കേരളത്തില്‍ ഏറ്റവും പിന്നാക്കം മുസ്ലിംകള്‍

on Dec 19, 2009




ന്യൂദല്‍ഹി: ജനസംഖ്യയുടെ 24.7 ശതമാനം വരുന്ന മുസ്ലിംകളാണ് കേരളത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സമുദായമെന്ന് രംഗനാഥ കമീഷന്‍ റിപ്പോര്‍ട്ട്. മദ്റസാ വിദ്യാഭ്യാസത്തില്‍ കേരളം മാതൃകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സാക്ഷരത, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴില്‍ പ്രാതിനിധ്യം എന്നിവയുടെ കാര്യത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നത് കേരളത്തില്‍ മുസ്ലിംകളാണ്. 2001ലെ സെന്‍സസ് പ്രകാരം 56.2 ശതമാനം ഹിന്ദുക്കളും 19 ശതമാനം ക്രിസ്ത്യാനികളുമാണ് കേരളത്തിലുള്ളത്.
94.8 ശതമാനം പുരുഷ സാക്ഷരതയും 93.5 ശതമാനം സ്ത്രീ സാക്ഷരതയുമുള്ള ക്രിസ്ത്യന്‍ സമുദായമാണ് കേരളത്തില്‍ ഏറ്റവും വലിയ സാക്ഷര സമുദായം. ഹിന്ദുക്കളുടെ സാക്ഷരത യഥാക്രമം 90.2ഉം 86.7ഉം മുസ്ലിംകളുടെേത് യഥാക്രമം 89.4ഉം 85.5ഉം ആണ്.
എന്നാല്‍, തൊഴില്‍ പ്രാതിനിധ്യത്തില്‍ നേരിയ പുരോഗതി കൈവരിച്ചിരിക്കുന്നത് ഹിന്ദു സമുദായമാണ്. മുസ്ലിം പുരുഷന്‍മാരുടെ തൊഴില്‍ പ്രാതിനിധ്യം 42 ശതമാനമാണെങ്കില്‍ ക്രിസ്ത്യാനികളിലിത് 52.1ഉം ഹിന്ദുക്കളിലിത് 53.1ഉം ആണ്. വനിതകളുടെ കാര്യത്തില്‍ ഹിന്ദുക്കളില്‍ 19.3 ശതമാനവും ക്രിസ്ത്യാനികളില്‍ 16.3 ശതമാനവും ജോലിയുള്ളവരാണെങ്കില്‍ മുസ്ലിംകളില്‍ 5.9 ശതമാനം സ്ത്രീകള്‍ മാത്രമാണ് തൊഴിലുള്ളവര്‍. ന്യൂനപക്ഷ സ്ഥാപനങ്ങളിലും ക്രിസ്ത്യാനികളാണ് മുന്നില്‍.അവര്‍ക്ക് 76 ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളും ഒമ്പത് ട്രെയിനിങ് കോളജുകളുമുള്ളപ്പോള്‍ മുസ്ലിംകള്‍ക്കിത് യഥാക്രമം 21ഉം രണ്ടുമാണ്.
42 മദ്റസകള്‍ മാത്രമാണ് മദ്റസ ആധുനീകരണത്തിനുള്ള കേന്ദ്ര പദ്ധതിക്ക് കീഴിലുള്ളത്. സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ചെലവിലല്ല കേരളത്തില്‍ മദ്റസാ വിദ്യാഭ്യാസം നടക്കുന്നതെന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. സ്കൂള്‍സമയത്തിന് മുമ്പ് മദ്റസകള്‍ പ്രവര്‍ത്തിക്കുന്ന കാര്യം റിപ്പോര്‍ട്ടില്‍ പ്രത്യേകം മാതൃകയായി എടുത്തുപറയുന്നു. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് കേരളത്തില്‍ സ്കോളര്‍ഷിപ്പുമുണ്ട്. സംസ്ഥാനത്ത് ന്യൂനപക്ഷ കമീഷനില്ലാത്തത് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്. 2005 നവംബര്‍ 16 മുതല്‍ 19 വരെയാണ് കമീഷന്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തിയത്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com