പടന്നക്കാട് റെയില്‍വേ മേല്‍പ്പാലം പരീക്ഷണാടിസ്ഥാനത്തില്‍ തുറന്നു

on Jul 1, 2012


നീലേശ്വരം: അവസാന മിനുക്കുപണികള്‍ മാത്രം ബാക്കിയിരിക്കെ 34 കോടി രൂപ ചെലവില്‍ നിര്‍മിച്ച ദേശീയപാതയിലെ പടന്നക്കാട് റെയില്‍വേ മേല്‍പ്പാലം ഉദ്ഘാടനത്തിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തില്‍ തുറന്നു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് മൂന്ന് മുതല്‍ 6.30 വരെയായിരുന്നു മേല്‍പ്പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടത്.


ഇരുഭാഗത്തെയും അപ്രോച്ച് റോഡ് ഉള്‍പ്പെടെ 1400 മീറ്ററാണ് പാലത്തിന്റെ ദൈര്‍ഘ്യം. 26 സ്​പാനുകളാണ് പാലത്തിനുള്ളത്. 2009 ജനവരി 17ന് ആരംഭിച്ചതാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍. റെയില്‍ പാതയുടെ മുകളില്‍ കൂടിയുള്ള സ്​പാനുകള്‍ക്ക് ആദ്യഘട്ടത്തില്‍ തന്നെ സാങ്കേതിക വിഭാഗത്തിന്റെ അനുമതി ലഭിച്ചിരുന്നു. ദേശീയപാതാവിഭാഗത്തിന്റെ നിയന്ത്രണത്തില്‍ ശേഷിക്കുന്ന സ്​പാനുകളുടെയും മറ്റും നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കി. സംസ്ഥാനത്ത് ഏറ്റവും ചെലവേറിയതും നീളമേറിയതുമായ മേല്‍പ്പാലങ്ങളില്‍ ഒന്നാണിത്. അപ്രോച്ച് റോഡ് നിര്‍മാണത്തില്‍ പ്രാദേശീകമായ എതിര്‍പ്പുകളെ തുടര്‍ന്ന് കാലതാമസം നേരിട്ടിരുന്നു. റോഡ് ടാറിങ് ഉള്‍പ്പെടെയുള്ള നിര്‍മാണം പൂര്‍ത്തിയായി. കൈവരികള്‍ നിര്‍മിക്കുന്ന അവസാനവട്ട ജോലിയാണ് ഇപ്പോള്‍. മഴ ആരംഭിക്കുന്നതിന് മുമ്പ് തന്നെ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് തീരുമാനം.


കാഞ്ഞങ്ങാട്: ഉത്തരമലബാറിലെ ഏറ്റവും നീളം കൂടിയ പടന്നക്കാട് റെയില്‍വേ മേല്‍പ്പാലം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന് കൈമാറി. മുംബൈയില്‍നിന്ന് കേരളത്തിലേക്കുള്ള ദേശീയപാതയിലെ ആദ്യ റെയില്‍വേ മേല്‍പ്പാലമാണിത്. 2009 ജനുവരിയില്‍ ദേശീയപാത അതോറിറ്റി നിര്‍മാണമാരംഭിച്ചു. 1199.5മീറ്റര്‍ നീളത്തില്‍ 27 സ്പാനുള്ള പാലത്തിന്റെ പാളത്തിന് മുകളിലുള്ള മൂന്ന് സ്പാന്‍ നിര്‍മിക്കാന്‍ റെയില്‍വേക്ക് വേണ്ടി വന്നത് മൂന്നുവര്‍ഷം. എന്നാല്‍ റെയില്‍വേ ഗേറ്റിന്റെ തെക്കും വടക്കുമായുള്ള 12 സ്പാന്‍ നിര്‍മാണം ദേശീയപാത അതോറിറ്റി റെക്കോഡ് വേഗതത്തില്‍ പൂര്‍ത്തീകരിച്ചു. 24 സ്പാനുകളില്‍ 19 എണ്ണത്തിന് 24.5 മീറ്ററും റെയില്‍വേ പാതയോട് അടുത്തുള്ള സ്പാനുകള്‍ക്ക് 21.6 മീറ്ററും നീളമുണ്ട്. ദേശീയപാതയുടെ നിയമപ്രകാരം റോഡ് ലൈന്‍ എന്നത് മൂന്നര മീറ്ററാണെങ്കിലും പടന്നക്കാട് മേല്‍പ്പാല റോഡിന് ഏഴരമീറ്റര്‍ വീതിയുണ്ട്. മേല്‍പ്പാലത്തിന്റെ ഓരോ വശത്തും രണ്ടേകാല്‍ മീറ്റര്‍ വീതിയില്‍ നടപ്പാതയും പാലത്തിന്റെ തെക്കുഭാഗത്തെ നീലേശ്വരം പാതയില്‍ 277 മീറ്റര്‍ അപ്രോച്ച് റോഡും വടക്ക് കാഞ്ഞങ്ങാട് പാതയില്‍ 265 മീറ്റര്‍ അപ്രോച്ച്റോഡും നിര്‍മിച്ചു. റോഡിന് ഇരുവശത്തും റീ ഇന്‍ഫോഴ്സ്ഡ് എര്‍ത്ത്വാളും ഘടിപ്പിച്ച് സുരക്ഷ ഉറപ്പുവരുത്തി. വടക്കുഭാഗത്ത് 113 മീറ്ററും തെക്കുഭാഗത്ത് 117 മീറ്ററുമാണ് ഇതിന്റെ ദൈര്‍ഘ്യം. ആധുനിക യന്ത്രോപകരണങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 36.3 കോടി രൂപയാണ് നിര്‍മാണച്ചെലവ്. പാലത്തിന് ഇരുവശത്തെയും വ്യാപാരസ്ഥാപനങ്ങള്‍ക്കും ജനങ്ങള്‍ക്കുമുള്ള യാത്രാസൗകര്യത്തിനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ചെറിയ റോഡുകള്‍ക്കായുള്ള എസ്റ്റിമേറ്റുകള്‍ തയ്യാറായതായി ദേശീയപാത അസി. എന്‍ജിനിയര്‍ കരിവെള്ളൂരിലെ വിനോദ് പറഞ്ഞു. പി കരുണാകരന്‍ എംപിയുടെ നേതൃപരമായ ഇടപെടലിന്റെ ഫലമായാണ് ദ്രുതഗതിയില്‍ നിര്‍മാണജോലികള്‍ പൂര്‍ത്തീകരിച്ചത്. ഉദ്ഘാടന തീയതി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തി നിശ്ചയിക്കും.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com