അജാനൂര്‍ ചിത്താരി ഹാര്‍ബര്‍ അടുത്ത ബജറ്റില്‍ യാഥാര്‍ത്ഥ്യമാക്കും -മന്ത്രി

on Jul 30, 2012

കാഞ്ഞങ്ങാട്: അജാനൂര്‍ ചിത്താരി അഴിമുഖത്തെ ഹാര്‍ബര്‍ അടുത്ത ബജറ്റില്‍ ഉള്‍പ്പെടുത്തി യാഥാര്‍ത്ഥ്യമാക്കുമെന്ന് ഫിഷറീസ് തുറമുഖ-എക്സൈസ് മന്ത്രി കെ. ബാബു പറഞ്ഞു. അജാനൂര്‍ കടപ്പുറത്തെ ഫിഷ് ലാന്‍റിങ്ങ് സെന്‍റര്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 
ഹാര്‍ബറിന്‍റെ മാതൃകാപഠനത്തിനായി പൂനയിലെ സി.ഡബ്ല്യു.ആര്‍.എം.എസിനെ ഏല്‍പ്പിക്കും. ഇതിനുവേണ്ട 18 ലക്ഷം രൂപ സര്‍ക്കാര്‍ ഉടന്‍ കണ്ടെത്തും. പിന്നീട് പരിസ്ഥിതി പഠനം നടത്തും. 75 ശതമാനം കേന്ദ്ര സഹായത്തോടെയായിരിക്കും ഹാര്‍ബര്‍ നിര്‍മ്മിക്കുക. എല്ലാ പഠനങ്ങള്‍ക്ക് ശേഷം പദ്ധതി രൂപരേഖ കേന്ദ്രത്തിന് സമര്‍പ്പിക്കും. 
ഭവനരഹിതരായ മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും വീട് നിര്‍മ്മിച്ചുനല്‍കും. ഒരു വീടിന് രണ്ടരലക്ഷം രൂപ വീതമാണ് ഇതിന് നീക്കിവെക്കുക. നേരത്തെ 11 പഞ്ചായത്തുകളെ മാതൃകാ മത്സ്യഗ്രാമങ്ങളായി തിരഞ്ഞെടുത്തിരുന്നു. 25 ഗ്രാമങ്ങളെക്കൂടി ഇതില്‍ ഉള്‍പ്പെടുത്തും. ഇതില്‍ കാസര്‍കോട് ജില്ലയിലെ രണ്ട് ഗ്രാമങ്ങളും പെടും. ഇതില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമത്തിന് രണ്ട് കോടി രൂപ വീതം നല്‍കുമെന്നും മന്ത്രി പറഞ്ഞു. 
ഈവര്‍ഷം ആയിരം കുടുംബങ്ങള്‍ക്ക് കക്കൂസ് പണിതുനല്‍കും. ഒരു കുടുംബത്തിന് 20,000 രൂപയാണ് നീക്കിവെക്കുക. 
ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ. കൃഷ്ണന്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. നസീമ, ബ്ലോക്ക് പഞ്ചായത്തംഗം ലക്ഷ്മീ തന്പാന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ എ. ചന്ദ്രന്‍, സി.എച്ച്. മുഹമ്മദ്കുഞ്ഞി, എ. അശോകന്‍, കെ. സുലോചന, കെ. സുമംഗല, കെ.പി.സി.സി. നിര്‍വാഹക സമിതിയംഗം അഡ്വ: എം.സി. ജോസ്, ഡി.സി.സി. പ്രസിഡണ്ട് കെ. വെളുത്തന്പു, ബഷീര്‍ വെള്ളിക്കോത്ത്, എ. ഹമീദ് ഹാജി, വി. കമ്മാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പുഞ്ചാവി കടപ്പുറത്തെ ഫിഷ് ലാന്‍റിങ്ങ് സെന്‍ററും മന്ത്രി ഉല്‍ഘാടനം ചെയ്തു. തൈക്കടപ്പുറത്തെ ബോട്ടുജെട്ടി മന്ത്രി സന്ദര്‍ശിച്ചു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com