ദുബായ്‍ മെട്രോ തീവണ്ടി ഓടി തുടങ്ങി

on Sep 9, 2009



ദുബായുടെ മുഖഛായ മാറ്റിയ ദീര്‍ഘ വീക്ഷണത്തിന്‍റെയും ഭരണ നൈപുണ്യത്തിന്‍റേയും പര്യായമായ കരുത്തുറ്റ ഭരണാധികാരിയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബായുടെ അടിസ്ഥാന സൗകര്യ വികസനമെന്ന ഷെയ്ഖ് മുഹമ്മദിന്‍റെ കാഴ്ചപ്പാടിന്‍റെ ശരിയായ സാക്ഷാത്കാ രത്തിന്‍റെ നീണ്ട പട്ടികയിലെ ഏറ്റവും ഒടുവിലത്തേതാണ് ദുബായ് മെട്രോ റെയില്‍ പദ്ധതി. വാക്കു പാലിച്ചു കൊണ്ട് പ്രഖ്യാപിച്ച പോലെ 2009 സെപ്റ്റംബര്‍ ഒന്‍പതിനു തന്നെ ദുബായ് മെട്രോ റെയില്‍ സര്‍വ്വീസ് തുടങ്ങി.
തുടക്കത്തില്‍ റെഡ് ലൈനിലെ 10 സ്റ്റേഷനുകളെ ഉള്‍പ്പെടുത്തിയാണ് ദുബായ് മൊട്രോ റെയില്‍ സര്‍വ്വീസ് നടത്തുക. റാഷിദിയ, ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ടെര്‍മിനല്‍ ത്രീ, സിറ്റി സെന്‍റര്‍, അല്‍ റിഗ്ഗ, യൂണിയന്‍ സ്ക്വയര്‍, ഖാലിദ് ബിന്‍ അല്‍ വാലീദ്, ജാഫ്ലിയ, ഫിനാന്‍ഷ്യല്‍ സെന്‍റര്‍, മാള്‍ ഒഫ് ദ എമിറെറ്റ്സ്, നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവര്‍ എന്നീ സ്റ്റേഷനുകളാണ് പ്രവര്‍ത്തനസജ്ജമായിരിക്കുന്നത്. റെഡ് ലൈനിലെ ബാക്കിയുള്ള 19 സ്റ്റേഷനുകള്‍ വരുന്ന മാസങ്ങളില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
യാത്രക്കാരുടെ എണ്ണവും നയതന്ത്രപ്രാധാന്യവും കണക്കിലെടുത്താണ് തുടക്കത്തിലെ പത്ത് സ്റ്റേഷനുകളെ തിരഞ്ഞെടുത്തത്.
എല്ലാ സ്റ്റേഷനുകളിലും യാത്രക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ദൂബായുടെ കിഴക്കന്‍ ഭാഗത്തെ റെഡ്ലൈനിന്‍റെ തുടക്ക സ്ഥലമായ റാഷിദിയ സ്റ്റേഷനില്‍ 2750 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള ബഹുനില സംവിധാനമുണ്ട്.
റാഷിദിയ, മിര്‍ദിഫ്, അല്‍ മിസ്ഹാര്‍, അല്‍ വര്‍ഖ, നാദ് അല്‍ ഹമ്മാര്‍ എന്നീ ജനസാന്ദ്രതയേറിയ സ്ഥലങ്ങളിലുള്ളവര്‍ക്ക് റാഷിദിയ സറ്റേഷനെ ആശ്രയിക്കാം. ഷാര്‍ജ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ദുബായിലേക്കു പ്രവേശിക്കുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന സ്റ്റേഷനായിരിക്കും ദുബായ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ ത്രീ സ്റ്റേഷന്‍.
സിറ്റി സെന്‍റര്‍, അല്‍ റിഗ്ഗ, ഖാലിദ് ബിന്‍ അല്‍ വാലീദ് സ്റ്റേഷനുകളും ജനത്തിരക്കേറിയതും വാണിജ്യ സ്ഥാപനങ്ങളാല്‍ നിറഞ്ഞതും ഗതാഗതക്കുരുക്കേറിയതുമായ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആശ്വാസമേകും. നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവര്‍ സ്റ്റേഷനോടനുബന്ധിച്ചുള്ള ബഹുനില പാര്‍ക്കിംഗ് സമുച്ചയത്തില്‍ 300 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
കൂടാതെ എല്ലാ സ്റ്റേഷനുകളേയും നഗരത്തിന്‍റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കാന്‍ പ്രത്യേക ഫീഡര്‍ ബസ് സര്‍വ്വീസുകളും ഒരുക്കിയിട്ടുണ്ട്. 700 ബസുകളാണ് ഇതിനുവേണ്ടി മാത്രം സര്‍വ്വീസ് നടത്തുക.
എല്ലാ സ്റ്റേഷനുകള്‍ക്കും സമാന്തരമായി ബസ് സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്. അതിനാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ മെട്രോ റെയില്‍ സര്‍വ്വീസ് പ്രയോജനപ്പെടുത്താം. ടാക്സികളുടെ സേവനവും ഇവിടുന്ന് ലഭിക്കുമെന്നത് യാത്രക്കാര്‍ക്ക് ആശ്വാസമാണ്.
2006 മാര്‍ച്ച് 21 നാണ് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മെട്രോ റെയില്‍ പദ്ധതിക്ക് തറക്കല്ലിട്ടത്. നാലു വര്‍ഷം പോലും തികയും മുന്‍പ് റെക്കോ‍ഡ് വേഗത്തില്‍ പദ്ധതി പൂര്‍ത്തിയായി.
അന്താരാഷ്ട്ര നിലവാരത്തില്‍ പരമാവധി സുരക്ഷ ഉറപ്പുവരുത്തി അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നവീനമായ എല്ലാ സൗകര്യങ്ങളും യാത്രക്കാര്‍ക്ക് ഒരുക്കിയാണ് ദുബായ് മെട്രോ യാഥാര്‍ത്ഥ്യമാകുന്നത് എന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോരിറ്റി ഉറപ്പു നല്‍കുന്നു.
പുണ്യ റമദാന്‍ മാസത്തില്‍ ശനി മുതല്‍ വ്യാഴം വരെ രാവിലെ ആറു മുതല്‍ അര്‍ദ്ധരാത്രി 12 മണിവരെയും വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ടു മണിമുതല്‍ അര്‍ദ്ധരാത്രി 12 മണിവരെയുമാണ് ദുബായ് മെട്രോ റെയില്‍ സര്‍വ്വീസ് നടത്തുക. റമദാനു ശേഷം ശനി മുതല്‍ വ്യാഴം വരെ രാവിലെ ആറുമുതല്‍ രാത്രി 11 വരെയും വെള്ളിവാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 11 മണിവരെയുമാണ് സര്‍വ്വീസ്. ഓരോ പത്തു മിനിറ്റിലും ഒരു വണ്ടി എന്ന കണക്കില്‍ മണിക്കൂറില്‍ ഒരു ദിശയില്‍ ആറു വണ്ടികളാണ് ഓടുക.
മണിക്കൂറില്‍ ഒരു ദിശയില്‍ 3858 യാത്രക്കാര്‍ക്ക് യാത്രചെയ്യാന്‍ സൗകര്യമുള്ള മെട്രോ റെയില്‍ സര്‍വ്വീസില്‍ പ്രതീക്ഷിക്കുന്നത് മണിക്കൂറില്‍ 3500 യാത്രക്കാരെയാണ്. മെട്രോ ട്രെയ്നില്‍ യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്ന സ്മാര്‍ട് കാര്‍ഡ് വൈകാതെ തന്നെ ബസുകളിലും വാട്ടര്‍ ബസുകളിലും പാര്‍ക്കിംഗ് പ്രയോജനപ്പെടുത്താനും ഉപയോഗിക്കത്തക്കവണ്ണം പരിഷ്ക്കരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഭാഗീകമായാണ് സര്‍വ്വീസ് തുടങ്ങുന്നതെങ്കിലും പദ്ധതി 2012 ഓടെ പൂര്‍ത്തിയാകും. 47 സ്റ്റേഷനുകളാണ് പദ്ധതിയില്‍ ആകെയുള്ളത്. റെഡ് ലൈനില്‍ 29 ഉം ഗ്രീന്‍ ലൈനില്‍ 18 ഉം.
റെഡ് ലൈനില്‍ നാല് ഭൂഗര്‍ഭ സ്റ്റേഷനുകളും ഗ്രീന്‍ ലൈനില്‍ ആറ് ഭൂഗര്‍ഭ സ്റ്റേഷനുകളുമാണ് പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ ഉണ്ടാവുക. എന്തായാലും ദുബായുടെ മുഖഛായ മാറ്റുന്നു മെട്രോ റെയില്‍ മറ്റ് എമിറേറ്റുകളും അതനൊപ്പം മറ്റ് ഗള്‍ഫ് രാജ്യങ്ങളും അധികം വൈകാതെ തന്നെ ആവിഷ്ക്കരിക്കുമെന്ന് പ്രതീക്ഷിക്കാം.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com