കാസര്‍കോട്:ജില്ലയില്‍ ഇത്തവണ ഒന്നാം വിളയായി 4394 ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി ഇറക്കും. ഇതില്‍ ചില സ്ഥലങ്ങളില്‍ ഇപ്പോള്‍ കൃഷി തുടങ്ങി കഴിഞ്ഞു. എന്നാല്‍ മറ്റിടങ്ങളില്‍ കൃഷിയിറക്കാന്‍ തുടങ്ങുന്നതേയുള്ളൂ.
ജില്ലയില്‍ ആറ് ബ്ലോക്കുണ്ടെങ്കിലും പഴയ ബ്ലോക്കടിസ്ഥാനത്തില്‍ നാല് ബ്ലോക്കുകളായാണ് കൃഷി ഇറക്കുന്നത്. മഞ്ചേശ്വരം, കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം എന്നീ ബ്ലോക്ക് തലത്തിലാണ് കൃഷി. ചിലയിടങ്ങളില്‍ മാത്രമാണ് ഞാറുനടല്‍ തുടങ്ങിയിട്ടുള്ളത്. മഴ വൈകിയതിനാലാണ് ഇത്തവണ കൃഷി തുടങ്ങാന്‍ വൈകിയതെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ കര്‍ഷകര്‍ പലരും അവരുടേതായ രീതിയില്‍ നഴ്‌സറി തയ്യാറാക്കിയിട്ടുണ്ട്.
ഉമ, ജ്യോതി, ഐശ്വര്യ, ആതിര തുടങ്ങിയ നെല്‍വിത്തിനങ്ങളാണ് അധികൃതര്‍ നല്‍കുന്നത്. ഇതിന് പുറമെ കര്‍ഷകര്‍ തങ്ങളുടെ കൈയിലുള്ള വ്യത്യസ്തയിനം വിത്തുകളും കൃഷിക്ക് ഒരുക്കിയിട്ടുണ്ട്. എടവപ്പാതി എത്താന്‍ വൈകിയതിനാല്‍ പല കര്‍ഷകരും മോട്ടോര്‍വെച്ച് വയല്‍ നനയ്ക്കുകയായിരുന്നു. ഇതിന് പുറമെ കരനെല്‍കൃഷിയും ചെയ്യുന്നുണ്ട്. പ്രതികൂല കാലാവസ്ഥയായതിനാല്‍ ഇപ്പോള്‍ വിത്തിടാന്‍ തുടങ്ങിയിട്ടേയുള്ളൂ.
സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണം ജില്ലയിലും തുടങ്ങിയതിന്റെ ആശ്വാസത്തിലാണ് കൃഷിക്കാര്‍. ജില്ലയില്‍ മുണ്ടകന്‍ വിളക്കാലത്തേക്കുള്ള നെല്ല് സംഭരണമാണ് മെയ് 30ന് തുടങ്ങിയത്. 15 രൂപയാണ് നെല്ലിന്റെ നിലവിലുള്ള സംഭരണവില. നിശ്ചിത ഗുണനിലവാരം ഉറപ്പ് വരുത്തിയാണ് ശേഷമാണ് സംഭരിക്കുന്നത്. സംസ്‌കരിക്കുമ്പോള്‍ 68 ശതമാനം കുത്തരി ലഭിക്കുന്ന നെല്ലാണ് കഴിഞ്ഞദിവസങ്ങളില്‍ സംഭരിച്ചിട്ടുള്ളത്. പാടശേഖരസമിതിയുടെ കീഴില്‍ ചില സ്ഥലങ്ങളില്‍ വെച്ചാണ് സംഭരണം നടത്തുന്നത്. ഇത് വരെയായി 750 ക്വിന്റല്‍ നെല്ല് സംഭരിച്ചു. പാലക്കാട്ടുള്ള മില്ലിലേക്കാണ് നെല്ലുകൊണ്ട് പോകുന്നത്. ഓണ്‍ലൈന്‍ വഴിയാണ് സംഭരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇത്തവണ രജിസ്റ്റര്‍ ചെയ്തവര്‍ അടുത്ത വിള സംഭരിക്കുന്നതിന് രജിസ്‌ട്രേഷന്‍ പുതുക്കിയാല്‍ മാത്രം മതി.
0 comments:
Post a Comment