ്ട നിലപാട് കാഞ്ഞങ്ങാട്ടെ ജനങ്ങള്‍ക്ക് ആരും പറഞ്ഞുനല്‍കേണ്ടതില്ല. വ്യാജ വാര്‍ത്തകളെ നിറം പിടിപ്പിച്ച കഥകളാക്കി ഒട്ടേറെ കുടുംബങ്ങളുടെ കഥ കഴിക്കുകയും, പത്ര പീഢനത്താല്‍ തൂങ്ങിമരിച്ചവരേ പിന്നെ നിരന്തരം വെടിവെച്ചു കൊല്ലുകയും ചെയ്യുന്ന പ്രാകൃത മനസ്സിനുടമയുടെ ജല്‍പ്പനങ്ങള്‍ ജനം പുച്ഛിച്ചു തള്ളുമെന്ന് ഉറപ്പാണ്..

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com