ലീഗ് നേതൃത്വം ഐ.എന്‍.എല്ലുമായി ചര്‍ച്ച നടത്തി

on Aug 1, 2010

കാസര്‍കോട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പിനെപ്പറ്റി ധാരണയാക്കാന്‍ തിങ്കളാഴ്ച യു.ഡി.എഫ് യോഗം നടക്കാനിരിക്കെ മുസ്‌ലിം ലീഗ് നേതൃത്വം ഐ.എന്‍.എല്‍ നേതാക്കളുമായി ചര്‍ച്ച നടത്തി. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് ചര്‍ച്ച നടന്നത്. മുസ്‌ലിം ലീഗിലെയും ഐ.എന്‍.എല്ലിലെയും പ്രമുഖ നേതാക്കള്‍ പങ്കെടുത്തു. പിണക്കത്തിന് ശേഷം സംസ്ഥാനത്ത് ആദ്യമായിട്ടാണ് മുസ്‌ലിം ലീഗ് ഐ.എന്‍.എല്ലുമായി സംയുക്ത വേദി പങ്കിടുന്നത്. നീണ്ട വര്‍ഷങ്ങളുടെ ഇടത് സമ്പര്‍ക്കം ഒഴിവാക്കി വന്ന ഐ.എന്‍.എല്ലിന് ആ ബന്ധം വിച്ഛേദിച്ച് രണ്ട് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത്തരമൊരു സാഹചര്യം ഒരുങ്ങിയത് സംസ്ഥാന രാഷ്ട്രീയം ഏറെ പ്രാധാന്യത്തോടെയാണ് കാണുക. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഐ.എന്‍.എല്ലിനെ മുന്‍നിര്‍ത്തി ലീഗ് കോട്ടകള്‍ ഭേദിച്ച സി.പി.എമ്മിനെ തറപറ്റിക്കാന്‍ ഐ.എന്‍.എല്ലിനെ മുന്‍നിര്‍ത്തി അതേ തന്ത്രം തന്നെയായിരിക്കും ലീഗ് വഴി യു.ഡി.എഫും പയറ്റുക. ഇടത് കോട്ടകള്‍ തകര്‍ത്ത് ഇരട്ടിവിജയം നേടുമെന്ന് യു.ഡി.എഫ് ചെയര്‍മാന്‍ കൂടിയായ ചെര്‍ക്കള അബ്ദുള്ള, ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.എ.നെല്ലിക്കുന്നിനെ കെട്ടിപ്പിടിച്ചുകൊണ്ടാണ് പറഞ്ഞത്. ലീഗും ഐ.എന്‍.എല്ലും തമ്മിലുള്ള ചില കേസുകള്‍ കോടതിയില്‍ പറഞ്ഞ് തീര്‍ക്കുന്നതടക്കമുള്ളവ ചര്‍ച്ച ചെയ്യാനാണ് സംയുക്തയോഗം വിളിച്ചതെന്ന് ചെര്‍ക്കളം അബ്ദുള്ള പറഞ്ഞു.എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് ആദ്യ അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും വേദി പങ്കിടാന്‍ വിടാഞ്ഞ സി.പി.എമ്മിനോടുള്ള അടങ്ങാത്ത രോഷം തിരഞ്ഞെടുപ്പില്‍ കാണിക്കുമെന്നാണ് ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.എ.നെല്ലിക്കുന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. മുസ്‌ലിം ലീഗ് നേതാക്കളായ സി.ടി.അഹമ്മദലി എം.എല്‍.എ, എം.സി.ഖമറുദ്ദീന്‍, പി.ബി.അബ്ദുള്‍റസാഖ്, എ.ഹമീദ് ഹാജി, എന്‍.എ.ഖാലിദ്, എ.ജി.സി.ബഷീര്‍, കെ.കെ.അബ്ദുള്ളക്കുഞ്ഞി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മുഹമ്മദ് മുബാറക്ഹാജി, പി.ബി.അഹമ്മദ്, കെ.എം.ഷംസുദ്ദീന്‍ തുടങ്ങിയവരടക്കമുള്ള ഐ.എന്‍.എല്‍ നേതാക്കള്‍ ചര്‍ച്ചക്കെത്തിയിരുന്നു. മധുര പലഹാര വിതരണം ചെയ്താണ് ലീഗ് -ഐ.എന്‍.എല്‍ നേതാക്കള്‍ പിരിഞ്ഞത്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com