കാഞ്ഞങ്ങാട് മരണ വാര്‍ത്തക റിപ്പോര്‍ട്ടിലും പത്രപ്പോര്

on Jun 30, 2012

ഷെരീഫിന്റെ ചോരയിലും പത്രത്തിന് കച്ചവടക്കണ്ണ്‌ -  
അജാനൂര്‍: ഷാര്‍ജ റോള മാര്‍ക്കറ്റില്‍ അല്‍ - ഖുറൈര്‍ മാളിലെ കച്ചവട സ്ഥാപനത്തില്‍ പാക്ക് വംശജരായ ആക്രമികളുടെ കഠാര കുത്തേറ്റ് മരിച്ച നോര്‍ത്ത് ചിത്താരി ചാമുണ്ഡിക്കുന്നിലെ സി എം മുഹമ്മദ് ഷെരീഫ് എന്ന ഹതഭാഗ്യനായ ചെറുപ്പക്കാരന്റെ ദാരുണ മരണത്തിലും കാഞ്ഞങ്ങാട്ടെ സായാഹ്നപത്രം മുതലെടുപ്പ് തുടങ്ങി. ഷെരീഫിന്റെ മരണത്തിനിടയാക്കിയ സംഭവത്തെ കഥകളും, കല്ല് വെച്ച നുണകളുമാക്കി പത്രം ഓരോ ദിവസവും, അച്ചടിച്ചു പുറത്ത് വിടുന്ന വാര്‍ത്തകള്‍ സ്‌നേഹനിധിയായ മകനെ നഷ്ടപ്പെട്ട് വേദന പൂണ്ട ഹൃദയവുമായി കഴിയുന്ന ഒരു കുടുംബത്തിന്റെ ഇനിയും കണ്ണീരുണങ്ങാത്ത നെഞ്ചകത്തിലേക്ക് വീണ്ടും കഠാരകുത്തിയിറക്കുന്നത് പോലെയാണ്. ഷെരീഫ് ഷാര്‍ജയിലെ സ്വന്തം സ്ഥാപനമായ റിഫ ഇലക്‌ട്രോണിക്‌സില്‍ കൊല്ലപ്പെടുന്നത് ജൂണ്‍21 ശനിയാഴ്ചയാണ്. തൊട്ട് തലേന്ന് കടയിലെത്തിയ രണ്ട് പാക്ക് യുവാക്കള്‍ കടയിലെ ജീവനക്കാരുമായി നടത്തിയ വാക്ക് തര്‍ക്കമാണ് പിറ്റേന്നത്തെ കൊലയിലെത്തിച്ചത്. യഥാര്‍ത്ഥത്തില്‍ വെള്ളിയാഴ്ചയയിലെ വാക്ക് തര്‍ക്കത്തി ല്‍ ഷെരീഫ് ഉള്‍പ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ സഹോദരനാണ് അന്ന് കടയില്‍ ഉണ്ടായിരുന്നത്. വെള്ളിയാഴ്ചയിലെ സംഭവങ്ങളില്‍ ഒന്നും ഉള്‍പ്പെടാതിരുന്ന നിരപരാധിയായ ഷെരീഫ് കൊല്ലപ്പെട്ടപ്പോള്‍, ആദ്യ ദിവസത്തെ അക്രമസംഭവത്തില്‍ ഷെരീഫ് പങ്കാളിയായിരുന്നു എന്ന കള്ളക്കഥ പത്രം ഒന്നാംപേജില്‍ പടച്ചുവിട്ടു. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടു എന്ന് സംശയിക്കുന്ന പാക്കിസ്ഥാന്‍ സ്വദേശിയെ ഷാര്‍ജ പോലീസ് മൂന്നാം മുറ പ്രയോഗിച്ചതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന ഹിമാലയന്‍ തമാശയും പത്രം തൊട്ടടുത്ത ദിവസം തട്ടിവിട്ടു. അറബ് ദേശത്തെ പോലീസിന്റെ മൂന്നാം മുറയില്‍ പ്രതിഷേധിച്ച് ഒരാള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തി എന്ന പെരും നുണ വായിച്ചവര്‍ പത്രത്തിന്റെയും ലേഖകന്റെയും അപാര ബുദ്ധി വിശേഷത്തെക്കുറിച്ച് അദ്ഭുതപ്പെട്ടുപോയിട്ടുണ്ടാകും.ഷാര്‍ജ റോളയില്‍ അല്‍ഖൂറൈര്‍ മാര്‍ക്കറ്റില്‍ ഏറെ വിസ്തീര്‍ണ്ണമുള്ള ഇലക്‌ട്രോണിക്‌സ് സ്ഥാപനമാണ് ഷെരീഫിന്റെ റാഫാ ഇലക്‌ട്രോണിക്‌സ്. ഈ സ്ഥാപനത്തിന്റെതാണെന്ന് പറഞ്ഞ്, പിന്നീട് ഒരു ഗുജ്‌രി കടയുടെ പടം പത്രത്തില്‍ അച്ചടിച്ച് എക്‌സ്‌ക്ല്യൂസിവാക്കാന്‍ പത്രം മിടുക്ക് കാണിച്ചു. അല്‍ഖുറൈറിലെ പഴയ കെട്ടിട സമുച്ചയം ഷാര്‍ജ നഗരസഭ പൊളിച്ചു മാറ്റാന്‍ നോട്ടീസ് നല്‍കിയതും വൈദ്യുതി ബന്ധം വിഛേദിച്ചതും എല്ലാം ദിവസങ്ങള്‍ക്ക് മുമ്പാണ്. ജൂ ണ്‍ 25നകം കച്ചവടക്കാരോട് ഒഴിഞ്ഞുപോകാന്‍ അധികൃത ര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇവിടെ കടകാലിയാക്കല്‍ വില്‍പ്പന നടത്തുമ്പോഴാണ് ഷെരീഫ് പാക്ക് വംശജരുടെ കുത്തേറ്റ് മരിച്ചത്. ഇതിന് പിന്നാലെ ഷാര്‍ജ നഗരസഭ മുന്‍ നിശ്ചയിച്ച പ്രകാരം ജൂണ്‍ 26ന് തന്നെ അല്‍ഖുറൈര്‍ മാള്‍ ഇടിച്ചു നിരത്തുകയും ചെയ്തു. ഇതിനെ ഷെരീഫിന്റെ കൊലയുമായി ബന്ധപ്പെടുത്തി, കാസര്‍കോട് ജില്ലക്കാരായ നിരവധി കച്ചവടക്കാരുടെ സ്ഥാപനങ്ങള്‍ യുവാവ് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ പൊളിച്ചു മാറ്റി എന്നുപത്രം ഇന്നലെ തട്ടിവിട്ടു. ഒടുവില്‍ പ്രതികളെ പിടിക്കാന്‍ ഷാര്‍ജ പോലീസ് തയ്യാറാവുന്നില്ലെന്നും കെ എംസിസിയും, വിദേശ കാര്യസഹമന്ത്രി ഇ അഹമ്മദും സമ്മര്‍ദ്ധം ചെലുത്തുന്നില്ലെന്നും കൂടി പത്രം പറഞ്ഞതോടെ ഷെരീഫിന്റെ ചോരയിലും പത്രത്തിന്റെ കച്ചവടക്കണ്ണ് തെളിഞ്ഞുവന്നു. ഏതാണ്ട് 20 അംഗ സംഘമാണ് ഷെരീഫിനെ കൊലപ്പെടുത്തിയ സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് അന്വേഷണസംഘം ഉറപ്പിച്ചതാണ്. ഇതില്‍ പകുതിയില്‍ ഏറെ പേര്‍ കൊല നടന്നതിന്റെ തൊട്ട് പിറകെ തന്നെ പോലീസ് പിടിയിലാവുകയും ചെയ്തു. ഇവരില്‍ മൂന്ന് പേര്‍ ദുബായ് വിമാനത്താവളം പാക്കിസ്ഥാനിലേക്ക് രക്ഷപ്പെടാനിരിക്കെ അന്വേഷണ സംഘത്തിന്റെ പിടിയിലായവരാണ്. എല്ലാ പഴുതുകളും അടച്ച് ഷാര്‍ജ പോലീസ് നടത്തുന്ന കുറ്റമറ്റ അന്വേഷണമെന്നത്, പത്രാധിപര്‍ക്ക് പരിചയമുള്ള കേരളത്തിലെ ലോക്കല്‍ പോലീസിന്റെ അന്വേഷണം പോലെയല്ല. കുറ്റകൃത്യം നടത്തി നാടുവിട്ടവരേ തിരികെ ഗള്‍ഫിലെത്തിച്ച് ഇരുമ്പു മറക്കകത്താക്കുന്ന കര്‍ശന നടപടികള്‍ സ്വീകരിക്കുന്ന നാടാണത്. പത്രത്തിന്റെ പരിപ്പ് ഷാര്‍ജയില്‍ വേവില്ലെന്ന് അര്‍ത്ഥം..
---ബഷീര്‍ ആറങ്ങാടി മലബാര്‍ വാര്‍ത്താ

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com