യുഎഇ ദേശീയദിനാഘോഷം: ദുബൈയില്‍ താരമായി ബേക്കലിലെ ഇഖ്‌ബാലും ചമഞ്ഞൊരുങ്ങിയ ഫോര്‍വീലറും

on Dec 3, 2009

ഇഖ്‌ബാല്‍ അലങ്കരിച്ച തന്റെ വാഹനത്തോടൊപ്പം ദുബൈ വീഥിയില്‍
ദുബൈ: യുഎഇ ദേശീയ ദിനത്തില്‍ ആവേശം വിതറി മലയാളിയായ ഇഖ്‌ബാല്‍ അബ്‌ദുല്‍ ഹമീദും അദ്ദേഹത്തിന്റെ ഫോര്‍വീലറും. യുഎഇ ഭരണാധികാരികളുടെ ബഹുവര്‍ണ ചിത്രങ്ങള്‍ പതിച്ച വാഹനത്തില്‍ കന്തൂറയും ഗത്തറയും ധരിച്ച്‌, പുഞ്ചിരി തൂകിക്കൊണ്ട്‌ ഇഖ്‌ബാല്‍ ദുബൈ വീഥികളിലൂടെ തലങ്ങും വിലങ്ങും പാഞ്ഞപ്പോള്‍ വഴിയാത്രക്കാരുടെയും കാഴ്‌ചക്കാരുടെയും മനം നിറഞ്ഞു.
കാസര്‍കോട്‌ ബേക്കല്‍ ഹദ്ദാദ്‌ നഗര്‍ സ്വദേശി അബ്‌ദുല്‍ ഹമീദിന്റെ മകന്‍ ഇഖ്‌ബാല്‍ വന്‍തുക ചെലവഴിച്ചാണ്‌ സ്വദേശികളെ അനുകരിച്ച്‌ തന്റെ വാഹനം മോടിപിടിപ്പിച്ചത്‌. മികച്ച രീതിയില്‍ അലങ്കാരപ്പണി ചെയ്‌ത വാഹനങ്ങള്‍ക്ക്‌ ആഘോഷക്കമ്മിറ്റി സംഘാടകര്‍ പ്രഖ്യാപിച്ചിട്ടുള്ള സമ്മാനം സ്വന്തമാക്കുക മാത്രമല്ല, രാജ്യത്തോടുള്ള കൂറും സ്‌നേഹവും പ്രകടിപ്പിക്കുകയാണ്‌ സ്വദേശി യുവതിയെ വിവാഹം കഴിക്കുക കൂടി ചെയ്‌തിട്ടുള്ള ഇഖ്‌ബാലിന്റെ ലക്ഷ്യം. സ്വദേശി യുവതിയെ വന്‍വിവാദമുയര്‍ത്തി വിവാഹം കഴിച്ചതിലൂടെ മലയാളികള്‍ക്ക്‌ സുപരിചിതനാണ്‌ ഇപ്പോള്‍ ദുബൈയില്‍ ബിസിനസ്‌ നത്തുന്ന ഈ ചെറുപ്പക്കാരന്‍.
മറ്റെല്ലാവരേയും പോലെ 1993ല്‍ ജോലി തേടിയാണ്‌ ഇഖ്‌ബാല്‍ യുഎഇയിലെത്തിയത്‌. കഠിനാധ്വാനമുള്ള വ്യത്യസ്‌തങ്ങളായ നിരവധി ജോലികള്‍ ചെയ്‌ത ശേഷം ബിസിനസിലേക്ക്‌ തിരിയുകയായിരുന്നു. ഇതിനിടയ്‌ക്ക്‌ പരിചയപ്പെട്ട സ്വദേശി കുടുംബാംഗത്തെ ഇവിടെ വെച്ച്‌ വിവാഹം കഴിച്ചു. പിന്നീട്‌ ഭാര്യയേയും കൊണ്ട്‌ മൂന്ന്‌ പ്രാവശ്യം കാസര്‍കോട്‌ സന്ദര്‍ശിച്ചു. നാടിനെയും നാട്ടാരെയും ഇഷ്‌ടപ്പെട്ടെങ്കിലും റോഡുകളിലൂടെ യാത്ര ചെയ്‌തപ്പോള്‍ എത്രയും പെട്ടെന്ന്‌ തിരിച്ചുപോകാമെന്ന അഭിപ്രായമായിരുന്നു ഭാര്യക്കെന്ന്‌ ഇഖ്‌ബാല്‍ പറയുന്നു.
പെറ്റമ്മയായ ഇന്ത്യയെപ്പോലെ പോറ്റമ്മയായ യുഎഇയേയും ഞാന്‍ ഏറെ ഇഷ്‌ടപ്പെടുന്നു. എന്നെപ്പോലുള്ള നിരാശ്രയരായ സാധാരണക്കാര്‍ക്ക്‌ അഭയം തന്നെ ഈ രാജ്യത്തെ വിവാഹത്തിന്‌ മുമ്പെ തന്നെ ഏറെ സ്‌നേഹിച്ചിരുന്നു. അതുകൊണ്ടാണ്‌ കന്തൂറയും ഗത്താറും ഒഴിവാക്കാത്തത്‌-ഇഖ്‌ബാല്‍ പറയുന്നു. വര്‍ഷങ്ങളായി ഇവിടെ അറബി വേഷത്തിലാണ്‌ ഇഖ്‌ബാല്‍. നാട്ടില്‍ പോകുമ്പോള്‍ പക്ഷെ, പാന്റ്‌സും ഷേര്‍ട്ടും ഉപയോഗിക്കുന്നു. തന്നെപ്പോലുള്ളവരുടെ മനസ്സിനെ നോവിച്ചുകൊണ്ട്‌ സ്‌മാര്‍ട്ട്‌സിറ്റിയുടെയും സാമ്പത്തിക തകര്‍ച്ചയുടെയും മറ്റും പേര്‌ പറഞ്ഞ്‌ ഈ രാജ്യത്തെയും ഭരണാധികാരികളെയും കുറ്റപ്പെടുത്തുന്നവര്‍ക്ക്‌ കാലം മാപ്പുനല്‍കില്ലെന്നാണ്‌ ഇഖ്‌ബാലിന്റെ അഭിപ്രായം.
Reported by Sadiq kavil
thejasnews.com

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com