ടെലി വിഷനിലെ റംസാന്‍ രാവുകള്‍
--അമീന്‍ പുറത്തീല്‍
ടെലിവിഷനില്‍ സംപ്രേഷണം ചെയ്യപ്പെടുന്ന പ്രത്യേക റംസാന്‍ പരിപാടികളിലധികവും റമസാന്‍റെ വിശുദ്ധിയെ കളങ്കപ്പെടുത്തുന്നതാണ്. ഖുര്‍ആന്‍ , ദിക്റ്, സ്വലാത്ത്, പ്രാര്‍ത്ഥന എന്നിവകൊണ്ട് റമസാന്‍ ദിനരാത്രങ്ങളെ ധന്യമാക്കിയിരുന്ന വീടുകളില്‍ റമസാന്‍ പ്രോഗ്രാമുകള്‍ വന്നതോടെ, റമസാന്‍റെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്ന ആരാധനാകര്‍മ്മങ്ങള്‍ അപ്രത്യക്ഷമാവുകയാണ്. റംസാന്‍ രാവ്, റംസാന്‍ നിലാവ്, പെരുന്നാള്‍ ചന്ദ്രിക തുടങ്ങിയ ഇന്പമാര്‍ന്ന പേരുകളില്‍ പ്രക്ഷേപണം ചെയ്യപ്പെടുന്നതെല്ലാം കേവലം വിനോദ പരിപാടികള്‍ മാത്രമാണ്. റമസാനല്ലാത്ത കാലങ്ങളിലെ ഫോണ്‍ ഇന്‍ പരിപാടിയുടെയും സോംഗ് ഓണ്‍ ഡിമാന്‍റിന്‍റെയും മറ്റു പതിപ്പുകളാണ് ഇവയെല്ലാം.
അല്ലാഹു, റസൂല്‍ , മക്ക, മദീന, ഫാത്തിമ, ഹാജറ, ബദ്റ്, ഉഹ്ദ്, തുടങ്ങിയ വിശുദ്ധ നാമങ്ങളെ സമന്വയിപ്പിച്ച് സംഗീത പിന്‍ബലത്തോടെ അവതരിപ്പിച്ചാല്‍ , അല്ലെങ്കില്‍ ആലപിച്ചാല്‍ ഭക്തിഗാനമായി എന്നാണ് ടെലിവിഷന്‍ പഠിപ്പിക്കുന്നത്. ഒരു മതങ്ങളിലും വിശ്വാസമില്ലാത്ത മതങ്ങളെ കുറിച്ചറിയാത്ത അവതാരകരുടെയും ഗായകരുടെയും പാട്ടുകള്‍ ഭക്തിഗാനമെന്ന് വിശേഷിപ്പിച്ചവതരിപ്പിക്കുകയാണ് ചെയ്യുന്നത്. വിശുദ്ധ പദങ്ങള്‍ ഉരുവിട്ടതുകൊണ്ട് മാത്രം പരിപാടികള്‍ ഭക്തിസാന്ദ്രമാകുന്നില്ല.
കഅബയുടെയും റൌളാ ശരീഫിന്‍റെയും പടത്തിനു നേരെ നിറുത്തി ഷൂട്ട് ചെയ്തുകൊണ്ടും ഷോ ബിസിനസുകാരായ യുവതികള്‍ക്ക് ഭക്തി അവതരിപ്പിക്കാനാവുകയില്ല. ഇക്കിളിപ്പെടുത്തുന്ന സല്ലാപങ്ങളാണ് അവരില്‍ നിന്നുണ്ടാകുന്നത്. റമളാനെ കുറിച്ചോ മതത്തെ കുറിച്ചോ വിജ്ഞാനപ്രദമായ മറ്റു കാര്യങ്ങളെ കുറിച്ചോ സംസാരിക്കാന്‍ അവര്‍ക്കാകില്ല. നോന്പുതുറ പലഹാരങ്ങളെ കുറിച്ചും നോന്പു തുറക്കാന്‍ വന്ന വിരുന്നുകാരെ കുറിച്ചും നോന്പു തുറക്കാന്‍ ചെന്ന വീടുകളെ കുറിച്ചുമൊക്കെയാണ് അവര്‍ വാചാലരാകുന്നത്. വിനോദ ചേതനകളെ പരിപോഷിപ്പിക്കുന്ന ഗോസിപ്പ് നിറഞ്ഞ സംസാരങ്ങളാണവയത്രയും.
അപ്രകാരം തന്നെയാണ് മത സംഘടനകളുടെ ബാനറില്‍ റിലീസ് ചെയ്യപ്പെടുന്ന പ്രോഗ്രാമുകളും ഖുര്‍ആന്‍ ഹദീസ് പാഠങ്ങളും ഉദ്ബോധനപരമായ മതപ്രസംഗങ്ങളും ഉള്‍പ്പെടുന്ന ഉപകാരപ്രദമായ പരിപാടികള്‍ക്കു പകരം വിനോദ പരിപാടികളാണ് അവരും താല്‍പര്യപ്പെടുന്നത്.. മതപ്രബോധനമോ ധാര്‍മ്മികമായ സന്ദേശമോ ഇസ്‍ലാമിനെ പരിചയപ്പെടുത്തലോ അല്ല, ധനാഗമന മാര്‍ഗമാണ് ഇത്തരം പ്രോഗ്രാമുകളുടെ മുഖ്യലക്ഷ്യം. അതുകൊണ്ടു തന്നെ ചെറുപ്പക്കാരെ, പ്രത്യേകിച്ചും സ്ത്രീകളെ ആകര്‍ഷിക്കുന്ന രീതിയിലുള്ള പരിപാടികള്‍ തയ്യാറാക്കുന്നു. സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തുള്ള ഇസ്‍ലാമിക ക്വിസ് പരിപാടികളും പലപ്പോഴും ഇസ്‍ലാമുമായി ബന്ധമില്ലാത്തവയാണ്. മാപ്പിളപ്പാട്ടിന്‍റെ രചയിതാവ്, ആല്‍ബത്തിന്‍റെ സംഗീത സംവിധായകന്‍ , ഗായിക തുടങ്ങിയ കാര്യങ്ങളാണ് ഇസ്‍ലാമിക ക്വിസ്.
വഴിവിളക്ക്, പ്രകാശരേഖ, ധര്‍മ്മവീഥി പോലുള്ള പേരുകളില്‍ അവതരിപ്പിക്കുന്ന പരിപാടികളും നാട്ടിലെ മങ്ങിയ തെരുവുവുളക്കിന്‍റെ പ്രയോജനം പോലുമില്ലാത്തവയാണ്. മാത്രമല്ല, നന്മയുടെ പേരിലുള്ള ചില പരിപാടികള്‍ നന്മയേക്കാള്‍ കൂടുതല്‍ തിന്മ പ്രദാനം ചെയ്യുന്നവയാണ്. സ്ക്രീനില്‍ പച്ചനിറത്തില്‍ ചന്ദ്രക്കലയും നക്ഷത്രവും പ്രദര്‍ശിപ്പിച്ചതു കൊണ്ട് പരിപാടി ഇസ്‍ലാമികമാകില്ല. ലൈലത്തുല്‍ ഖദ്ര്‍ പോലുള്ള സംഗീത ആല്‍ബത്തിന് റമസാനിലെ ലൈലത്തുല്‍ ഖദ്റുമായി ഒരു ബന്ധവുമില്ലാത്തതു പോലെ.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്പ് ഒരു പ്രമുഖചാനല്‍ ഒരു മുസ്‍ലിം വിശേഷദിവസം സ്ത്രീകള്‍ പര്‍ദ ധരിക്കുന്നതിനെക്കുറിച്ച് നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്ത സാംസ്കാരിക സാമൂഹ്യ നായകരിലധികവും അഭിപ്രായപ്പെട്ടത് പര്‍ദ അസ്വാതന്ത്ര്യത്തിന്‍റെയും യഥാസ്ഥിതികതയുടെയും പ്രതീകമെന്നാണ്. പര്‍ദ വിരോധികളായ ഇസ്‍ലാമിക മതവിരോധികളായ നായകരെ പങ്കെടുപ്പിച്ചുള്ള ചര്‍ച്ചകള്‍ തന്നെ മുസ്‍ലിം സ്ത്രീ സമൂഹത്തില്‍ ഒരു നെഗറ്റീവ് മെസേജ് നല്‍കാന്‍ വേണ്ടിയാണ്. ആ പരിപാടിയില്‍ പര്‍ദയെ അനുകൂലിച്ചു സംസാരിക്കുന്നയാള്‍ക്ക് വളരെ കുറഞ്ഞ സമയം മാത്രമെ അനുവദിച്ചിരുന്നുള്ളൂ. ഇസ്‍ലാമിന്‍റെ തനതായ സംസ്കാരത്തെയും വിശുദ്ധിയെയും കളങ്കപ്പെടുത്തുകയും മതത്തെ വികലമായി ചിത്രീകരിക്കുക എന്ന ഹിഡന്‍ അജണ്ട ഇത്തരം ടി.വി. പരിപാടികള്‍ക്കു പിന്നിലുണ്ട്. ഇസ്‍ലാമിന്‍റെ പേരിലുള്ള ഒട്ടുമിക്ക പരിപാടികളും ദുരുദ്ദേശ്യപരവും തെറ്റായ സന്ദേശം നല്‍കുന്നവയുമാണ്.
ആദ്യകാലങ്ങളില്‍ മാപ്പിളപ്പാട്ടുകള്‍ ശബ്ദം മാത്രമായിരുന്നു. ഇന്നത് ഹോളിവുഡ് ഗാനങ്ങളെ വെല്ലുന്ന ആല്‍ബങ്ങളാണ്. ബെല്ലിഡാന്‍സുകളെ വെല്ലുന്ന നൃത്തങ്ങളാണ്. കുടുംബത്തിന് ഒന്നിച്ചിരുന്ന് കാണാന്‍ പറ്റാത്തവ.
നോന്പുതുറ വിഭവങ്ങള്‍ സ്വാദിഷ്ടമായി ഉണ്ടാക്കാനുള്ള പഠന ക്ലാസുകളാണ് ടെലിവിഷന്‍ പ്രോഗ്രാമിലെ മറ്റൊരു ഇനം. കുത്തക മുതലാളിമാരുടെ ഭക്ഷണക്കന്പനികള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഈ പരിപാടികള്‍ വീട്ടുകാരികളുടെ സമയം പാഴാക്കുകയാണ് ചെയ്യുന്നത്. വീട്ടുകാരികളെ മടിയത്തികളാക്കിയാലെ അവരുടെ ഉല്‍പന്നങ്ങള്‍ കൂടുതല്‍ ചെലവാക്കുകയുള്ളൂ. ക്രമേണ കേരളത്തിലെ പത്തിരിക്കും കഞ്ഞിക്കും പകരം നൂഡില്‍സിലേക്കും സോഫ്ട് ഡ്രിങ്ക്സിലേക്കും നോന്പുതുറ വഴിമാറുന്നു. അല്ലെങ്കില്‍ വടയുണ്ടാക്കുന്നതും പഴംപൊരിക്കുന്നതും പഠിപ്പിക്കാനെന്തിരിക്കുന്നു?.
ടെലിവിഷനില്‍ പ്രത്യക്ഷപ്പെടാനുള്ള വീട്ടുകാരികളുടെയും ചെറുപ്പക്കാരുടെയും ആഗ്രഹത്തെ ചൂഷണം ചെയ്ത് ടി.വി. ക്യാമറകള്‍ വീടിന്‍റെ അകത്തളത്തിലേക്കും നോന്പുതുറയിലേക്കും ചെന്നെത്താറുണ്ട്. തീന്‍മേശയിലെ തളികകളിലേക്കും വീട്ടുകാരിയുടെ മുഖസൌന്ദര്യത്തിലേക്കുമാണ് ക്യാമറക്കണ്ണുകളുടെ നോട്ടം. അതിനാല്‍ തന്നെ ഇവ ഭംഗിയായി പ്രദര്‍ശിപ്പിക്കാന്‍ വീട്ടുകാരികളും തയ്യാറാവുന്നു. പഴവര്‍ഗങ്ങള്‍ കൊണ്ടും പലഹാരങ്ങള്‍ കൊണ്ടും പഴച്ചാറുകള്‍ കൊണ്ടും തീന്‍മേശകള്‍ സമൃദ്ധമായി അലങ്കരിക്കുന്നു. ഷൂട്ടിംഗ് കഴിഞ്ഞാല്‍ തീന്‍മേശ അലങ്കരിക്കാനുപയോഗിച്ച ഈ ഭക്ഷണങ്ങളൊക്കെയും കാലിത്തൊഴുത്തിലേക്കോ കച്ചറത്തൊട്ടിയിലേക്കോ വലിച്ചെറിയപ്പെടുകയാണ്. നോന്പു നോറ്റും നോന്പു തുറപ്പിച്ചും പുണ്യം നേടുന്നതിന് പകരം നോന്പു തുറയും ഭക്ഷണവും പാഴാക്കി പാപം പെയ്യിക്കുകയാണ് ടി.വി.യുടെ ക്യാമറക്കണ്ണുകള്‍ ചെയ്യിക്കുന്നത്. കച്ചവട മനഃസ്ഥിതിക്കാര്‍ക്ക് അത്താഴമുണ്ണാത്തവരുടെയും നോന്പുതുറക്കാത്തവരുടെയും ദുരന്തങ്ങള്‍ കാണാനാവില്ലല്ലോ. ഭക്ഷണങ്ങള്‍ അലങ്കാരത്തിനല്ലെന്ന സത്യം ഇവിടെ വിസ്മരിക്കപ്പെടുന്നു.
ഒരുമയുടെയും സാഹോദര്യത്തിന്‍റെയും പ്രതീകമായ സമൂഹനോന്പുതുറയും പ്രദര്‍ശനപരതയാല്‍ ദുര്‍വ്യയത്തിന്‍റെയും ആര്‍ഭാടത്തിന്‍റെയും സദസ്സുകളായി മാറുകയാണ്. അത്തരം സദസ്സുകള്‍ നന്മയുടെ മാലാഖകള്‍ക്ക് പകരം തിന്മയുടെ പിശാചുകള്‍ കയ്യടക്കുന്നു. അനുഷ്ഠിച്ച വ്രതങ്ങള്‍ നിഷ്ഫലമാക്കുന്ന പ്രത്തികളാണിതൊക്കെയും. ഗള്‍ഫിലുള്ളവര്‍ക്ക് നാട്ടിലുള്ളവരെയും നാട്ടിലുള്ളവര്‍ക്ക് ഗള്‍ഫിലുള്ളവരെയും കാണാം എന്ന പ്രലോഭനത്തിന് വശംവദരായി ഇരുകൂട്ടരും ടെലിവിഷനില്‍ പ്രത്യക്ഷപ്പെടാന്‍ വെന്പല്‍ കൊള്ളുന്പോള്‍ റമസാനിലെ പരിശുദ്ധമായ ദിനരാത്രങ്ങളാണ് പാഴാകുന്നതെന്ന വസ്തുത മറക്കപ്പെടുന്നു. ഗള്‍ഫിലുള്ളവരെ കാണാന്‍ ഒരുപക്ഷെ രാത്രികാലങ്ങളിലെ നിസ്കാരങ്ങള്‍ പോലും മുഴുമിക്കാതെ ടെലിവിഷന് മുന്പിലേക്ക് ഓടേണ്ടി വരുന്നു. ശംസാന്‍ മാസത്തില്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്ന ടെലിവിഷന്‍ വീണ്ടും ഓണ്‍ ചെയ്യാന്‍ ഇത്തരം പ്രോഗ്രാമുകള്‍ പ്രേരിപ്പിക്കുന്നു. ഖുര്‍ആനിലും ആരാധനയിലും ഏര്‍പ്പെടുന്ന കുടുംബിനികള്‍ ടി.വിയിലേക്ക് വീണ്ടും തിരിയുന്നു. എന്നാല്‍ പരിപാടികളാവട്ടെ ഗുണകരമല്ലാത്തതും. മാത്രമല്ല, പരിപാടി വിരസമാകുന്പോള്‍ റിമോട്ടിന്‍റെ ബട്ടണുകള്‍ അടുത്ത ചാനലുകളിലെ നയന മനോഹര ദൃശ്യങ്ങളിലേക്ക് തന്നെ തിരിയുകയാണ്.
സംഘര്‍ഷഭരിതമായ മനസ്സുകള്‍ക്ക് ശാന്തി നല്‍കുന്ന ഖുര്‍ആന്‍ പാരായണം, ദിക്റ്, സ്വലാത്ത്, മറ്റു പ്രാര്‍ത്ഥനകള്‍ എന്നിവയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചും മുഴുകിയും റമളാന്‍റെ പുണ്യം കൈവരിക്കാന്‍ ശ്രമിക്കുകയാണ് നാം ചെയ്യേണ്ടത്. ഒരു സാമൂഹ്യനന്മയായി കണക്കിലെടുത്ത് ടെലിവിഷന്‍ പ്രോഗ്രാമുകള്‍ കാണുന്നത് തടയുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യേണ്ടതാണ്.--അമീന്‍ പുറത്തീല്‍
Labels
News
(53)
metro
(25)
News Highlight
(13)
Friday's Talk
(6)
Introduction
(5)
Notice
(5)
Cartoon
(4)
Editorial
(3)
Feature
(3)
mubarak
(3)
Charity
(2)
Film Focus
(2)
Health Focus
(2)
Meelad
(2)
Obituary
(2)
World News
(2)
samastha
(2)
സമസ്ത പൊതു പരീക്ഷ ഫലം-പത്താം ക്ലാസ്സ്
(2)
.h moulavi e ahmed
(1)
24 country
(1)
A beautiful art work by a chithari folk
(1)
Brunei
(1)
Cookery (Gastronomy)
(1)
Dictionary
(1)
Exam Result
(1)
International News
(1)
LEGAL DEPARTMENT advocate
(1)
Poem
(1)
Royal Wedding
(1)
Science
(1)
Tags: Daughter of Brunei's sultan weds in elaborate ceremony
(1)
Wedding
(1)
Youtube Watch
(1)
balla beach
(1)
chithari
(1)
chithari beach sea attack
(1)
chithari shareef killed sharjah
(1)
hamza
(1)
iuml
(1)
kerala yathra chithari ssf
(1)
kochi metro rail
(1)
metro muhammad haji chithari award
(1)
moideen chithari mappilappattu
(1)
moidu
(1)
mubark hasinar haji c
(1)
musliyar
(1)
north
(1)
phd saquafi kasaragod markaz
(1)
sanjari
(1)
sys
(1)
tuition
(1)
yathra
(1)
अजनुर पंचायत रिजल्ट
(1)
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com
0 comments:
Post a Comment