കാഞ്ഞങ്ങാട്: മുട്ടയുടെയും ഇറച്ചിയുടെയും മീനിന്റെയും വിലയിലുണ്ടായ കുതിച്ചുകയറ്റം ഹോട്ടലുകളിലെ ഭക്ഷണ നിരക്കുകളെ കത്തിക്കുന്നു. ഹോട്ടലുകളില്‍ കയറിയാല്‍ കീശ കാലിയാകുന്നതറിയില്ല. പിടിച്ചുനില്‍ക്കാനാകാതെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ഹോട്ടല്‍ വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലാണ്. ഇന്നത്തെ വിപണിയിലെ വിലനിലവാരം അനുസരിച്ച് ഭക്ഷണ സാധനങ്ങള്‍ക്ക് വില കൂട്ടാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് ഹോട്ടല്‍ ഉടമകളുടെ വാദം.
നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുകയറുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കിടയാക്കിയത്. ചായക്ക് കാഞ്ഞങ്ങാട്ടെ ഹോട്ടലുകളില്‍ 6 രൂപയാണ് വില. വിത്തൗട്ട് ചായക്കും കട്ടന്‍ചായക്കും 5 രൂപ. കാപ്പിക്കാകട്ടെ 7 രൂപ. എണ്ണപലഹാരങ്ങള്‍ക്കും പൊറോട്ടക്കും ഇഡ്‌ലിക്കും ചപ്പാത്തിക്കും ദോശക്കും ഒരേ വില 6 രൂപ.
അധികമൊന്നും വിഭവമില്ലാത്ത വെജിറ്റേറിയന്‍ ഊണിന് 25 രൂപ ഈടാക്കുമ്പോള്‍ നോണ്‍ വെജിറ്റേറിയന്‍ ഊണിന് 30-35 രൂപയാണ് വില. നെയ്‌ച്ചോറിന് 40 രൂപ. ചിക്കന്‍ ബിരിയാണിക്ക് 90 ഉം മട്ടന്‍ ബിരിയാണിക്ക് 100 രൂപയുമാണ് വില. ടൗണിന്റെ മുക്കിലും മൂലയിലും പ്രവര്‍ത്തിക്കുന്ന കഞ്ഞി-തട്ടുകടകളിലും വില മിതമാണെന്നാണ് അവകാശവാദമെങ്കിലും വില കൂടുതലാണെന്നാണ് ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ചമ്മന്തി, അച്ചാര്‍, തോരന്‍ തുടങ്ങിയവയാണ് കഞ്ഞിക്കൊപ്പം നല്‍കുന്ന വിഭവങ്ങള്‍. ഒരു പ്ലേറ്റ് കഞ്ഞിക്ക് 15 രൂപയാണ് വില. കഞ്ഞിക്ക് രുചിയേകാന്‍ ഒരു സിങ്കിള്‍ ഓംലൈറ്റ് വാങ്ങിയാല്‍ കുടുങ്ങിയത് തന്നെ. വില 10 രൂപ. ഡെബിള്‍ ഓംലൈറ്റിന് 20 രൂപയും.
മത്സ്യത്തിന് വില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ ഹോട്ടലുകളില്‍ അയില പൊരിച്ചതിന് 30-40 രൂപ ഈടാക്കുമ്പോള്‍ ആവോലി പൊരിച്ചതിന് 70 ഉം അയക്കൂറക്ക് 60 രൂപയുമാണ് വില. ഇത് നഗരത്തിലെ സാധാരണ ഹോട്ടലുകളിലെ നിരക്ക് മാത്രമാണ്. ട്രോളിംഗ് നിരോധനം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയതോടെ മത്സ്യബന്ധനം നാമമാത്രമായതിനെ തുടര്‍ന്നാണ് മത്സ്യത്തിന് വില കൂടിയത്. മീന്‍ വിപണി ഇപ്പോള്‍ തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനം ഇപ്പോള്‍ കയ്യടക്കിയിട്ടുണ്ട്. ഇത് മറയാക്കി മീനിന് തോന്നുന്ന വിലയാണ് വിപണിയില്‍ ഈടാക്കുന്നത്. സാധാരണക്കാരെ തളര്‍ത്തുന്ന നിലയിലാണ് ഇപ്പോഴത്തെ വിലക്കയറ്റം. കോഴിമുട്ടയുടെ വില ഒറ്റയടിക്ക് 4 രൂപയായി വര്‍ദ്ധിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതോടെ ഓംലൈറ്റിന്റെ വില ഉയര്‍ത്താന്‍ ഹോട്ടല്‍-തട്ടുകട ഉടമകള്‍ നിര്‍ബന്ധിതരായി. മുട്ട വരവ് തമിഴ്‌നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് കുറഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷണത്തോടൊപ്പം മുട്ട വിതരണം ചെയ്യുന്നതുകൊണ്ടാണ് വരവ് കുറഞ്ഞത്.
കോഴി ഇറച്ചിയുടെയും വില വര്‍ദ്ധിച്ചിട്ടുണ്ട്. കിലോവിന് 100 രൂപ. മട്ടന് വില കുത്തനെ ഉയര്‍ന്നിട്ടുണ്ടെങ്കിലും പലയിടത്തും അത് കിട്ടാനില്ലാത്ത അവസ്ഥയാണ്. അതുകൊണ്ട് തന്നെ മട്ടന്‍ വിഭവങ്ങള്‍ക്കും പൊള്ളുന്ന വിലയാണ്. ഭക്ഷണനിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് ഒട്ടേറെ ന്യായവാദങ്ങള്‍ ഹോട്ടല്‍ ഉടമകള്‍ക്ക് ഉണ്ട്. ഒരുവര്‍ഷം മുമ്പ് ഒരു ടിന്‍ എണ്ണക്ക് 530 രൂപയായിരുന്നു വിലയെങ്കില്‍ ഇപ്പോള്‍ അത് 700 രൂപയായി ഉയര്‍ന്നു. പാചക വാതകത്തിന് ഒരു സിലിണ്ടറിന് ഇപ്പോഴത്തെ വില 1800 രൂപയാണ്. നേരത്തെ അത് 1200 രൂപ മാത്രം. അരിവില 30 രൂപയായി കുതിച്ചുയര്‍ന്നു. ഇതിനെല്ലാം പുറമെ തൊഴിലാളികളെ കിട്ടാത്ത അവസ്ഥയും. തൊഴിലാളികള്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കേണ്ടുന്ന സാഹചര്യവും ഹോട്ടല്‍ ഉടമകള്‍ നേരിടുന്നുണ്ട്.
ഭണ്ഡാരി എന്നറിയപ്പെടുന്ന പ്രധാന പാചകക്കാരന് ദിവസക്കൂലി 750 രൂപയെങ്കിലും നല്‍കണം. വെയിറ്റര്‍ക്ക് ശമ്പളം 300 രൂപ. ക്ലീനിംഗ് തൊഴിലാളികള്‍ക്ക് 250 രൂപയെങ്കിലും കൂലി നല്‍കാതെ വയ്യ. ജോലിക്ക് അന്യ സംസ്ഥാന തൊഴിലാളികളെയാണ് മിക്കവരും ആശ്രയിച്ചിട്ടുള്ളത്. കൂലിക്ക് പുറമെ ഇവര്‍ക്ക് ഭക്ഷണം നല്‍കണം. താമസ സൗകര്യവും ഒരുക്കിക്കൊടുക്കണം. അങ്ങനെ പല കാരണങ്ങള്‍ കൊണ്ടും ഭക്ഷണ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് ഉടമകള്‍ പറയുന്നത്.
1 comments:
hey ! all these doesn't matter ! kunjanandan innale keezhadangi, that is most important
Post a Comment