ഇതിഹാസപ്പെരുമ

on Dec 28, 2009

വടക്കേ മലബാറിലെ എലിമെന്ററി സ്കൂളില്‍ ഗോപാലന്‍ മാഷ് തറയും പറയും പഠിപ്പിക്കുമ്പോള്‍ അയാള്‍ പറയുന്ന ഭാഷ മനസ്സിലാവാതെ ഒരു എട്ടുവയസ്സുകാരന്‍ മിഴിച്ചിരുന്നു. പരന്ന മൂക്കും ചെറിയ കണ്ണും വട്ടമുഖവും മഞ്ഞ നിറവുമുള്ള ആ മംഗോളിയന്‍കുട്ടിയെ സഹപാഠികള്‍ ഒരു വിചിത്രജീവിയെപ്പോലെ കണ്ടു. വല്ലാത്ത തടിയും വണ്ണവുമുള്ള ആ കൌതുകവസ്തുവിനെ അവര്‍ കളിക്കാന്‍ കൂടെ കൂട്ടിയില്ല. മലയാളദേശത്തിന് അന്യമായ മുഖഭാവങ്ങളുള്ള കുട്ടിയെ മുന്നില്‍നിറുത്തി 'ചൈനക്കാരന്റെ കണ്ണു കണ്ടോ, മൂക്കു കണ്ടോ' എന്നു പറഞ്ഞ് മാഷ് പല രാജ്യങ്ങളെപ്പറ്റിയുള്ള ക്ലാസെടുത്തു. ക്ലാസ്മുറിയില്‍ സമപ്രായക്കാര്‍ പറയുന്ന ഭാഷയറിയാതെ അപ്പോഴും അവന്‍ മിഴിച്ചിരുന്നു. ബര്‍മയിലെ ഐരാവതി നദീതീരത്തെ ബില്ലിന്‍ എന്ന ഗ്രാമവും ബുദ്ധമതക്കാരുടെ ആരാധനാലയങ്ങളായ പഗോഡകളും മരപ്പലകകൊണ്ടുണ്ടാക്കിയ ചുവരുള്ള വീടുകളുമായിരുന്നു അവന്റെ മനസ്സില്‍. ബുദ്ധമതക്കാരിയായ അമ്മ മാമൈദി ഒരുമ്മയോ തലോടലോ തരാതെ പിറന്ന് മൂന്നാംനാള്‍ മരിച്ചുപോയി. അനാഥത്വത്തിന്റെയും അവഗണനയുടെയും അന്തമില്ലാത്ത അലച്ചിലുകളുടെയും കയ്പുണ്ടായിരുന്നു അവന്റെ കണ്ണീരിന്. കേരളം എന്ന അപരിചിത ദേശത്ത് സഹപാഠികള്‍ക്കിടയില്‍ മലയാളമറിയാതെ പകച്ചുനിന്ന ആ ഏഴു വയസ്സുകാരന്‍ പിന്നീട് മലയാളത്തിലെ മുന്‍നിര എഴുത്തുകാരിലൊരാളായി. കളിയാക്കിച്ചിരിച്ച ആരേക്കാളും ആഴത്തില്‍ ഈ ദേശത്തെയും ഭാഷയെയും ചരിത്രത്തില്‍ രേഖപ്പെടുത്തിവെച്ചു.
പൂര്‍വികര്‍ ചുവടുറപ്പിച്ചങ്കം വെട്ടിയും ചുരിക ചുഴറ്റിച്ചവിട്ടിയും ചുവടുറപ്പിച്ച കളരിമുറ്റങ്ങളും പെരുങ്കളിയാട്ടക്കാവില്‍ മുടിചൂടിയുടുത്തുകെട്ടിയുറഞ്ഞെത്തുന്ന തെയ്യക്കോലങ്ങളും തീപ്പന്തങ്ങളുടെ ജ്വാലയില്‍ ആവേശിതനായി ഉറഞ്ഞു തുള്ളി ഉതിരമൊലിപ്പിക്കുന്ന കോമരങ്ങളും പകലും ഇരുട്ടായ ഇടവഴികളും വഴിയോരത്തെ ഒറ്റക്കാഞ്ഞിരത്തില്‍ ചോരക്കാശിച്ചിരിക്കുന്ന പാതിരാപ്പോതിയും നാഗക്കളത്തില്‍ മാറുമറയ്ക്കാതെ മുടിയാട്ടിയിഴഞ്ഞ് കളം മായ്ക്കുന്ന സര്‍പ്പസുന്ദരികളും നിറഞ്ഞ ഒരു നാടിന്റെ പെരുമകള്‍ മലയാളിയുടെ അനുഭവലോകത്തേക്ക് കൊണ്ടുവന്ന തൃക്കോട്ടൂര്‍ പെരുമയുടെ ഇതിഹാസകാരനെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ അംഗീകാരം തേടിയെത്തിയിരിക്കുന്നു. ബര്‍മാത്തെരുവില്‍ വെറുമൊരു വഴിയോരക്കച്ചവടക്കാരനോ കൊയിലാണ്ടിയില്‍ നിത്യപട്ടിണിക്കാരനായ ബീഡിതെറുപ്പുകാരനോ ആകുമായിരുന്ന ഉസ്സാന്റകത്ത് അബ്ദുല്‍ ഖാദര്‍ എന്ന യു.എ. ഖാദര്‍ അങ്ങനെ ഒരിക്കല്‍ക്കൂടി മലയാളത്തിന്റെ അഭിമാനമാവുന്നു.
ഒരു ദേശത്തിന്റെ തനിമയെ ഫോക്ലോര്‍ പണ്ഡിതനേക്കാള്‍ ആഴത്തില്‍ അറിഞ്ഞ ഒരാള്‍. കോഴിക്കോട് ജില്ലയിലെ തൃക്കോട്ടൂര്‍, പന്തലായനി എന്നീ രണ്ടു ചെറുദേശങ്ങളെ ഇണക്കിച്ചേര്‍ത്തുകൊണ്ട് നാടോടിജീവിതങ്ങളും വാമൊഴിവഴക്കങ്ങളും ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും നിറച്ച ഒരു ഭാവനാലോകം അയാള്‍ പണിതുയര്‍ത്തി. ഉണ്‍മയുടെ ഊറ്റം കൂടി വാണുറയും തട്ടകം ഇവനെയണച്ചുപൂട്ടി. വടക്കന്‍പാട്ടിന്റെ ഈണത്തില്‍ ഒഴുകിയണയുന്ന താളാത്മകമായ ഗദ്യത്തില്‍ ആ ദേശത്തിന്റെ മിത്തുകളെയും സ്വപ്നങ്ങളെയും അദ്ദേഹം കടുംനിറത്തില്‍ ആവിഷ്കരിച്ചു. ഒരു യക്ഷിക്കഥപോലെ, നാടോടിക്കഥപോലെ, ഐതിഹ്യംപോലെ ഒരു പ്രദേശത്തിന്റെ ജീവിതം വായിക്കാന്‍ തൃക്കോട്ടൂരിന്റെ ഇതിഹാസകാരന്‍ അനുവാചകനെ പ്രാപ്തനാക്കുന്നു. മുത്തപ്പന്‍കാവുകളിലും തിറപ്പറമ്പുകളിലും കളമെഴുത്തും കോലംതുള്ളലും നടക്കുന്ന വീട്ടുമുറ്റങ്ങളിലും ദേശത്തിന്റെ പ്രാക്തന ജീവിതത്തിന്റെ അടയാളങ്ങള്‍ തേടി നടന്ന ഈ എഴുത്തുകാരനെ മലയാളത്തിന്റെ നാടോടിവിജ്ഞാനീയം പഠിക്കുന്ന അക്കാദമിക് പണ്ഡിതര്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഒരു പഴങ്കഥ പറയുന്ന ലാഘവത്തോടെ ഖാദര്‍ വിശ്വാസങ്ങള്‍ വേരിറങ്ങിയ ഒരു ഭൂമികയുടെ നേരുകള്‍ ഈണമുള്ള ഗദ്യത്തില്‍ പറയുമ്പോള്‍ അതില്‍ തെളിയുന്ന മിത്തുകളുടെ വിശാലമായ പ്രപഞ്ചം തിരിച്ചറിയാന്‍ നമ്മുടെ ഫോക്ലോര്‍ പണ്ഡിതര്‍ക്കു കഴിഞ്ഞിട്ടില്ല. പ്രാദേശിക ചരിത്രത്തെ പുനര്‍നിര്‍മിക്കുന്ന ഈ എഴുത്തുകാരനുള്ള അര്‍ഹിക്കുന്ന അംഗീകാരമായി കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്. ഗള്‍ഫ് മലയാളിയുടെ വരവോടുകൂടി ആവിര്‍ഭവിക്കുന്ന തറവാട്ട് പ്രതിസന്ധി വരച്ചുകാട്ടുന്ന 'കുരിക്കളകം തറവാട്' ഉള്‍പ്പെടെ എട്ടു നോവെല്ലകളുടെ സമാഹാരമാണ് അവാര്‍ഡിനര്‍ഹമായ 'തൃക്കോട്ടൂര്‍ നോവെല്ലകള്‍'. 'വരോളിക്കാവില്‍ ഓലച്ചൂട്ടുതെറ', 'പുലിമറ ദൈവത്താര്‍', 'പൊന്നുരുളി', 'കൈമുറിയന്‍ നാരായണന്‍', 'പിടക്കോഴി കൂവുമിടം', 'ഭഗവതിച്ചൂട്ട്', 'വണ്ണാര്‍തൊടിക്കല്‍ വൈദ്യന്മാര്‍' എന്നിവയാണ് ഫോക്ലോര്‍ പശ്ചാത്തലമുള്ള അവാര്‍ഡ് കൃതിയിലുള്ള മറ്റു നോവെല്ലകള്‍.
കൊയിലാണ്ടിയിലെ യൂസങ്ങാണ്ടകത്ത് മൊയ്തീന്‍കുട്ടി ഹാജി എന്ന വഴിവാണിഭക്കാരന്റെയും ബുദ്ധമതവിശ്വാസിയായ മാമൈദിയുടെയും മകനായി 1935 ജൂലൈ ഒന്നിന് റങ്കൂണിലെ ബില്ലിന്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു. പ്രസവത്തോടെ അമ്മ മരിച്ചു. ബാപ്പ മകനെ കച്ചവടസ്ഥലങ്ങളിലേക്കു കൊണ്ടുപോവുക പതിവായി. ഖാദര്‍ ബര്‍മീസ് പാരമ്പര്യത്തില്‍ വളര്‍ന്നില്ല. രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ബര്‍മയിലെ മലയാളികള്‍ക്ക് സര്‍വതും ഉപേക്ഷിച്ച് നാട്ടിലേക്കു പലായനം ചെയ്യേണ്ടിവന്നു. അരക്കാന്‍ മലനിരകളിലൂടെ ചിറ്റഗോങ് വഴി കാല്‍നടയായി ഇന്ത്യയിലേക്കു പ്രവഹിച്ച അഭയാര്‍ഥികളുടെ കൂട്ടത്തില്‍ എട്ടു വയസ്സുകാരനായ കൊച്ചു ഖാദറും ഉണ്ടായിരുന്നു. ബര്‍മക്കാരിയില്‍ പിറന്ന ചെക്കനെ അഭയാര്‍ഥിക്യാമ്പില്‍ ഉപേക്ഷിക്കാന്‍ ബാപ്പയോട് ബന്ധുക്കളില്‍ പലരും ഉപദേശിച്ചതാണ്. അതൊന്നും ചെവിക്കൊള്ളാതെ മകനെ തോളിലേറ്റി ആ പിതാവ് മലയിറങ്ങി. കൊയിലാണ്ടിയില്‍ എത്തുമ്പോള്‍ അറിയാവുന്ന ഭാഷ ബര്‍മീസ് മാത്രമായിരുന്നു. ബാപ്പ ബന്ധുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി രണ്ടാമത് കല്യാണം കഴിച്ചപ്പോള്‍ ഇളയമ്മയുടെ വീട്ടിലായി ഖാദറിന്റെ താമസം. അനാഥത്വത്തിന്റെ ആഴമറിഞ്ഞ നാളുകള്‍. ഒരു കല്യാണച്ചടങ്ങിനുപോവുന്ന ബസില്‍ എല്ലാ കുട്ടികളും കയറി അമ്മമാരുടെ മടിയിലിരുന്നപ്പോള്‍ കൊച്ചുഖാദറിന് ഇരിക്കാന്‍ ഒരു മടിയില്ലായിരുന്നു. അനാഥനെ മടിയിലിരുത്താന്‍ ആരും തയാറായില്ല. അവനും കയറിക്കോട്ടെ എന്നു പറയാനും ആരുമില്ലായിരുന്നു. അവനെ ബസില്‍നിന്ന് പിടിച്ചിറക്കുന്നതു കണ്ട ഒരു മനുഷ്യനു കാരുണ്യം തോന്നി. മുസ്ലിം വിദ്യാര്‍ഥി സംഘത്തിന്റെയും ഇന്ത്യന്‍ നാഷനല്‍ ഗാര്‍ഡിന്റെയുമൊക്കെ പ്രവര്‍ത്തകനും തീപ്പൊരി പ്രസംഗകനുമായ സി.എച്ച്. മുഹമ്മദ് കോയയായിരുന്നു അത്. കരഞ്ഞുനില്‍ക്കാതെ വല്ലതും വായിച്ചു നന്നാവാന്‍ നോക്ക് എന്നു പറഞ്ഞ് 'ബാല്യകാലസഖി' എന്ന പുസ്തകം കൈയില്‍ കൊടുത്തു. വായനയുടെ ലോകത്തിരിക്കുമ്പോള്‍ വ്യക്തിപരമായ വേദനകള്‍ മാഞ്ഞുപോയി. ആ പുസ്തകത്തില്‍ ഒതുങ്ങിയില്ല സി.എച്ചിന്റെ കാരുണ്യം. അദ്ദേഹം ഖാദറിനെ മലയാള സാഹിത്യവുമായി അടുപ്പിച്ചു. വായനശാലയില്‍ അംഗമാവാനും ചെകോവിന്റെയും മോപ്പസാങ്ങിന്റെയും കഥകള്‍ വായിക്കാനും പ്രേരിപ്പിച്ചു. കഥകള്‍ എഴുതാന്‍ നിര്‍ബന്ധിച്ചു. ആദ്യകഥ 'വിവാഹസമ്മാനം' വാങ്ങിക്കൊണ്ടുപോയി ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ചു. അതോടെ എഴുത്തുകാരനാവാനുള്ള പ്രചോദനം പകര്‍ന്നുകിട്ടിയിരുന്നു.
മദ്രാസിലെ സ്കൂള്‍ ഓഫ് ആര്‍ട്സിലെ രണ്ടു വര്‍ഷത്തെ ചിത്രകലാപഠനം സാഹിത്യസംരംഭത്തിനു മുതല്‍ക്കൂട്ടായി. എം. ഗോവിന്ദന്‍, നമ്പൂതിരി, ടി. പത്മനാഭന്‍ എന്നീ പ്രതിഭകള്‍ക്കൊപ്പം ഇടപഴകാന്‍ അവസരം കിട്ടി. പിന്നീട് നാട്ടില്‍ തിരിച്ചെത്തി ദേശാഭിമാനി വാരികയുടെ കീഴിലുള്ള 'പ്രപഞ്ചം' വാരികയില്‍ സഹപത്രാധിപരായി. പിന്നീട് കേരള സര്‍ക്കാറിന്റെ ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്തു. 1990ല്‍ സര്‍വീസില്‍നിന്നു വിരമിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എസ്.കെ. പൊറ്റെക്കാട്ട് അവാര്‍ഡ്, മലയാറ്റൂര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍. തൃക്കോട്ടൂര്‍ പെരുമ, ഭഗവതിച്ചൂട്ട്, വായേ പാതാളം, അഘോരശിവം തുടങ്ങി അമ്പതില്‍പരം രചനകള്‍. ഇപ്പോള്‍ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റ്. 1957ല്‍ തിക്കോടിക്കാരി ഫാത്തിമ ജീവിതത്തിലേക്കു കടന്നുവന്നു. ഇവര്‍ക്ക് അഞ്ചു മക്കള്‍.

O. Abdul Rahman
27-12-2009 Madhyamam Editorial

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com