പുതിയ താലൂക്ക് വേണമെന്ന് ആവശ്യം

on Jul 24, 2012

കാഞ്ഞങ്ങാട്: കാസര്‍കോട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ വികസനത്തിന് ആക്കം കൂട്ടാന്‍ താലൂക്ക് വിഭജനം അനിവാര്യമാണെന്ന് വികസന ശില്‍പശാല ചൂണ്ടിക്കാട്ടി. ടി.വി. രാജേഷ് എം.എല്‍.എയാണ് ഈ ആവശ്യം ഉന്നയിച്ചത്.
ചെറിയ ജില്ലയായ പത്തനംതിട്ടയില്‍ ആറ് താലൂക്കുകള്‍ ഉള്ളപ്പോള്‍ കണ്ണൂരില്‍ മൂന്നും കാസര്‍കോട്ട് രണ്ടും താലൂക്കുകള്‍ മാത്രമാണുള്ളത്. അശാസ്ത്രീയമായ വിഭജനമാണ് താലൂക്കുകളുടെ കാര്യത്തില്‍ ഉണ്ടായത്. ഇതിന് മാറ്റം വേണം. തളിപ്പറമ്പ് താലൂക്കില്‍ 42 വില്ളേജുകളാണു ഉള്ളത്. താലൂക്കുകള്‍ വിഭജിച്ച് പുതിയവ രൂപവത്കരിക്കണം -അദ്ദേഹം ആവശ്യപ്പെട്ടു. ജനസംഖ്യാടിസ്ഥാനത്തിലല്ല താലൂക്കുകള്‍ രൂപവത്കരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പിലും ഐ.എന്‍.എല്ലിലെ ഇ.കെ.കെ. പടന്നക്കാടും വികസന പരിപ്രേക്ഷ്യം അവതരിപ്പിച്ച പി. കരുണാകരന്‍ എം.പിയും രാജേഷ് എം.എല്‍.എയുടെ ആവശ്യം മുന്‍നിര്‍ത്തി താലൂക്കുകളുടെ വിഭജനം അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടു.
നബാര്‍ഡ് അനുവദിച്ച 140 കോടി രൂപയുടെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും മനുഷ്യാവകാശ കമീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ ശക്തമായ ഇടപെടല്‍ നടത്താനും ധാരണയായി. വ്യാവസായിക വളര്‍ച്ച ലക്ഷ്യമിട്ട് മണ്ഡലത്തില്‍ പ്രത്യേക ‘ഇന്‍വെസ്റ്റേഴ്സ് മീറ്റ്’ ആലോചിക്കും. കേന്ദ്ര സര്‍വകലാശാലാ മെഡിക്കല്‍ കോളജ് കാസര്‍കോട്ടുതന്നെ സ്ഥാപിക്കാനുള്ള സമ്മര്‍ദം കൂടുതല്‍ ശക്തമാക്കും. എച്ച്.എ.എല്‍ അനുബന്ധ അസംബ്ളിങ് യൂനിറ്റുകള്‍ ആരംഭിച്ച് കൂടുതല്‍ തൊഴില്‍ സാധ്യതയുണ്ടാക്കാനും തീരദേശത്തെ മത്സ്യബന്ധന മേഖലക്ക് പ്രത്യേക പാക്കേജ് ഉണ്ടാക്കാനും പി. കരുണാകരന്‍ എം.പി അവതരിപ്പിച്ച കരട് വികസന പരിപ്രേക്ഷ്യ രേഖ ലക്ഷ്യമിടുന്നു.
പ്രവാസ മേഖലയുടെ പുനരധിവാസവും ഐ.ടിയുടെ സാധ്യതകളും സഹകരണ മേഖലയുടെ ശാക്തീകരണവും പട്ടികജാതി-വര്‍ഗം ഉള്‍പ്പെടെ പ്രാന്തവത്കൃത സമൂഹത്തിന്‍െറ ഉന്നമനവും കരട് രേഖയില്‍ പ്രതിപാദിക്കുന്നുണ്ട്. മണ്ഡലത്തില്‍ സൗജന്യ ഡയാലിസിസ് കേന്ദ്രവും ആര്‍.സി.സിയുടെ എക്സ്റ്റന്‍ഷന്‍ യൂനിറ്റും ആരംഭിക്കണമെന്ന നിര്‍ദേശം യാഥാര്‍ഥ്യമാക്കാനുള്ള കൂട്ടായ ഇടപെടല്‍ നടത്തും. സാംസ്കാരിക പൈതൃക ഗ്രാമവും ഭാഷാ ന്യൂനപക്ഷ സംസ്കാര സംരക്ഷണവും കലാ, കായിക മേഖലയുടെ ശാക്തീകരണവും ലക്ഷ്യമിട്ട് കര്‍മപദ്ധതികള്‍ക്കും ശില്‍പശാല രൂപം നല്‍കി.
ഏഴിമല-ബംഗളൂരു റോഡ്, പാണത്തൂര്‍-കാണിയൂര്‍ റെയില്‍പാത തുടങ്ങിയവ യാഥാര്‍ഥ്യമാക്കുന്നതിന് കര്‍ണാടക സര്‍ക്കാറുമായും കേന്ദ്രസര്‍ക്കാറുമായും ചര്‍ച്ച നടത്തും. ബേക്കല്‍, റാണിപുരം, വലിയപറമ്പ് എന്നിവയുമായി ബന്ധപ്പെട്ട് ഗ്രാമീണ പൈതൃക ടൂറിസം നെറ്റ്വര്‍ക് പ്രോജക്ട് നടപ്പാക്കും. മാടായിപ്പാറയുടെ പ്രകൃതി സൗന്ദര്യം ടൂറിസം വികസനത്തിന് പ്രയോജനപ്പെടുത്തുന്നതോടൊപ്പം വ്യാവസായിക പദ്ധതികള്‍ ആവിഷ്കരിക്കാനും ശില്‍പശാല തീരുമാനിച്ചിട്ടുണ്ട്.
ശില്‍പശാല സമീപനം എന്ന വിഷയം സ്വാഗതസംഘം കോഓഡിനേറ്റര്‍ ഡോ. വി.പി.പി. മുസ്തഫ അവതരിപ്പിച്ചു. ഡോ. സി. ബാലന്‍, പ്രഫ. കെ.പി. ജയരാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com