കൊച്ചി മെട്രോയ്ക്ക് പച്ചക്കൊടി

on Jul 4, 2012




ന്യൂഡല്‍ഹി . കൊച്ചി മെട്രോ റയില്‍ പദ്ധതിക്കു കേന്ദ്ര മന്ത്രിസഭയുടെ അനുമതി. മൊത്തം 5181.79 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കായി ജപ്പാന്‍ രാജ്യാന്തര സഹകരണ ഏജന്‍സിയില്‍നിന്ന് (ജൈക്ക) 2170 കോടി രൂപ വായ്പയെടുക്കാനുള്ള നിര്‍ദേശവും മന്ത്രിസഭ അംഗീകരിച്ചു. നാലു വര്‍ഷംകൊണ്ടു പദ്ധതി പൂര്‍ത്തിയാക്കാനാണു കേന്ദ്രമന്ത്രിസഭാ തീരുമാനമെങ്കിലും മൂന്നു വര്‍ഷംകൊണ്ട് ലക്ഷ്യത്തിലെത്താനാവുമെന്ന ശുഭപ്രതീക്ഷയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പങ്കുവച്ചത്.

കേരളം ഏഴു വര്‍ഷമായി കാത്തിരുന്ന സ്വപ്ന പദ്ധതിക്ക് അന്തിമാനുമതിയുടെ പച്ചക്കൊടി കാട്ടാന്‍ മന്ത്രിസഭയുടെ അടിസ്ഥാന സൌകര്യസമിതിക്ക് 10 മിനിറ്റ് മാത്രമേ വേണ്ടിവന്നുള്ളു. ക്യാബിനറ്റ് സെക്രട്ടറി പദ്ധതി വിശദീകരിച്ചു; പദ്ധതിക്ക് അംഗീകാരം നല്‍കാമെന്നു പ്രധാനമന്ത്രി നിര്‍ദേശിച്ചു; പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഗണിക്കണമെന്നു മന്ത്രി ജയന്തി നടരാജന്‍ അഭിപ്രായപ്പെട്ടു; ഉചിത സമയത്ത് പരിസ്ഥിതി വിഷയങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി കെ.വി. തോമസ് വ്യക്തമാക്കി - ഇതോടെ കൊച്ചിയെ മെട്രോയെ പാളത്തിലേക്കു കയറ്റാന്‍ തീരുമാനമായി. പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയും സന്നിഹിതനായിരുന്നു. ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെയുള്ള 25.61 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന മെട്രോ പാതയ്ക്ക് 22 സ്റ്റേഷനുകളുണ്ടാവും. ആറു കോച്ചുകള്‍വരെ ഘടിപ്പിക്കാവുന്ന രൂപകല്‍പനയുള്ള ട്രെയിനുകള്‍ക്കു തുടക്കത്തില്‍ മൂന്നു കോച്ചുകളാവും ഉണ്ടാവുക. പദ്ധതിക്ക് ആസൂത്രണ കമ്മിഷന്‍ 2009 ജൂണില്‍ തത്വത്തില്‍ അംഗീകാരം നല്‍കി. കഴിഞ്ഞ മാര്‍ച്ച് 22ന് പൊതു നിക്ഷേപ ബോര്‍ഡും അംഗീകരിച്ച്, ധനമന്ത്രാലയത്തിന്റെ അധിക നിര്‍ദേശങ്ങളോടെയാണ് നഗരവികസന മന്ത്രാലയം പദ്ധതി മന്ത്രിസഭയ്ക്കു മുന്നില്‍വച്ചത്.

കൊച്ചി മെട്രോ റയില്‍ കമ്പനിയില്‍ 15.24% ഒാഹരികള്‍ വീതമുള്ള പങ്കാളിത്തത്തിലൂടെ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ മൊത്തം 1507.46 കോടി രൂപയാണു മുതല്‍ മുടക്കുക. ഭൂമി വിലയിനത്തില്‍ 672 കോടിയും നികുതിയിളവായി 237.33 കോടിയും കേരളം വഹിക്കും. കേന്ദ്ര നികുതിയിനത്തില്‍ 497 കോടിയുടെ ഇളവുണ്ടാവും. ഭൂമി വികസനത്തിലൂടെ 98 കോടി പ്രതീക്ഷിക്കുന്നു. മൊത്തം  5181.79 കോടി.

പദ്ധതിക്ക് അധിക വരുമാനം കണ്ടെത്താന്‍ നഗര ഗതാഗത നിധി രൂപീകരിക്കണമെന്ന് നഗരവികസന മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാതയ്ക്ക് ഇരുവശവും ’മെട്രോ സോണ്‍ വികസിപ്പിച്ച് എട്ടു വര്‍ഷംകൊണ്ട് 3000 കോടി രൂപവരെ സമാഹരിക്കാമെന്ന പ്രതീക്ഷ കേരളും മുന്നോട്ടുവച്ചിട്ടുണ്ട്. ക്യാബിനറ്റ് സെക്രട്ടറിയുടെയും ചീഫ് സെക്രട്ടറിയുടെയും അധ്യക്ഷതയിലുള്ള രണ്ടു സമിതികളാവും  പദ്ധതിയുടെ നടത്തിപ്പ് ഉറപ്പാക്കുക. ഫണ്ട് കാര്യങ്ങള്‍ക്ക് ക്യാബിനറ്റ് സെക്രട്ടറിയുടെ സമിതിയും, ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസം തുടങ്ങിയവയ്ക്ക് ചീഫ് സെക്രട്ടറിയുടെ സമിതിയും മേല്‍നോട്ടം വഹിക്കും. നയപരമായ തീരുമാനങ്ങള്‍ക്കായി മുഖ്യമന്ത്രിയെക്കൂടി ഉള്‍പ്പെടുത്തി  സമിതി വേണമെന്ന നിര്‍ദ്ദേശം പരിഗണിച്ചില്ല.

സ്വകാര്യ പങ്കാളിത്തമുണ്ടെങ്കില്‍ പദ്ധതിക്ക് അംഗീകാരം നല്‍കാമെന്ന് ആസൂത്രണ കമ്മിഷനും പൊതുമുതല്‍ മുടക്കു മാത്രമേ പാടുള്ളൂവെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടും ഏറ്റുമുട്ടിയപ്പോള്‍ കൊച്ചിക്കു മെട്രോ ട്രെയിനെന്നതു സ്വപ്നം മാത്രമായി അവശേഷിക്കുമെന്ന് ആശങ്കയുയര്‍ന്നിരുന്നു.  സംസ്ഥാനരാഷ്ട്രീയ നേതൃത്വം പ്രധാനമന്ത്രിയോട് സമ്മര്‍ദം ചെലുത്തി; കേരളത്തില്‍നിന്നുള്ള കേന്ദ്ര മന്ത്രിമാരും എംപിമാരും പദ്ധതിക്കായി വാദിച്ചു - സ്വകാര്യ പങ്കാളിത്തമെന്ന കടുംപിടിത്തം ഉപേക്ഷിക്കാന്‍ ആസൂത്രണ കമ്മിഷന്‍ തയാറായതോടെ പദ്ധതി അനുമതിയുടെ ആദ്യ കടമ്പ കടന്നു. മന്ത്രിസഭയില്‍ അവസാന കടമ്പയും.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com