സ്ഥലം ഒരു മുന്തിയ ചില്ലറ വ്യാപാര സ്ഥാപനം. സമയം വൈകിട്ട് ആറുമണി. കടയില്‍ സാമാന്യം നല്ല തിരക്ക്. പലരും പാക്കറ്റ്പാലിനാണ് എത്തിയിരിക്കുന്നത്. മറ്റു അല്ലറ ചില്ലറ സാധനങ്ങളും വാങ്ങുന്നുണ്ട്. കടയില്‍ വരുന്ന ആരുടെയും പക്കല്‍ ക്യാരിബാഗോ സഞ്ചിയോ ഇല്ല. ഒരു കവര്‍ പാലിന് പോളിത്തീന്‍ ബാഗ് സൗജന്യം. അഥവാ കൊടുത്തില്ലെങ്കില്‍ സെയില്‍സ് ഗേളോ ബോയിയോ നാണം കെടും. ''എന്താ, കവറില്ലേ?'' എന്നാണ് ചോദ്യം. ''അതോ കവറിന് പൈസ വേണോ?'' പിന്നീടുള്ള ചോദ്യം. കവറും പാലും പാലിന്റെ കവറുമായി 'കസ്റ്റമര്‍' വീട്ടിലേക്ക്.
റോഡരികിലെ മാമ്പഴക്കച്ചവടം. സഞ്ചിയുമായി മാങ്ങ വാങ്ങാന്‍ ചെന്നതാണ്. വില്പനക്കാരന്‍ മാങ്ങപെറുക്കി നേരെ സുന്ദരമായ തൂവെള്ള പ്ലാസ്റ്റിക് കവറിലേക്ക്. അവിടെ നിന്ന് ത്രാസിലേക്കും.
''കവറു വേണ്ട'' ഞാന്‍ പറഞ്ഞു.
''വേണ്ട, എടുത്തോളൂ'' സഹായി.
''എനിക്ക് കവറുവേണ്ട. ഞാന്‍ ബാഗുമായി വന്നതാണ്.'' വീണ്ടും ഞാനറിയിച്ചു. സഹായിയുടെ നോട്ടം ഞാനെന്തോ മഹാപരാധം ചെയ്തതുപോലെ.
''ചേച്ചിയെന്താ ഈ നാട്ടുകാരിയല്ലേ?'' ഞാന്‍ വെന്തുപോയി.
''ചേച്ചിക്കുവേണോ, പിടി. വേണ്ടെങ്കി പോണം.''
ഞാന്‍ ഫ്‌ളാറ്റ്.
കാര്യം പ്ലാസ്റ്റിക് തന്നെ. അറിഞ്ഞോ അറിയാതെയോ മലയാളി പ്ലാസ്റ്റിക്കിനെ മനസാ വരിച്ചിരിക്കുന്നു. എവിടെപ്പോയാലും അത് കൈയിലുണ്ടാകും. വെള്ളം പോലും പ്ലാസ്റ്റിക് കുപ്പിയില്‍ നിന്നേ കുടിക്കൂ. പുറത്തേക്കുപോയാല്‍ നാലഞ്ചു കവറുമായിട്ടാണ് മടക്കം. ഈ കവറുകളെല്ലാം എവിടെ പോകുന്നു? കടയില്‍ നിന്ന് ഭക്ഷണം വാങ്ങിയാല്‍ കിട്ടും പ്ലാസ്റ്റിക്കിന്റെ ഒരു ചെറിയ കട. ഇല ഇന്ന് ഔട്ട് ഓഫ് ഫാഷനായി. ഒരു സോപ്പ് വാങ്ങിയാലും ഒരു പോളിത്തീന്‍ കവറു വേണം. എന്നിട്ടോ ആ കവര്‍ ചപ്പുചവറിന്റെ കൂടെ റോഡിലേക്ക് വലിച്ചെറിയും.
പ്രകൃതിയെ മലിനമാക്കുന്ന, നമ്മുടെ കുഞ്ഞുങ്ങളെ നിത്യരോഗികളാക്കുന്ന, മാരകരോഗങ്ങള്‍ പടരാനിടവരുത്തുന്ന പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കുകയാണിന്ന് നമ്മള്‍. കടയില്‍ പോകുമ്പോള്‍ ഒരു തുണിസഞ്ചിയോ മടക്കിവെക്കാന്‍ കഴിയുന്ന പഴയ പ്ലാസ്റ്റിക് സഞ്ചി തന്നെയോ കൊണ്ടുപോകാന്‍ മിനക്കെടാത്ത മലയാളി മാപ്പര്‍ഹിക്കുന്നില്ല. നിയമം മൂലം പ്ലാസ്റ്റിക് നിരോധിച്ചാലും അതു വേണമെന്ന് ശഠിക്കുന്നതെന്തിനാണ്? അലസത കൊണ്ട് നാം സൃഷ്ടിക്കുന്ന കൊടിയ വിപത്ത് എത്ര ഭയാനകമാണെന്നറിയണമെങ്കില്‍ പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് മനസ്സിലാക്കണം.
പ്ലാസ്റ്റിക് അഥവാ പോളിത്തീന്‍ ജൈവ വിഘടനം സാധ്യമല്ലാത്ത വസ്തുവാണ്. പ്രകൃതിദത്തമായ മാലിന്യങ്ങളെപ്പോലെ അതിന് മണ്ണില്‍ ലയിച്ചുചേരാന്‍ കഴിയില്ല. കാലപ്പഴക്കം കൊണ്ട് പ്ലാസ്റ്റിക് തരികളാകും. പക്ഷേ, മണ്ണിന്റെ അംശമാകില്ല. ഇത് മണ്ണിന് വിഷമാണ്. മണ്ണിന്റെ ശ്വസനത്തെ ബാധിക്കും. അതിന്റെ ഫലഭൂയിഷ്ഠതയെ നശിപ്പിക്കും. അവ ജലസ്രോതസ്സുകളെ ശ്വാസം മുട്ടിക്കുന്നു. അതിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. കാലക്രമേണ മലിനമാകുന്ന ഈ ജലസ്രോതസ്സുകള്‍ രോഗങ്ങള്‍ പരത്തുന്നു. കാട്ടിലേക്കും കടലിലേക്കും വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം അവിടത്തെ പരിസ്ഥിതിസന്തുലനത്തെ തകിടം മറിക്കുന്നു. പ്ലാസ്റ്റിക് മാലിന്യം അറിയാതെ ഭക്ഷിക്കുന്ന വന്യജീവികളും മത്സ്യങ്ങളും ചത്തൊടുങ്ങുകയോ രോഗഗ്രസ്തരാകുകയോ ചെയ്യുന്നു. അവ ഭക്ഷിക്കുന്ന മനുഷ്യന്‍ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് അറിയാതെ വഴുതിവീഴുന്നു.
പ്ലാസ്റ്റിക് നിര്‍മാര്‍ജനം ചെയ്യാന്‍ നൂറുശതമാനം സുരക്ഷിതമായ മാര്‍ഗം ഇന്നും ലഭ്യമല്ല. പുനഃചംക്രമണം ചെയ്യാവുന്ന പ്ലാസ്റ്റിക്കിനെ വീ ണ്ടും പ്ലാസ്റ്റിക് ഉത്പന്നങ്ങളാക്കി മാറ്റി പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കാം. അതുചെയ്യാന്‍ കഴിയാത്ത പ്ലാസ്റ്റിക്, മൈക്രോണ്‍ കുറഞ്ഞയളവിലുള്ളത് നൂറുശതമാനം പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നു.
പ്ലാസ്റ്റിക് മാലിന്യം നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍ ജനങ്ങള്‍ അതു കത്തിക്കാന്‍ നിര്‍ബന്ധിതരാകുന്നു. പ്ലാസ്റ്റിക് കത്തുമ്പോള്‍ ഡയോക്‌സിന്‍ എന്ന മാരകമായ വിഷം പുറപ്പെടുവിക്കുന്നു. ഇതു കാന്‍സറിനും ഹോര്‍മോണ്‍ തകരാറിനും വഴിവെക്കുന്നു. ഇത് കൃഷിയിടങ്ങളിലും ജലസ്രോതസ്സുകളിലും എത്തിപ്പെടുന്നു. തലമുറകളെപ്പോലും നശിപ്പിക്കാന്‍ പാകത്തില്‍ അത് മനുഷ്യശരീരത്തില്‍ സൂക്ഷിക്കപ്പെടുന്നു. ഗര്‍ഭിണിയായ സ്ത്രീ അത് മറുപിള്ള വഴി ഗര്‍ഭസ്ഥശിശുവിലേക്ക് കൈമാറുന്നു. പ്ലാസ്റ്റിക് കത്തിച്ചിട്ട് വീടിനകത്ത് കയറി കതകടച്ചാല്‍ കുഴപ്പമില്ലായെന്ന് കരുതുന്നത് എത്ര വിഡ്ഢിത്തമാണെന്ന് ഓര്‍ക്കുക.
ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ നമുക്ക് പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാന്‍ കഴിയും.
വീട്ടിലേക്ക് പ്ലാസ്റ്റിക്കിന്റെ വരവ് കുറയ്ക്കുക. സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ ഒരു തുണിസഞ്ചിയോ മടക്കിവെക്കാന്‍ കഴിയുന്ന കാരിബാഗോ കരുതുക.
കടയില്‍നിന്നു തരുന്ന പ്ലാസ്റ്റിക് ബാഗ് ഒഴിവാക്കുക.
വലിച്ചെറിയല്‍ സംസ്‌കാരത്തോടു വിടപറയുക. ചെലവുകുറഞ്ഞ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, അതു കളിപ്പാട്ടമോ പേനയോ വീട്ടുപകരണങ്ങളോ ആകട്ടെ, വാങ്ങി കുറച്ചുനാള്‍ ഉപയോഗിച്ച് വലിച്ചെറിയുന്ന പതിവ് നിര്‍ത്തുക. ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ വാങ്ങുക.
പുറത്തുപോവുമ്പോഴും ദീര്‍ഘയാത്ര പോവുമ്പോഴും കഴിവതും വീട്ടില്‍നിന്ന് കുടിക്കാനുള്ള വെള്ളം കരുതുക. വാട്ടര്‍ബോട്ടിലുകളും കൂള്‍ജഗ്ഗുകളും കടയില്‍ വാങ്ങാന്‍ കിട്ടും.
പുറത്തുനിന്ന് സ്ഥിരമായി ഭക്ഷണം വാങ്ങുന്നുവെങ്കില്‍ ഒരു വലിയ ടിഫിന്‍ കാരിയറോ ഒന്നോ രണ്ടോ കാസറോളുകളോ വാങ്ങുക. ഹോട്ടലുകളില്‍നിന്ന് ലഭിക്കുന്ന പ്ലാസ്റ്റിക് കവര്‍ എവിടെയാണ് കളയുക എന്നു വിഷമിക്കുന്ന വീട്ടമ്മമാരെ ഞാന്‍ കണ്ടിട്ടുണ്ട്. ഇതൊഴിവാക്കാം. സ്വന്തം പാത്രം നല്കി ഭക്ഷണം അതില്‍ നിറച്ചുതരാന്‍ പറഞ്ഞാല്‍ ഒരു ഹോട്ടലുടമയും നിരാകരിക്കില്ല.
ഹോട്ടലുടമകള്‍ പ്ലാസ്റ്റിക്കിനു പകരം അലുമിനിയം ഫോയില്‍ കവറുകളും വാഴയിലയും മറ്റും ഉപയോഗിക്കുക.
ആരാധനാലയങ്ങളിലും ക്ലബുകളിലും സൗജന്യമായോ അല്ലാതെയോ പൊതുജനങ്ങള്‍ക്ക് ഭക്ഷണം നല്കുമ്പോള്‍ പ്ലാസ്റ്റിക് കൊണ്ടുള്ള പാത്രങ്ങളും ഗ്ലാസ്സുകളും സ്പൂണും കഴിവതും ഉപയോഗിക്കാതിരിക്കുക. ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്നവ വന്‍ പരിസ്ഥിതിപ്രശ്‌നം സൃഷ്ടിക്കുന്നു. വിവാഹസമയത്തും മറ്റു വിരുന്നുസല്‍ക്കാരങ്ങളിലും പ്ലാസ്റ്റിക്കിതര പാത്രങ്ങള്‍ ഉപയോഗിക്കുക.
അടുക്കളമാലിന്യം നിര്‍മാര്‍ജനം ചെയ്യാന്‍ മുനിസിപ്പാലിറ്റിയുടെയോ പഞ്ചായത്തന്റെയോ ജീവനക്കാര്‍ വീട്ടിലെത്തുന്നുണ്ടെങ്കില്‍ അവ സൂക്ഷിക്കുന്ന ബക്കറ്റില്‍ പാല്‍ക്കവര്‍ ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക് കവര്‍ നിക്ഷേപിക്കാതിരിക്കുക. പ്ലാസ്റ്റിക് വൃത്തിയായ പ്രത്യേകം കവറില്‍ സൂക്ഷിച്ച് അത് പഴയ പേപ്പര്‍ വാങ്ങുന്ന കടയിലോ കച്ചവടക്കാര്‍ക്കോ വില്ക്കുക.
വ്യാപാരസ്ഥാപനങ്ങളിലും ചില്ലറ വില്പനകേന്ദ്രങ്ങളിലും ദിനംപ്രതി പ്ലാസ്റ്റിക് ഉപയോഗം കൂടിവരികയാണ്. വന്‍കിട ചില്ലറ വ്യാപാരസ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതില്‍ മാതൃക കാട്ടണം.
മില്‍മ പ്ലാസ്റ്റിക് പാക്കറ്റിനു പകരം മറ്റു പാക്കിങ് വസ്തുക്കള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കണം. ഡല്‍ഹിയിലും മറ്റു സംസ്ഥാനങ്ങളിലുമുള്ള പോലെ പാല്‍ വെന്‍ഡിങ് മെഷീനുകള്‍ (ടോക്കണ്‍ നിക്ഷേപിക്കുമ്പോള്‍ പാത്രത്തിലേക്കു പാല്‍ നല്‍കുന്ന കൗണ്ടറുകള്‍) ചെറിയ തോതില്‍ ആരംഭിക്കുന്നത് നല്ല തുടക്കമായിരിക്കും. ആവശ്യക്കാര്‍ സ്വന്തം പാത്രം കൊണ്ടുവന്ന് പാല്‍ വാങ്ങിക്കൊണ്ടുപോകുന്ന ഈ സംവിധാനം പ്ലാസ്റ്റിക് ഉപയോഗത്തിനു വലിയ കുറവു വരുത്തും, തീര്‍ച്ച.
പ്ലാസ്റ്റിക്കിതിര ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്കു താങ്ങാനാവുന്ന വിലയ്ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പേപ്പര്‍ ബാഗുകളും റീസൈക്കിള്‍ഡ് ഉത്പന്നങ്ങളും വിലകുറച്ചു ലഭ്യമാക്കിയാല്‍ പല വ്യാപാരസ്ഥാപനങ്ങളും അവ ഉപയോഗിക്കാന്‍ സന്നദ്ധത കാട്ടും.
മാലിന്യനിര്‍മാര്‍ജനം ഓരോ വ്യക്തിയുടെയും കടമയാണ്. അതു ചെയ്യാതെ സര്‍ക്കാറിനെയും നിയമങ്ങളെയും പഴി പറയുന്നത് കണ്ണടച്ചിരുട്ടാക്കലാണ്. നമുക്കു ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തുകഴിഞ്ഞതിനുശേഷം വിമര്‍ശിക്കുന്നതല്ലേ നല്ലത്? വൃത്തിയുള്ള ഒരു സംസ്ഥാനം എന്ന പേര് സമ്പൂര്‍ണ സാക്ഷരത അവകാശപ്പെടുന്ന നമുക്ക് സ്വന്തമാക്കിക്കൂടേ? ദൈവത്തിന്റെ സ്വന്തം നാടായില്ലെങ്കിലും മനുഷ്യന്റെ സ്വന്തം നാടെങ്കിലും ആക്കിക്കൂടേ?
വീണാരാജ് മഗ്ദുംഡെ. കമ്മീഷണര്‍ ആദായനികുതി വകുപ്പ്
Labels
News
(53)
metro
(25)
News Highlight
(13)
Friday's Talk
(6)
Introduction
(5)
Notice
(5)
Cartoon
(4)
Editorial
(3)
Feature
(3)
mubarak
(3)
Charity
(2)
Film Focus
(2)
Health Focus
(2)
Meelad
(2)
Obituary
(2)
World News
(2)
samastha
(2)
സമസ്ത പൊതു പരീക്ഷ ഫലം-പത്താം ക്ലാസ്സ്
(2)
.h moulavi e ahmed
(1)
24 country
(1)
A beautiful art work by a chithari folk
(1)
Brunei
(1)
Cookery (Gastronomy)
(1)
Dictionary
(1)
Exam Result
(1)
International News
(1)
LEGAL DEPARTMENT advocate
(1)
Poem
(1)
Royal Wedding
(1)
Science
(1)
Tags: Daughter of Brunei's sultan weds in elaborate ceremony
(1)
Wedding
(1)
Youtube Watch
(1)
balla beach
(1)
chithari
(1)
chithari beach sea attack
(1)
chithari shareef killed sharjah
(1)
hamza
(1)
iuml
(1)
kerala yathra chithari ssf
(1)
kochi metro rail
(1)
metro muhammad haji chithari award
(1)
moideen chithari mappilappattu
(1)
moidu
(1)
mubark hasinar haji c
(1)
musliyar
(1)
north
(1)
phd saquafi kasaragod markaz
(1)
sanjari
(1)
sys
(1)
tuition
(1)
yathra
(1)
अजनुर पंचायत रिजल्ट
(1)
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com
0 comments:
Post a Comment