പൗരാവകാശങ്ങള്‍ ചില അറിവിന്റെ തലങ്ങള്‍

on Dec 16, 2012


രണഘടന­യില്‍ മൗ­ലികാവകാശങ്ങളുടെ പട്ടികയില്‍ സമത്വത്തിനുള്ള അവകാശങ്ങള്‍ സംബന്ധിച്ചും ചൂഷണത്തിനെതിരായുള്ള അവകാശങ്ങള്‍ സംബന്ധിച്ചും വ്യക്തമായി പ്രതിപാദിക്കുന്നു. എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളിലേക്കും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും മറ്റും കടന്നുചെല്ലുന്ന സാധാരണക്കാരായ ആളുകള്‍ക്ക് പലപ്പോഴും നീതിനിഷേധത്തിന്റെ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാവും. നിയമപരമായി ലഭിക്കേണ്ട ഒരു സേവനം ഒ­രുവന് ലഭിക്കാതെ വരികയോ അല്ലെങ്കില്‍ അതിന് കാലതാമസം വരികയോ ചെയ്യാന്‍ പാടില്ലാത്തതാണ്. എന്നാല്‍ കൈക്കൂലി കൊടുത്തും സ്വാധീനങ്ങള്‍ മൂലവും കാര്യങ്ങള്‍ സാധിക്കേണ്ട അവസ്ഥ നമ്മുടെ നാട്ടില്‍ നിലവിലുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ നിരന്തരമായി ബന്ധപ്പെടേണ്ടി വരുന്ന സാധാരണക്കാര്‍ അറിഞ്ഞിരിക്കേണ്ട അവരുടെ അവകാശങ്ങള്‍ സംബന്ധിച്ചാണ് ഇവിടെ പ്രതിപാദിക്കുന്ന­ത്.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സേവന നിയമം നിലവിലുണ്ട്. കേരളത്തില്‍ ഇത്തരമൊരു നിയമം നിര്‍മിക്കപ്പെട്ടുവെങ്കിലും നാളിതുവരെ അതിനു ഫലപ്രദമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇത്തരം ഒരു നിയമം പാസാക്കപ്പെടുമ്പോള്‍ ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസില്‍ ഒരു പൗരന്‍ ആവശ്യപ്പെടുന്ന സേവനം ബന്ധപ്പെട്ടവര്‍ 30 ദിവസത്തിനകം നല്‍കേണ്ടതും വീഴ്ച വരുത്തുന്ന പക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പിഴ­യോ, ശിക്ഷയോ അനുഭവിക്കേണ്ടിവരികയും ചെയ്യും. ഇത്തരം ഒരു നിയമം കേരളത്തിലും ഫലപ്രദമായി നടപ്പാക്കപ്പെടുന്ന പക്ഷം പൊതുജനങ്ങളുടെ അവകാശങ്ങള്‍ ഫലപ്രദമായി സംരക്ഷിക്കപ്പെടുവാന്‍ കഴി­യും.

സര്‍ക്കാര്‍ ജീവനക്കാരെ ഇംഗ്ലീഷില്‍ ഗവണ്‍മെന്റ് സെര്‍വന്റ്‌സ് എന്ന അര്‍ത്ഥവത്തായ വാക്കിലൂടെയാണ് സംബോധന ചെയ്യുന്നത്. കേരളാ ഗവണ്‍ മെന്റ് സെര്‍­വന്റ്‌സ് കോണ്‍ഡക്ട് റൂള്‍സ് വിവക്ഷിക്കുന്നത് എല്ലാ സര്‍ക്കാര്‍ ജീവനക്കാരനും തന്റെ ചുമതല നിര്‍വഹിക്കുന്നതില്‍ പരി­പൂര്‍ണ അന്തസ്സും പ്രതിബദ്ധതയും കാണിക്കണം എന്നാണ്. ഇതിനു വിരുദ്ധമായ ഏതൊരു പ്രവര്‍ത്തിയും സര്‍ക്കാര്‍ ജീവനക്കാരന്റെ സ്വഭാവദൂഷ്യമായി കണക്കാക്കും. തങ്ങള്‍ ചെയ്യുന്ന ജോലിക്ക് പ്രതിഫല­മോ, സമ്മാനമോ വാങ്ങാന്‍ പാടില്ലാത്തതും ചുമതല നിര്‍വ്വഹണത്തിന്റെ പേരില്‍ അനുമോദനം സ്വീകരിക്കുന്നതിനുള്ള യാതൊരു പ്രവര്‍ത്തിയും ഉണ്ടാകാന്‍ പാടില്ലായെന്നും നിഷ്‌കര്‍ഷിക്കുന്നു. മാത്രവുമല്ല സര്‍ക്കാര്‍ ജീവനക്കാരുടെ സാമ്പത്തിക ഇടപാടുകള്‍, സ്ഥാവര വസ്തുക്കളുടെ സമ്പാ­ദനം, വ്യവഹാരങ്ങളില്‍ ഏര്‍പ്പെടല്‍ ഇവയ്‌ക്കെല്ലാം പരിമിതികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസ് സമയങ്ങളില്‍ മദ്യപിക്കുക­യോ, പൊതുസ്ഥലങ്ങളില്‍ മദ്യപിച്ച് പ്രത്യക്ഷപ്പെടുകയോ ചെയ്യാന്‍ പാടില്ല. ഈ നിലകളിലൊക്കെ നിയമങ്ങള്‍ നമ്മുടെ നാട്ടില്‍ നിലവിലുണ്ടെങ്കില്‍പോലും മുമ്പ് സൂചിപ്പിച്ചതുപോലെ സമഗ്രമായ ഒരു സേവനനിയമം കൊണ്ടുമാത്രമേ ബഹുജനങ്ങള്‍ക്ക് ഈ രംഗത്തുണ്ടാകുന്ന പരാതികള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിയുകയുള്ളൂ.

വിവരാവകാശ നിയമം
 
പൗരാവകാശങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ സമീപകാലത്തുണ്ടായ വിപ്ലവകരമായ ഒരു നിയമമാണ് വിവരാവകാശ നിയമം. രാജസ്ഥാനിലെ നിരക്ഷരരായ സ്ത്രീ തൊഴിലാളികള്‍ നടത്തിയ ഒരു പോരാട്ടത്തെ തുടര്‍ന്നാണ് വിവരാവകാശത്തെക്കുറി­ച്ചുള്ള ചര്‍ച്ചയ്ക്ക് രാജ്യത്ത് തുടക്കം കുറിച്ചത്. ഇന്ത്യന്‍ ഭരണഘടനയുടെ 19­-ാം അനുഛേദം ആശയ പ്രകാശനാവകാശത്തെയും 21-ാം അനുഛേദം ജീവിക്കാനുള്ള അവകാശത്തേയും പ്രഖ്യാപിക്കുന്നതാണ്. ഈ മൗ­ലികാവകാശങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കണമെങ്കില്‍ യഥാര്‍ത്ഥ വിവരങ്ങള്‍ അറിയണം. രാജ്യത്ത് അഴിമതി നിയന്ത്രിക്കുന്നതിനുള്ള ഫലപ്രദമായ ഒരു നടപടിയാണ് ഈ നിയമം നടപ്പായതോടെ ഉണ്ടായിട്ടുള്ളത്. എല്ലാ പൊതുഅധികാര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ സുതാര്യമാകേണ്ടതുണ്ട്. ഈ നിയമത്തെക്കുറിച്ചുള്ള ബോധ്യം ഭരണഘടനയുടെ 51 എ അനുഛേദത്തില്‍ പറഞ്ഞി­ട്ടുള്ള മൗലിക കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹി­ക്കാന്‍ പൗരന് പ്രാപ്തി നല്‍കും. 2005ല്‍ നിലവില്‍ വന്ന ഈ നിയമത്തിനു കീഴില്‍ കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങള്‍ മാത്രമല്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉള്‍പ്പെടുന്നുണ്ട്.

പൊതുഅധികാര സ്ഥാപനത്തിന്റെ സൂക്ഷിപ്പിലുള്ള പ്രമാണങ്ങളും രേഖകളും കുറിപ്പുകളും അറിയാനും പകര്‍പ്പുകള്‍ ലഭിക്കാനും പദാര്‍ത്ഥങ്ങളുടെ സാക്ഷ്യപ്പെടുത്തിയ സാമ്പിളുകള്‍ ലഭിക്കാ­നും പൗരന്മാര്‍ക്ക് ഈ നിയമം വഴി അവകാശം ലഭിക്കുന്നു. അപേക്ഷകന്‍ നല്‍കുന്ന അപേക്ഷയ്ക്ക് പരമാവധി 30 ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട ഓഫീസര്‍ മറുപടി നല്‍കണം. അപേക്ഷ നിരസിക്കുകയാണെങ്കില്‍ അതിനുള്ള കാരണം രേഖാമൂലം നല്‍കണം. മറ്റൊരു സര്‍ക്കാര്‍ വകുപ്പില്‍നിന്നാണ് മറുപടി നല്‍കേണ്ടതെങ്കില്‍ ബന്ധപ്പെട്ട വകുപ്പിലേ­ക്ക് അഞ്ച് ദിവസത്തിനകം അപേക്ഷ കൈമാറി വിവരം അപേക്ഷകനെ അറിയിക്കണം എന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്. വിവരങ്ങള്‍ ആവശ്യപ്പെടുന്നവര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിന് എല്ലാ ഭരണ വിഭാഗങ്ങളിലും ഓഫീസുകളിലും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. വിവരങ്ങള്‍ 30 ദിവസത്തിനകം നല്‍കു­ന്ന­തില്‍ ബന്ധപ്പെ­ട്ട ഉ­ദ്യോ­ഗസ്ഥന്‍ വീഴ്ച വരുത്തുകയോ,അപേക്ഷ നിരസിക്കുക­യോ, അപൂര്‍ണ്ണമായ വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍ ബന്ധപ്പെട്ട കക്ഷിക്ക് അപ്പീലിലൂടെ പരിഹാരം തേടാവുന്നതാണ്. നിയമം ഫലപ്രദമായി നടപ്പാക്കപ്പെടുന്നതിന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷനും സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷനും ഈ നിയമത്തിനു കീഴില്‍ രൂപീകൃതമായിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍
 
സാധാരണക്കാര്‍ ഏറ്റവും അധികം ബന്ധപ്പെടാന്‍ ഇടയുള്ള സ്ഥാപനമാണ് ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍. ഇവിടെ­യും പൗരന്മാര്‍ക്ക് തൃപ്തികരമായ സേവനം ലഭിക്കുന്നതിന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. 1994­ലെ പഞ്ചായത്ത് രാജ് നിയമം ഗ്രാമപഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന ഓരോ വ്യക്തിയുടെയും കടമകളും അവകാശങ്ങളും എന്തെന്ന് വ്യക്തമാക്കുന്നുണ്ട്. പഞ്ചായത്തില്‍നിന്നും പൗരന് ലഭിക്കേണ്ട സേവനങ്ങളെക്കുറിച്ച് വിപുലമായി പരാമര്‍ശിക്കുന്നുണ്ട്. കൃഷി, മൃഗസംരക്ഷണം, വ്യവസായം, പാര്‍പ്പിടം, ജലവിതരണം, ഊര്‍ജ്ജവിതരണം, വിദ്യാഭ്യാസം, മരാമത്ത്, ആരോഗ്യരംഗം, സാമൂഹ്യക്ഷേമം, കലാകായിക മേഖല തുടങ്ങിയ എല്ലാ മേഖലകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സേവനം നല്‍കാന്‍ നിയമപരമായ സാധ്യതയുണ്ട്. പഞ്ചായത്ത് ഓഫീസുകളില്‍ എത്തുന്ന സാധാരണക്കാരന് കാര്യങ്ങള്‍ സുതാര്യമായി നടത്തപ്പെടുന്നു എന്ന് ബോ­ധ്യ­പ്പെടേണ്ടതുണ്ട്.

സമീപകാലത്ത് ഉണ്ടായ സര്‍ക്കാര്‍ ഉത്തരവിന്റെ വെളിച്ചത്തിലാണ് ഇപ്പോള്‍ പഞ്ചായത്ത് ഓഫീസുകളില്‍ അപേക്ഷകള്‍ സ്വീകരിച്ച് രസീതുകള്‍ നല്‍കുന്നതിന് ഫ്രണ്ട് ഓഫീസുകള്‍ രൂപീകരിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടേയും ജനപ്രതിനിധികള്‍, ഉ­ദ്യോഗസ്ഥര്‍, പൊതുസേവകര്‍, എന്നിവരുടെയും അഴിമതി, ദുര്‍ഭരണം, ക്രമരാഹിത്യം എന്നിവയിന്മേല്‍ പരാതികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനും തീര്‍പ്പാക്കാനും പരിഹാരം ഉണ്ടാക്കാനും വേണ്ടിയാണ് ഓംബുഡ്‌സ് മാന്‍ പഞ്ചായത്ത് രാജ് നിയമം 25­-ാം അധ്യായം 271­­-ാം വകുപ്പില്‍ പരാമര്‍ശിക്കുന്ന നിലയില്‍ സ്ഥാപിതമായിട്ടുള്ളത്. ഇതു കൂടാതെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ എടുക്കുന്ന ഭരണപരമായ തീരുമാനങ്ങള്‍ക്ക് അപ്പീലോ, റിവിഷനോ, പരിഗണിക്കുന്നതിനും തീര്‍പ്പാക്കുന്നതിനും വേണ്ടി തദ്ദേശ ഭരണ ട്രിബ്യൂണല്‍ സ്ഥാപിതമായിട്ടുണ്ട്. തീരുമാനങ്ങള്‍ സ്‌റ്റേ ചെയ്യാനും നിര്‍ദേശങ്ങള്‍ നല്‍കാനും തിരുത്താനും, പുനഃപരിശോധനക്ക് നിര്‍ദേശിക്കാനും ്ഈ ട്രിബ്യൂണലിന് കഴിയും. സാധാരണ പൗരന്മാര്‍ക്ക് നീതി നിഷേധം ഉണ്ടാകുന്ന പക്ഷം ഇത്തരം അധികാരസ്ഥാനങ്ങളെ സമീപിച്ച് പ്രതിവിധി നേടാവുന്നതാണ്.

പോലീസ് സ്‌റ്റേഷനുകള്‍

സാധാരണക്കാര്‍ക്കു ഭയാശങ്കയില്ലാതെ കടന്നുചെല്ലാന്‍ കഴിയേണ്ട സര്‍ക്കാര്‍ ഓഫീസാണ് പോലീസ് സ്‌റ്റേഷനുകള്‍. പോലീസ് ഉ­ദ്യോഗസ്ഥന്മാരുടെ പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമാക്കുന്നതിന് പോലീസ് ആക്ടും ക്രിമിനല്‍ നടപടി നിയമവും മറ്റുമുണ്ട്. ഒരു പൗരന്‍ നല്‍കുന്ന പരാതി പോലീസ് സ്‌റ്റേഷനില്‍ സ്വീകരിക്കുമ്പോള്‍ അതു കൈപ്പറ്റിയതിലേക്കുള്ള രസീത് നല്‍കുന്നതിന് വ്യവസ്ഥയുണ്ട്. പരാതി സംബന്ധിച്ച് നടപടി ഉണ്ടാകുന്നില്ലെങ്കില്‍ ബന്ധപ്പെട്ട ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കാവുന്നതാണ്. പോലീസ് കസ്റ്റഡിയില്‍ വച്ചുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി പാലിക്കേണ്ട നിര്‍ദേശങ്ങള്‍ സുപ്രീം കോടതി മാര്‍ഗരേഖയായി നല്‍കിയിട്ടുണ്ട്. അറസ്റ്റ് ചെയ്യുമ്പോള്‍ പോലീസ് ഉ­ദ്യോഗസ്ഥര്‍ പാലിക്കേണ്ട വ്യവസ്ഥകളാണ് ഇതില്‍ പ്രധാനം. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ഇത്തരം കാര്യങ്ങളിലു­ള്ള അജ്ഞത പല വിധത്തിലുമുള്ള ചൂഷണങ്ങള്‍ക്കും കാരണമാകുന്നുണ്ട്. 

സൗജന്യ നിയമസേവന വേദി­കള്‍
 
എല്ലാ പൗരന്മാര്‍ക്കും തുല്യനീതിയാണ് നിയമങ്ങള്‍ വിവക്ഷിക്കുന്നതെങ്കിലും സാമ്പത്തികവും സാമൂഹ്യവും വി­ദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥകൊണ്ട് നീതി ലഭിക്കാതെ പോകുന്ന അവ­സ്ഥകള്‍ പൗരന്മാര്‍ക്ക് ഉണ്ടാകാറുണ്ട്. മേല്‍ പരാമര്‍ശിച്ച സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും നീതി ലഭിക്കാതെ വരുന്ന സന്ദര്‍ഭങ്ങളിലും മറ്റും ഒരു സാധാരണക്കാരന് പണച്ചെലവു കൂടാതെ സമീപിക്കാവുന്ന വ്യവസ്ഥാപിതമായ സംവിധാനങ്ങളുണ്ട്. ഇ്ന്ത്യന്‍ പാര്‍­ല­മെന്റ് 1987­ല്‍ നിയമ സേവന അതോറിറ്റി നിയമം എന്ന പേരില്‍ ഒരു നിയമം പാസ്സാക്കിയിട്ടുണ്ട്. ഈ നിയമത്തിനു കീഴില്‍ സംസ്ഥാന നിയമസേവന അതോറിറ്റി, ജില്ലാ നിയമസേവന അതോറിറ്റി, താലൂക്ക് നിയമസേവന അതോറിറ്റി എന്നിവ രൂപീകരിച്ചിട്ടുണ്ട്. ഇത്തരം അതോറിറ്റികളുടെ കീഴില്‍ ലോക് അദാലത്തുകള്‍ സംഘടിപ്പിക്കപ്പെട്ടുവരുന്നു. കോടതികളില്‍ നിലവിലുള്ള തര്‍ക്കങ്ങള്‍ മാത്രമല്ല മുകളില്‍ പരാമര്‍ശിച്ചിട്ടുള്ള സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും നിയമപരമായ അവകാശങ്ങള്‍ ലഭിക്കാത്ത പക്ഷം അത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ചു കിട്ടാനുള്ള വേദിയായും അദാലത്തുകളെ പ്രയോജനപ്പെടുത്താവുന്നതാണ്. 

നിത്യേന ജീവിതപ്രശ്‌നങ്ങളുമായി നിരവധി സര്‍ക്കാര്‍ ഓഫീസുകളുടെ പടികയറാറുള്ള സാധാരണക്കാരന് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കേണ്ടതുണ്ട്. ഇതിലേക്ക് സമഗ്രമായ ഒരു സേവന നിയമം നമ്മുടെ നാട്ടിലുമുണ്ടാകട്ടെ. ജനാധിപത്യ ക്രമത്തിന് ഭീഷണിയായി നില്‍ക്കുന്ന അഴിമതിയ്ക്കും നീതി നിഷേധങ്ങള്‍ക്കുമെല്ലാം അറുതി വരുത്താനുള്ള ശ്രമങ്ങളില്‍ നമുക്കും പങ്കാളികളായി തീരാം. 

-അഡ്വ. സോണി തോമസ്, പുരയിടത്തില്‍, മുണ്ടക്ക­യം 

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com