വേരുകള്‍തേടി കടലിനക്കരെനിന്ന് നൂറുല്‍ ഹസന്‍

on Jul 14, 2012

മലപ്പുറം: മാമലകള്‍ക്കപ്പുറത്ത് മലയാളമെന്നൊരു നാടുണ്ടെന്ന് മുഹമ്മദ് നൂറുല്‍ ഹസന്‍ അറിഞ്ഞത് വല്യുമ്മ ഹലീമ പറഞ്ഞ കഥകളിലൂടെയാണ്. കേട്ടതെല്ലാം മുത്തശ്ശിക്കഥയായി തള്ളിക്കളയാന്‍ ഹസന്‍ തയ്യാറായില്ല. അതൊരു യാത്രയ്ക്ക് പ്രചോദനമായി; സ്വന്തം വേരുകള്‍ തേടിയുള്ള യാത്ര. മലപ്പുറത്ത് നടക്കുന്ന ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ ഓസ്ട്രേലിയയില്‍നിന്ന് പുറപ്പെട്ട നൂറുല്‍ ഹസന്‍ ഫിജിയില്‍ താമസിക്കുന്ന പൂര്‍വികരെ സംബന്ധിച്ച രേഖകളും ഒപ്പം കരുതിയിട്ടുണ്ട്. 1912ലാണ് നൂറുല്‍ ഹസന്റെ ബാപ്പയുടെ ഉപ്പൂപ്പ അന്ത്രുവെന്ന അബ്ദുറഹിമാന്‍ കോഴിക്കോട് വരക്കലില്‍നിന്ന് ഭാര്യ അയിസായിയോടൊപ്പം തൊഴില്‍തേടി ഫിജിയിലേക്ക് കപ്പല്‍ കയറിയത്. നാട്ടിലെ നൂറുകണക്കിന് തൊഴില്‍രഹിതരായ ചെറുപ്പക്കാരും ഇവരോടൊപ്പമുണ്ടായിരുന്നു. ഇന്ത്യയില്‍ തമ്പടിച്ചിരുന്ന ചില ബ്രിട്ടീഷുകാരാണ് ഇവരെ ഫിജിയിലേക്ക് കപ്പല്‍ കയറ്റിയത്. അവിടുത്തെ കരിമ്പിന്‍ തോട്ടങ്ങളില്‍ ജോലിയെടുക്കാന്‍ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍നിന്ന് തൊഴിലാളികളെ കൊണ്ടുപോയതിനൊപ്പമാണ് ഇവരെയും ബ്രിട്ടീഷുകാര്‍ കടലിനപ്പുറത്തേയ്ക്ക് കൊണ്ടുപോയത്. കടല്‍ കടന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും പിന്നീട് നാട്ടിലേക്ക് വന്നില്ല. ദേശം മാറിയെങ്കിലും സംസ്കാരവും ആചാരങ്ങളും കൈവിടാന്‍ അവര്‍ക്ക് മനസ്സുവന്നില്ല. പ്രത്യേക സമൂഹമായി കഴിയുന്ന അവരുടെ ജീവിതരീതികള്‍ ഇപ്പോഴും അന്നത്തെ മലബാറിനോട് സമാനമാണ്. മാപ്പിളപ്പാട്ടുകളും മാലപ്പാട്ടുകളുമെല്ലാം പുതിയ തലമുറയും പാടുന്നുണ്ട്. ആചാരാനുഷ്ഠാനങ്ങള്‍ മുതല്‍ വിവാഹരീതികള്‍ വരെ മലബാറിനോട് സമാനം. വരികളുടെ അര്‍ഥമറിയില്ലെങ്കിലും വിവാഹവേളകളിലും മറ്റും അവര്‍ ആസ്വദിച്ച് പാടുന്നത് മലയാളം പാട്ടുകളാണ്. ഭക്ഷണരീതിയും മലബാറിനോട് ഏറെ സമാനമാണ്. ഫിജിയില്‍ കൃഷിചെയ്യുന്ന ധാന്യമുപയോഗിച്ചുണ്ടാക്കുന്ന ചോറാണ് മുഖ്യ ആഹാരം. മലബാറുകാരെപ്പോലെ "സുലൈമാനി" തന്നെയാണ് ഇവരുടെ ഇഷ്ടപാനീയം. തേയില കൃഷിചെയ്യാത്തതിനാല്‍ ഇറക്കുമതിചെയ്യുന്ന തേയിലപ്പൊടിയാണ് ഉപയോഗിക്കുന്നത്. ബിരിയാണിയോട് സമാനമായ പുലാവും മലബാറിന്റെ തനത് വിഭവമായ തേങ്ങാച്ചോറുമെല്ലാം അവിടെയും സുലഭമാണെന്ന് നൂറുല്‍ ഹസന്‍ പറയുന്നു. ഇംഗ്ലണ്ടില്‍നിന്ന് ഇസ്ലാമിക് ലോ ആന്‍ഡ് തിയോളജിയില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കി മദ്രസ അധ്യാപകനായി പ്രവര്‍ത്തിക്കുന്ന നൂറുല്‍ ഹസന്‍ കുടുംബത്തോടൊപ്പം ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാണ്്. എന്നാല്‍ ബാപ്പ ഹസന്‍കോയയും മറ്റ് ബന്ധുക്കളുമെല്ലാം ഇപ്പോഴും ഫിജിയിലാണുള്ളത്. മുമ്പും ഇന്ത്യയില്‍ വന്നിട്ടുണ്ടെങ്കിലും പൂര്‍വികരെ സംബന്ധിക്കുന്ന രേഖകളൊന്നും ഇല്ലാതിരുന്നതിനാല്‍ അന്വേഷിക്കാന്‍ കഴിഞ്ഞില്ലെന്ന് നൂറുല്‍ ഹസന്‍ പറയുന്നു. ഫിജി ആര്‍ക്കൈവ്സില്‍ നിന്നാണ് 1912ല്‍ അന്ത്രുവും ഭാര്യയും ഫിജിയിലേക്ക് കുടിയേറിയതിന്റെ രേഖകള്‍ കണ്ടെത്തിയത്. കപ്പല്‍ യാത്രികര്‍ക്ക് നല്‍കിയിരുന്ന എമിഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റാണ് ഇയാളുടെ കൈവശമുള്ളത്. ഈ രേഖ ഒരു സമൂഹത്തിന്റെയാകെ വേരുകള്‍ കണ്ടെത്താന്‍ സഹായകരമായേക്കുമെന്നാണ് നൂറുല്‍ ഹസന്റെ പ്രതീക്ഷ. അന്ത്രുവിനൊപ്പം ഫിജിയിലേക്ക് പോയി പിന്നീട് മടങ്ങിയെത്തിയ ഒരാളുടെ താവഴിയിലൊരാളെ കോഴിക്കോട് ബേപ്പൂരില്‍ കണ്ടു മുട്ടിയെങ്കിലും ബന്ധങ്ങളെ പരസ്പരം കോര്‍ത്തിണക്കാനായില്ല.തിങ്കളാഴ്ച ഓസ്ട്രേലിയയിലേക്ക് മടങ്ങുംമുമ്പ് എവിടെയോ മുറിഞ്ഞുപോയ ബന്ധങ്ങള്‍ കൂട്ടിക്കെട്ടാന്‍ ആരെങ്കിലും വരാതിരിക്കില്ലെന്ന് നൂറുല്‍ ഹസന്‍ പ്രത്യാശിക്കുന്നു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com