നോര്‍ത്ത് ചിത്താരി ജമാഅത്തിനെതിരെ വ്യാജ വാര്‍ത്ത; യോഗത്തില്‍ പത്രത്തിനെതിരെ പ്രതിഷേധം,

on Dec 3, 2012

നോര്‍ത്ത് ചിത്താരി ജമാഅത്തിനെതിരെ വ്യാജ വാര്‍ത്ത; യോഗത്തില്‍ പത്രത്തിനെതിരെ പ്രതിഷേധം,
ചിത്താരി : നിറം പിടിപ്പിച്ച നുണക്കഥകളുമായി നോര്‍ത്ത് ചിത്താരി ഖിളര്‍ ജമാഅത്തിനെ പൊതു ജനമധ്യത്തില്‍ കരിവാരിത്തേക്കാന്‍ വ്യാജ വാര്‍ത്ത ചമച്ച ലേറ്റസ്റ്റ് പത്രത്തിനെതിരെ ജമാഅത്ത് ജനറല്‍ ബോഡിയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നു. രണ്ടുവര്‍ഷകാലാവധിയുള്ള കമ്മിറ്റിയുടെ വര്‍ഷാവര്‍ഷം ജനറല്‍ ബോഡി വിളിച്ച് ചേര്‍ത്ത് റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിക്കുകയെന്ന നിയമാനുസൃത ഉത്തരവാദിത്ത നിര്‍വ്വഹണത്തിന്റെ ഭാഗമായി കാലേക്കൂട്ടി വിളിച്ച് ചേര്‍ത്ത ജനറല്‍ ബോഡിയെ സംബന്ധിച്ച് പ്രസിദ്ധീകരിച്ച നട്ടാല്‍മുളക്കാത്ത നുണക്കഥക്കെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. പത്രത്തിന്റെ സമുദായ വിരുദ്ധ നീക്കം തിരിച്ചറിയണമെന്നാവശ്യപ്പെട്ട് നോര്‍ത്ത് ചിത്താരി ഖിള്ര്‍ ജമാഅത്തിന്റെ ഷാര്‍ജ ശാഖാ കമ്മിറ്റി ഭാരവാഹികളായ അബ്ബാസ് വലിയവളപ്പ്, സി എച്ച് റഷീദ്, സലീം ബാറിക്കാട്, സി കെ ആസിഫ്് എന്നിവര്‍ ജനറല്‍ ബോഡിയില്‍ പ്രമേയം അവതരിപ്പിച്ചു. നൂറുകണക്കിനാളുകള്‍ സംബന്ധിച്ച യോഗം തഖ്ബീര്‍ ധ്വനികളോടെ ഒറ്റക്കെട്ടായി പ്രമേയം അംഗീകരിക്കുകയും പത്രത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു. പരേതനായ ബേങ്ങച്ചേരി ഹസൈനാര്‍ ഹാജി സ്വന്തം ഉത്തരവാദിത്വത്തില്‍ ജമാഅത്തിന് വേണ്ടി ഹൗള് (വുദ്ദുഅ് ചെയ്യുന്ന ജലസംഭരണി) നിര്‍മ്മിച്ച് നല്‍കിയത് സംബന്ധിച്ച് അതിന്റെ തുക കാണുന്നില്ലെന്ന് പ്രചരിപ്പിക്കുന്ന പത്രം ഫലത്തില്‍ ഹസൈനാര്‍ ഹാജിയെത്തന്നെയാണ് അവഹേളിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. അറബിക് കോളേജിന് വേണ്ടി മസ്ജിദ് പരിസരത്ത് പണിയുന്ന കെട്ടിടം മദ്രസ മാറ്റി സ്ഥാപിച്ച് സ്വകാര്യ വ്യക്തിക്ക് നേട്ടമുണ്ടാക്കാനാണെന്ന പ്രചരണം വ്യക്തി വിദ്വേഷം പത്രത്തെ നുണയുടെ ഏതറ്റംവരെയും കൊണ്ടെത്തിക്കുമെന്ന് തെളിയിച്ചതായി പ്രമേയത്തെ സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇല്ലാത്ത നിവേദനവും വല്ലാത്ത ഭീഷണിയും പത്രാധിപരുടെ പാതിര സ്വപ്‌നത്തിലെ വിഭ്രമമായിരിക്കുമെന്നും യോഗത്തില്‍ പരാമര്‍ശങ്ങളുണ്ടായി. സമൂഹത്തിന്റെയും സമുദായത്തിന്റെയും പുരോഗതിക്ക് വേണ്ടി നന്മയാര്‍ന്ന കര്‍മ്മ പദ്ധതികളുമായി മുന്നോട്ട് പോകുന്ന വിവിധ ജമാഅത്തുകള്‍ക്കെതിരെ ഇത്തരം ഭാവനാ വിലാസങ്ങള്‍ വാര്‍ത്തയാക്കി മാറ്റുന്ന പത്രാധിപരുടെ വികലമനസ്സിന്റെ പിന്നിലെ നിഗൂഢ താല്‍പ്പര്യം തിരിച്ചറിഞ്ഞ് ഈ പത്രം നിരന്തരമായി വിസര്‍ജ്ജിച്ച് കൊണ്ടിരിക്കുന്ന കാളകൂട വിഷത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി നിയമാനുസൃത മാര്‍ഗ്ഗത്തിലൂടെ പ്രതികരിക്കണമെന്ന് യോഗം ബഹുജനങ്ങളെ ആഹ്വാനം ചെയ്തു. പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ഖത്വീബ് അഷ്‌റഫ് മിസ്ബാഹി ഉദ്ഘാടനം ചെയ്തു. റിപ്പോര്‍ട്ടും കണക്കും സി ബി താഹിര്‍ അവതരിപ്പിച്ചു. സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, അബുദാബി ശാഖാ പ്രസിഡണ്ട് സി മുഹമ്മദ് കുഞ്ഞി, എ പി അഹമ്മദ്, പി അബ്ദുള്‍ റഹ്മാന്‍ ഹാജി, ജാല്‍സൂര്‍ അബ്ദുല്‍ ഖാദര്‍, ഹസ്സന്‍ മുക്കൂട്, ബാരിക്കാട് അന്തുമായി, സാലി, അബ്ദുള്‍ റഹ്മാന്‍ ചിത്താരി സ്റ്റോര്‍ തുടങ്ങിയവരും ജമാഅത്തിന്റെയും വിവിധ ശാഖാ കമ്മിറ്റികളുടെയും ഭാരവാഹികളും പ്രസംഗിച്ചു..

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com