ആക്രോശത്തോടെ അക്രമികള്‍; നടുക്കത്തോടെ വ്യാപാരികള്‍

on Jun 25, 2012

കുത്തേറ്റ ഖലീല്‍ മാട്ടുമ്മല്‍ റോളയിലെ താമസ സ്ഥലത്ത് ‘‘‘മനോരമ”യോട് സംഭവം വിവരിക്കുന്നു.

മലയാളി വ്യാപാരി കുത്തേറ്റു മരിച്ച സംഭവം: 20 പേര്‍ അറസ്റ്റില്‍
ഷാര്‍ജ . ആക്രോശത്തോടെയെത്തി മലയാളികളെ കുത്തിവീഴ്ത്തിയ അക്രമിസംഘത്തിനു മുന്നില്‍ മാര്‍ക്കറ്റ് ഒന്നടങ്കം നടുങ്ങിനിന്നു. ബഹളത്തിനിടെ അടിയുടെ ശബ്ദവും കൂട്ടക്കരച്ചിലും കേട്ട് എല്ലാവരും കടയിലേക്ക് ഒാടിയെത്തിയപ്പോള്‍ കുത്തേറ്റു പിടയുകയായിരുന്നു നാലുപേരും. കടയിലെ സാധനങ്ങളിലും തറയിലും ചോരയൊഴുകി.

മുഹമ്മദ് ഷെരീഫിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ചിത്താരി മുക്കൂട് ചേറ്റുകുണ്ട് സ്വദേശി ഖലീല്‍ മാട്ടുമ്മലിനും സഹോദരന്‍ നൂറുദ്ദീനും കുത്തേറ്റത്. വ്യാപാരികളായ ഇവര്‍ കച്ചവടത്തിരക്കിലായിരുന്നപ്പോള്‍ ബഹളവും നിലവിളിയും കേട്ട് ഒാടിയെത്തുകയായിരുന്നു. മുഹമ്മദ് ഷെരീഫിനെയും സഹോദരിയുടെ മകന്‍ നിസാമിനെയും ആറോളം പേര്‍ വളഞ്ഞുനിന്നു മര്‍ദിക്കുകയും കത്തികൊണ്ടു തലങ്ങും വിലങ്ങും കുത്തുകയും ചെയ്യുന്നതാണ് കണ്ടത്. അന്‍വര്‍ അക്രമികളെ തടയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. മറ്റൊന്നും ആലോചിക്കാതെ ഖലീലും നൂറുദ്ദീനും അക്രമികള്‍ക്കിടയിലേക്കു ചാടിവീണു. അതോടെ ഇവരുടെ നേരെ അക്രമികള്‍ തിരിഞ്ഞു.

പിടിവലിക്കിടെ ഇവരുടെ വയറ്റിലും പുറത്തും കുത്തേറ്റു. അപ്പോഴേക്കും മാരകമായ മുറിവേറ്റ മുഹമ്മദ് ഷെരീഫ് നിലവിളിയോടെ കടയില്‍ നിന്നിറങ്ങിയോടി. എന്നാല്‍  റോഡിലെത്തിയതും കുഴഞ്ഞുവീണു. ഉടന്‍ പൊലീസെത്തി ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ല. ഖലീല്‍, നൂറുദ്ദീന്‍, നിസാം എന്നിവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചു. നൂറുദ്ദീന്റെ പരുക്ക് ഗുരുതരമായിരുന്നുവെങ്കിലും അപകടനില തരണം ചെയ്തു. വയറ്റിനും പുറത്തും കുത്തേറ്റ ഖലീല്‍ പിന്നീട് ആശുപത്രി വിട്ടു. അക്രമിസംഘം രണ്ടായി തിരിഞ്ഞ് ഒരു വിഭാഗം കടയ്ക്കകത്തു കയറിയപ്പോള്‍ മറ്റുള്ളവര്‍ പുറത്തു കാവല്‍ നില്‍ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മാര്‍ക്കറ്റില്‍ ഇടയ്ക്കിടെ ചെറിയ വാക്കു തര്‍ക്കങ്ങളുണ്ടാകുമെങ്കിലും ആദ്യമായാണ് കൊലപാതകമെന്ന് വ്യാപാരിയായ കാസര്‍കോട് സ്വദേശി ഹനീഫ് പറഞ്ഞു.

മുഹമ്മദ് ഷെരീഫിന്റെ മരണത്തില്‍ അനുശോചിച്ച് മാര്‍ക്കറ്റിലെയും പരിസരങ്ങളിലെയും മലയാളികള്‍ ഇന്നലെ കടകളടച്ചു. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ സ്വദേശികളായ വ്യാപാരികളും ഇവരോടൊപ്പം ചേര്‍ന്നു. നാല്‍പത് വര്‍ഷത്തോളം പഴക്കമുള്ള ഇൌ ഒറ്റനില വ്യാപാര കേന്ദ്രം ചെറിയ ഗുവൈര്‍ മാര്‍ക്കറ്റ് എന്നാണറിയപ്പെടുന്നത്. ഇലക്ട്രോണിക് സാധനങ്ങള്‍, തുണിത്തരങ്ങള്‍, ബെഡ്ഷീറ്റ്, ബ്ലാങ്കറ്റ് തുടങ്ങിയവ വില്‍ക്കുന്ന കേന്ദ്രമാണിത്. നൂറിലേറെ കടകളില്‍ മിക്കതും മലയാളികളുടേത്.

കാസര്‍കോട്, കോഴിക്കോട് സ്വദേശികളാണ് കൂടുതലും. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ സ്വദേശികളും വ്യാപാരികളായുണ്ട്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പിടിച്ചു നില്‍ക്കാന്‍ പാടുപെട്ടിരുന്ന ഇവര്‍ക്ക് കെട്ടിടം പൊളിക്കാന്‍ മുനിസിപ്പാലിറ്റി തീരുമാനിച്ചത് ഇരുട്ടടിയായി. പിന്നീട് വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു. കുറഞ്ഞവിലയ്ക്കു സാധനം കിട്ടുന്നതിനാല്‍ കുറച്ചുദിവസമായി ഇവിടെ നല്ല തിരക്കായിരുന്നു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com