പുല്ലൂരിലെ മലബാറി ആട് വളര്‍ത്തല്‍ കേന്ദ്രം പ്രവര്‍ത്തനം നിലച്ചു

on Jul 24, 2012

അജാനൂര്‍: പതിനഞ്ച് ലക്ഷത്തോളം രൂപ ചെലവില്‍ കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയിരുന്ന ആട് വളര്‍ത്തല്‍ പദ്ധതി നിലച്ചു. ജില്ലാ പഞ്ചായത്തിന്‍െറ മേല്‍നോട്ടത്തില്‍ പുല്ലൂര്‍ സംസ്ഥാന സീഡ് ഫാമില്‍ 2008ല്‍ ആരംഭിച്ച മലബാറി ആട് വളര്‍ത്തല്‍ പദ്ധതിയാണ് നിര്‍ത്തിവെച്ചിരിക്കുന്നത്.
10 ലക്ഷം രൂപ ചെലവില്‍ ആധുനിക സൗകര്യത്തോടെ കൂട് നിര്‍മിച്ച് 100 മലബാറി ആടുകളെ വയനാട്ടില്‍നിന്ന് കൊണ്ടുവന്ന് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പദ്ധതിയാണ് ഇപ്പോള്‍ നിലച്ചത്. ആടുകളെ പൊതുജനങ്ങള്‍ക്ക് വളര്‍ത്താനും മാംസത്തിനും ലക്ഷ്യംവെച്ചാണ് പദ്ധതി തുടങ്ങിയത്.
100 ആടുകളില്‍ ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ 40 ആടുകള്‍ക്ക് ന്യുമോണിയ പോലെയുള്ള രോഗങ്ങള്‍ പിടികൂടി ചത്തു. ഇതോടെ ആട് വളര്‍ത്തല്‍ പദ്ധതി നഷ്ടത്തിലേക്ക് നീങ്ങി. പരിചരണത്തിന് സ്ഥിരം ജീവനക്കാരില്ലാത്തതും പദ്ധതിക്ക് തിരിച്ചടിയായി. സീഡ് ഫാമിലെ താല്‍ക്കാലിക ജീവനക്കാരെ റൊട്ടേഷന്‍ സമ്പ്രദായത്തിലൂടെയാണ് പരിചരണത്തിന് നിയമിച്ചത്. അതേസമയം, പനി പിടിച്ച ആടുകളെ പ്രത്യേക കൂടുകളിലാക്കി ചികിത്സിക്കാന്‍ സൗകര്യമില്ലാത്തത് രോഗം പടരാന്‍ കരണമായതായി പറയുന്നു. ചില ആടുകളെ കിലോഗ്രാമിന് 211 രൂപ വില നിര്‍ണയിച്ച് ലേലം ചെയ്തിരുന്നു. ഒടുവില്‍, മൂന്നുമാസം മുമ്പ് ബാക്കിയുള്ള ഏഴ് ആടുകളെയും അധികൃതര്‍ ലേലം ചെയ്ത് വിറ്റതോടെയാണ് സംസ്ഥാന സീഡ് ഫാമിലെ ആട് വളര്‍ത്തല്‍ അവസാനിപ്പിച്ചത്. സംസ്ഥാന സര്‍ക്കാറിന്‍െറ ജില്ലയിലെ ഏക ആട് വളര്‍ത്തല്‍ കേന്ദ്രം ഇതോടെ ഇല്ലാതായിരിക്കയാണ്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com