തീവ്രവാദ ക്യാമ്പ് നടന്നെന്ന ആരോപണം തെറ്റ് -സംയുക്ത ജമാഅത്ത്

on Dec 12, 2009

കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ പ്രദേശത്ത് വീട് കേന്ദ്രീകരിച്ച് തീവ്രവാദപ്രവര്‍ത്തനം നടന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കാഞ്ഞങ്ങാട് സംയുക്ത ജമാ അത്ത് കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

തീവ്രവാദത്തിനെതിരെ എക്കാലത്തും ശക്തമായ നിലപാട് കൈകൊണ്ടവരാണ് മുസ്‌ലിം സമുദായത്തിലെ മുഖ്യധാര. അവര്‍ക്കൊപ്പം തോളോട് ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളാണ് അതിഞ്ഞാലിലെയും കാഞ്ഞങ്ങാട് മേഖലയിലെ മറ്റ് മഹല്ല് കമ്മിറ്റികളിലെയും വിശ്വാസികള്‍ കാഴ്ചവെച്ചത്. തീവ്രവാദത്തിലേക്ക് മുസ്‌ലിം യുവാക്കളെ ആകര്‍ഷിക്കാന്‍ ചില ഘട്ടങ്ങളില്‍ നടന്ന ശ്രമങ്ങള്‍ക്കെതിരെ സംയുക്ത ജമാ അത്ത് നടത്തിയ ബോധവത്കരണം ഫലം കണ്ടിരുന്നു. ഉറൂസ് നടക്കുമ്പോഴും ക്ഷേത്രത്തില്‍ ഉത്സവം നടക്കുമ്പോഴും നാട്ടിന്റെ ആഘോഷമായാണ് അതിഞ്ഞാല്‍ പ്രദേശത്തുകാര്‍ ഏറ്റെടുക്കാറുള്ളത്. മതമൈത്രി കാത്തുസൂക്ഷിക്കുന്ന ഒരു പ്രദേശത്തിന്റെ സൈ്വരജീവിതം തകര്‍ക്കാനുള്ള സ്വരങ്ങള്‍ ഉയരുന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് സംയുക്ത ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി പറഞ്ഞു.

കാസര്‍കോട്ട് ഹര്‍ത്താലിന്റെ പ്രതീതി ഉണ്ടാക്കിയ ഡിസംബര്‍ ആറിന് കാഞ്ഞങ്ങാട്ട് അതിന്റെ പ്രതിചലനമോ ബലിദിനത്തില്‍ ഇവിടെ പ്രശ്‌നങ്ങളോ ഉണ്ടാകാതിരുന്നത് കാഞ്ഞങ്ങാട്ട് സംയുക്ത ജമാ അത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തനഫലമാണ്.

തീവ്രവാദികളെയും രാജ്യദ്രോഹികളെയും കണ്ടെത്തി തുറുങ്കിലടക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. അധികൃതര്‍ക്ക് അതിനുവേണ്ട സഹായ സഹകരണങ്ങള്‍ ആവശ്യമായി വന്നാല്‍ അതെല്ലാം ഞങ്ങള്‍ നല്കും-സംയുക്ത ജമാ അത്ത് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

ബഷീര്‍ വെള്ളിക്കോത്ത്, മുബാറക് ഹസൈനാര്‍ ഹാജി, ഇബ്രാഹിം ഹാജി, സി.എച്ച്.കുഞ്ഞബ്ദുള്ള ഹാജി, ബഷീര്‍ ആറങ്ങാടി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com