കാഞ്ഞങ്ങാട്ടെ സര്‍ക്കാര്‍ ആതുരാലയത്തിനുമുന്നിലെ സൗജന്യ ഭക്ഷണം.

on Jun 7, 2012

കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് ദേശീയപാതയിലൂടെ മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ച് കാസര്‍കോട് ജില്ലാ പഞ്ചായത്ത് ആസ്പത്രിക്കുമുന്നിലെത്തുമ്പോള്‍ ഉച്ചസൂര്യന്‍ കത്തിജ്ജ്വലിക്കുന്നുണ്ടായിരുന്നു. ആ ചൂട് വകവെക്കാതെ ആസ്പത്രി ഗെയ്റ്റില്‍ നീണ്ടവരി. അവരില്‍ 13 കാരി ദേവകി മുതല്‍ 85 ന്റെ ദൈന്യവുമായി കല്യാണി വരെയുണ്ട്.

12 മണിയായി. അവര്‍ക്കിടയിലേക്ക് വെളുത്ത മാരുതി ഓംമ്‌നി വാനെത്തി. രണ്ട് വലിയ പാത്രങ്ങളില്‍ നിറയെ കഞ്ഞിയും പയറുമായി. നീട്ടിയ പാത്രങ്ങളില്‍ ഇവ നിറയുമ്പോള്‍ വരിനിന്ന മുഖങ്ങള്‍ തെളിയുന്നു. നിറഞ്ഞമനസ്സോടെ ആള്‍ക്കൂട്ടം വീണ്ടും ആസ്പത്രിക്കിടക്കയിലേക്ക്. മുക്കാല്‍ മണിക്കൂറോളം നീണ്ട സേവനത്തിനൊടുവില്‍ കാലിയായ പാത്രങ്ങളുമായി സേവാഭാരതി പ്രവര്‍ത്തകര്‍ മടങ്ങുകയായി, സംതൃപ്തിയോടെ....

ഇത് കാഞ്ഞങ്ങാട്ടെ സര്‍ക്കാര്‍ ആതുരാലയത്തിനുമുന്നിലെ പതിവുകാഴ്ച. എന്നും ഉച്ചയ്ക്ക് 250 മുതല്‍ 300 പേര്‍ക്ക് വരെ സൗജന്യ ഭക്ഷണം. ഹര്‍ത്താലോ മറ്റോ വന്നാല്‍ എണ്ണം ഇനിയും കൂടും. വരിനിന്നവര്‍ക്കെല്ലാം ഭക്ഷണം നല്‍കും. വിശേഷദിവസങ്ങളില്‍ പായസമടങ്ങുന്ന സദ്യയാണ് നല്‍കുക. 2004 മുതല്‍ കാഞ്ഞങ്ങാട്ട് സേവാഭാരതിയുടെ വക അന്നദാനം നടക്കുന്നു. പ്രസിഡന്റ് സി.കെ. വേണുഗോപാലും ജനറല്‍ സെക്രട്ടറി കെ.വി. ലക്ഷ്മണനും ട്രഷറര്‍ എച്ച്.ആര്‍. അമിത്കുമാറും ആണ് സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ആഘോഷം, ആചരണം.... ഒരു പങ്ക് അശരണര്‍ക്ക്.
ഇതിനെല്ലാം പണം കൃത്യമായി കിട്ടുന്നതെങ്ങനെയാകും? സമിതിയുടെ ഓഫീസിലെത്തിയപ്പോള്‍ സംശയം മറച്ചുവെച്ചില്ല. മറുപടിക്കുമുമ്പ് വഴിയിലൊരു കാല്‍പ്പെരുമാറ്റം. അവിടത്തെ ഇ.ഡി. പോസ്റ്റ്മാന്‍ ശ്രീധരനാണ്. സമിതിയുടെ സെക്രട്ടറിക്കുള്ള കത്തിനൊപ്പമുണ്ടായിരുന്നത് 4000 രൂപയുടെ ചെക്ക്. ഭര്‍ത്താവിന്റെ വിയോഗം അറിഞ്ഞ് അയച്ച കത്തിനുള്ള മറുപടിയിലാണ് വീട്ടമ്മ ആസ്പത്രിയിലെ സൗജന്യഭക്ഷണ പദ്ധതിയിലേക്കുള്ള സംഭാവന കൂടി ഉള്‍പ്പെടുത്തിയത്. പിറന്നാളുകളും ചരമവാര്‍ഷികങ്ങളും വിവാഹവും വിവാഹവാര്‍ഷികവും ഒക്കെ സമിതിക്ക് സഹായങ്ങളുടെ വഴിയൊരുക്കുന്നു. ഈയിടെ പൊയിനാച്ചിയില്‍ നിന്നെത്തിയ ദമ്പതിമാര്‍ വിവാഹത്തിന്റെ പത്താം വാര്‍ഷികം ആഘോഷിച്ചത് സമിതിയുടെ അന്നദാനത്തിലൂടെയാണ്.
ഫോണ്‍ : 0467-2201944

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com