വെള്ളിക്കോത്തെ സംഗീതകുടുംബത്തില്‍ ഇക്കുറിയും വിനീതിന്റെ ഹാട്രിക്

on Jan 7, 2012


ചെര്‍ക്കള:ജില്ലാകലോത്സവത്തില്‍ ഹാട്രിക് വിജയവുമായി ഇക്കുറിയും പി.വിനീത് തന്റെ കുടുംബത്തിന്റെ സംഗീതപാരമ്പര്യം നിലനിര്‍ത്തി. വെള്ളിക്കോത്തെ പുറവങ്കര തറവാട്ടംഗമായ വിനീത് ഇത്തവണ ഹയര്‍ സെക്കന്‍ഡറി വിഭാഗം കഥകളിസംഗീതം, മൃദംഗം സംസ്‌കൃത പദ്യോച്ചാരണം എന്നിവയില്‍ എ ഗ്രേഡ് നേടിയാണ് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും തന്റെ സംഗീതകുടുംബത്തിനും അഭിമാനമായത്.

കഴിഞ്ഞവര്‍ഷത്തെ സംസ്ഥാന കലോത്സവത്തില്‍ ആറിനങ്ങളില്‍ മത്സരിച്ച് 30 പോയിന്‍േറാടെയാണ് പി.വിനീത് വ്യക്തിഗത ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയത്. മുത്തശ്ശിമുതല്‍ ചേച്ചിവരെ സംഗീതത്തിന്റെ സപ്തസ്വരങ്ങള്‍ പകര്‍ന്നുതന്നപ്പോള്‍ പി.വിനീത് മത്സരിക്കാന്‍ കഴിയുന്ന ഇനങ്ങളിലൊക്കെ മാറ്റുരച്ചു. അഷ്ടപദി, ഗാനാലാപനം, ശാസ്ത്രീയസംഗീതം, കഥകളിസംഗീതം, മൃദംഗം, സംസ്‌കൃതപദ്യോച്ചാരണം എന്നീ ആറിനങ്ങളിലാണ് എ ഗ്രേഡ് കഴിഞ്ഞവര്‍ഷം നേടിയത്.

അമ്മയുടെ ചേച്ചി പ്രസന്നയാണ് സംഗീതത്തിന്റെ ആദ്യക്ഷരങ്ങള്‍ വിനീതിന് പകര്‍ന്നത്. തുടര്‍ന്ന് വിവിധ ഗുരുക്കന്മാരുടെ കീഴില്‍ സംഗീതം അഭ്യസിച്ചു. ഇപ്പോള്‍ ശാസ്ത്രീയസംഗീതത്തില്‍ ടി.പി.ശ്രീനിവാസന്‍ മാഷും കഥകളിസംഗീതത്തില്‍ കലാനിലയം ഹരിദാസനും മൃദംഗത്തില്‍ വെള്ളിക്കോത്ത് രാജീവ്‌ഗോപാലും വിനീതിന് പരിശീലനം നല്‍കുന്നു.

സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ വിനീതിന്റെ അമ്മ നളിനി പങ്കെടുത്തിട്ടുണ്ട്. ചേച്ചി ആശ മുമ്പ് ജില്ലാ കലാതിലകമായിരുന്നു. അച്ഛന്‍: എ.എം.അശോക്കുമാര്‍.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com