മുട്ടുവേദനയുണ്ടോ? പരിഹാരം വേദനസംഹാരിയല്ല!

on Dec 26, 2012


മുട്ടുവേദനയുണ്ടോ? പരിഹാരം വേദനസംഹാരിയല്ല!

ചികിത്സയില്ലാതെ മുട്ടുവേദന എങ്ങനെ മാറ്റാം!

മുട്ടുവേദനയുടെ മുന്നില്‍ മുട്ടുമടക്കാത്ത സ്ത്രീകള്‍ ചുരുക്കമാണ്.
മെഡിക്കല്‍ കോളേജുകളിലെ ഫിസിക്കല്‍ മെഡിസിന്‍ വിഭാഗം സന്ദര്‍ശിച്ചാല്‍ ഇത് ബോധ്യമാവും. ചികില്‍സ തേടിയെത്തുന്ന നാല്പതു കഴിഞ്ഞ പത്തു സ്ത്രീകളില്‍ ഏഴുപേര്‍ക്കും മുട്ടുവേദനയാണ് പ്രശ്നം.

വര്‍ഷങ്ങളായി മരുന്നു കഴിച്ചിട്ടും മുട്ടുവേദനയ്ക്കു ശമനമില്ലെന്നാണ് ഇവരുടെ പരാതി. ഇതുവരെ ലഭിച്ചത് മുട്ടുവേദനക്കുള്ള ചികില്‍സയല്ലെന്ന് മനസ്സിലാവുമ്പോഴേക്കും ഇവര്‍ ശയ്യാവലംബരയായിത്തീര്‍ന്നിരിക്കും.

മുട്ടുവേദന എന്തുകൊണ്ട്?

ശരീരഭാരം വര്‍ദ്ധിക്കുന്നതും അതേസമയം പേശികള്‍ ബലംകുറയുന്നതുമാണ് മുട്ടുവേദനയ്ക്കുള്ള പ്രധാന കാരണം.

ശരീരത്തിന്റെ ഭാരം താങ്ങിനിര്‍ത്തുന്നത് എല്ലുകളും പേശികളും ചേര്‍ന്നാണ്. നാല്പതു വയസുവരെ ശരീരപേശികള്‍ക്ക് സ്വാഭാവികബലമുണ്ടാവും. എന്നാല്‍ പ്രായം കൂടുംതോറും പേശികള്‍ അയഞ്ഞുതൂങ്ങും. അതോടെ എല്ലുകള്‍ക്ക് ഇരട്ടിഭാരം താങ്ങേണ്ടിവരുന്നു.
കാലുകളാണ് ശരീരത്തിന്റെ മൊത്തം ഭാരത്തെ താങ്ങിനിര്‍ത്തുന്ന തൂണുകള്‍.

രോഗ ലക്ഷണം.

മടക്കാനും നിവര്‍ത്താനും പണ്ടത്തെപ്പോലെ മുട്ടുകള്‍ വഴങ്ങുന്നില്ല എങ്കില്‍ രോഗത്തിന്റെ ആരംഭമായി. തുടര്‍ന്ന് മുട്ടുവേദനയിലേക്കു കടക്കാന്‍ അധികകാലം വേണ്ടിവരില്ല. ഭാരം താങ്ങിത്താങ്ങി എല്ലുകള്‍ക്കു തേയ്മാനമുണ്ടാകുന്നതോടെയാണ് വേദന ആരംഭിക്കുന്നത്. അതോടെ വേദനസംഹാരികളില്‍ അഭയം തേടുകയാണ് മിക്കവരും കണ്ടെത്തുന്ന പ്രതിവിധി.

എന്തുകൊണ്ട് സ്ത്രീകളില്‍?

മുട്ടുവേദനക്കാര്‍ കൂടുതലും സ്ത്രീകളാണെങ്കിലും ഇതൊരു സ്ത്രീജന്യരോഗമല്ല.
സ്ത്രീയുടെ ജീവിതസാഹചര്യവുമായി ഇതിന് നല്ല ബന്ധമുണ്ട്.

ശരാശരി അറുപത് - എഴുപത് കിലോ ഭാരം കാലുകളില്‍ താങ്ങി തുടര്‍ച്ചയായി മണിക്കൂറുകളോളം നില്‍ക്കേണ്ടി വരുന്നത് മിക്കവാറും സ്ത്രീകളുടെ ദിനചര്യയില്‍ പെട്ടതാണ്. വീട്ടമ്മയാണെങ്കില്‍ അടുക്കളയില്‍, അധ്യാപികയാണെങ്കില്‍ ക്ലാസ് റൂമില്‍, നഴ്സ് ആണെങ്കില്‍ ഹോസ്പിറ്റലില്‍ .. എന്ന് തുടങ്ങി അനേകം ജോലികളില്‍ സ്ത്രീകള്‍ വളരെ നേരം നില്‍ക്കേണ്ടി വരുന്നു എന്നതാണ് മുട്ടുവേദനക്കാര്‍ കൂടുതലും സ്ത്രീകളാവാന്‍ കാരണം.

മറ്റു പല വേദനകളെയും പോലെ മുട്ട് വേദനക്ക് രോഗികള്‍ ആശ്രയിക്കുന്നതും ഡോക്ടര്‍മാര്‍ എളുപ്പം വിധിക്കുന്നതും വേദന സംഹാരികളാണ്.

വേദനസംഹാരികള്‍ രോഗ ചികിത്സയല്ല. താല്‍ക്കാലിക അനസ്തേഷ്യയാണ്.
അവയുടെ ദീര്‍ഗ്ഗകാല ഉപയോഗം ഭാവിയില്‍ വന്‍ അപകടങ്ങള്‍ വിളിച്ചു വരുത്തിയേക്കാം.

മരുന്നില്ലാതെ രോഗകാരണത്തെ ചികില്‍സിക്കാം

ഇതിനു രണ്ടു വഴികളാണുള്ളത്:
ഒന്ന്: ഭാരം കുറയ്ക്കുക.
രണ്ടു: മസിലുകള്‍ ബാലവത്താക്കുക.

ആഹാരം കഴിച്ചുകൊണ്ടുതന്നെ ഭാരം കുറയ്ക്കാം

ഭാരം കുറയ്ക്കാന്‍ ആഹാരം കുറയ്ക്കുക എന്നത് അപകടകരമായ മാര്‍ഗ്ഗമാണ്.
സ്ഥിരം കഴിക്കുന്ന ആഹാരത്തില്‍ കുറവ് വന്നാല്‍ പുതിയ രോഗങ്ങള്‍ വരും.
ആഹാരം കുറയ്ക്കാതെ തന്നെ ഭാരം കുറയ്ക്കാം. സന്തുലിതമായ ഒരു ഫുഡ്‌ ചാര്‍ട്ട് അതിനാവശ്യമാണ്. മറ്റു രോഗങ്ങള്‍ ഇല്ലാത്തവര്‍ക്ക് താഴെ മാതൃക സ്വീകരിക്കാം:

ഒഴിവാക്കേണ്ടവ:
മധുരം
എണ്ണയില്‍ വറുത്ത ആഹാരം
കിഴങ്ങുവര്‍ഗ്ഗങ്ങള്‍
ഇടയ്ക്കിടെ കൊറിക്കുന്ന ശീലം
അന്നജം കൂടുതലടങ്ങിയ ആഹാരം
ബാക്കിവരുന്ന ഭക്ഷണം

കഴിക്കേണ്ടവ:
പച്ചക്കറികള്‍
പഴങ്ങള്‍/പഴച്ചാറുകള്‍
കാലറി കുറഞ്ഞ ഭക്ഷണം
സാലഡുകള്‍
ആവിയില്‍ വേവിച്ച ഭക്ഷണം
ദിവസം 10-12 ഗ്ളാസ് വെള്ളം

വ്യായാമവും വിശ്രമവും

ശരീരഭാരം കുറയ്ക്കാന്‍ കിടന്നുകൊണ്ടും ഇരുന്നു കൊണ്ടുമുള്ള വ്യായാമങ്ങള്‍ ആണ് തിരഞ്ഞെടുക്കേണ്ടത്. നടത്തവും നിര്‍ത്തവും ഒഴിവാക്കണം.
കാലിലെ മസിലുകള്‍ ബലപ്പെടുത്താന്‍ ഇരുന്നുകൊണ്ടോ കിടന്നു കൊണ്ടോ കാല്‍മുട്ടുകള്‍ ചലിപ്പിക്കുന്ന വ്യായാമം ചുരുങ്ങിയത് അരമണിക്കൂര്‍ നേരമെങ്കിലും ചെയ്യണം.

ഉദാ: മലര്‍ന്നു കിടന്ന് കാല്‍മുട്ടുകള്‍ക്കടിയില്‍ കട്ടിയുള്ള കോട്ടന്‍തുണി ചുരുട്ടിയതോ വീതി തീരെ ഇല്ലാത്ത പ്രത്യേകം സ്പോഞ്ച് തലയിണയോ വെച്ച ശേഷം ഒന്നിടവിട്ട് ഓരോ കാല്‍മുട്ടും അതില്‍ അമര്‍ത്തുക. കൈ ഉപയോഗിക്കാതെ കാലിന്റെ ബലം കൊണ്ട് തന്നെ അമര്‍ത്തണം. പത്തുവരെ എണ്ണുന്ന സമയം ഇങ്ങനെ അമര്‍ത്തി വെക്കുക, പിന്നെ ഉയര്‍ത്തുക. ഇത് ചുരുങ്ങിയത് അര മണിക്കൂര്‍ ആവര്‍ത്തിക്കുക.

ഈ മുട്ടുകാല്‍ വ്യായാമം എത്ര കൂടുതല്‍ ആവര്‍ത്തിക്കുന്നുവോ അത്ര വേഗം മുട്ടുവേദനക്ക്‌ ശമനമുണ്ടാവും.

ദീര്‍ഗ്ഗനേരം നില്‍ക്കുന്നത് ഒഴിവാക്കുക

ജോലി സ്ഥലത്തായാലും അടുക്കളയില്‍ ആയാലും തുടര്‍ച്ചയായ നില്‍പ്പ് ഒഴിവാക്കാന്‍ സംവിധാനങ്ങള്‍ കണ്ടെത്തുക.
അടുക്കള ജോലി നിന്നുകൊണ്ടു ചെയ്താലേ പെട്ടെന്നു തീരുകയുള്ളൂ എന്നത് ശരിതന്നെ. എങ്കിലും കറിക്കരിയലും ദോശ ഉണ്ടാക്കലും പോല്ലുള്ള ജോലികള്‍ക്ക് ആവശ്യത്തിനു ഉയരമുള്ള (മറിഞ്ഞു വീഴാത്ത) സ്റ്റൂള്‍ സജ്ജീകരിക്കുക. പത്തു മിനിട്ട് നിന്നാല്‍ അഞ്ചു മിനിറ്റ് ഇരിക്കുക.

വേദന അവഗണിച്ചു നില്‍പ്പ് തുടര്‍ന്നാല്‍ പരിഹാരമില്ലാത്തൊരു പ്രശ്നമായി മുട്ടുവേദന മാറും
 

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com