കാഞ്ഞങ്ങാട്‌ നഗരസഭയില്‍ ബി.ജെ.പി സഹായത്തോടെ യു.ഡി.എഫിന്‌ നഗരഭരണം നിലനിര്‍ത്താന്‍ സാധിക്കും.

on Aug 20, 2009

കാഞ്ഞങ്ങാട്‌ നഗരസഭയില്‍ ചെയര്‍മാന്‍പദം എം.പി.ജാഫര്‍ ആവശ്യപ്പെട്ടു
കാഞ്ഞങ്ങാട്‌:കാഞ്ഞങ്ങാട്‌ നഗരസഭയില്‍ അവസാനവര്‍ഷത്തെ ചെയര്‍മാന്‍പദം മുന്‍പൊതുമരാമത്ത്‌ സ്റ്റാന്റിംഗ്‌കമ്മിറ്റി ചെയര്‍മാനായ ലീഗ്‌ നേതാവ്‌ എം.പി.ജാഫര്‍ പാര്‍ട്ടിനേതൃത്വത്തോട്‌ ആവശ്യപ്പെട്ടു. ഇപ്പോള്‍ യു.ഡി.എഫ്‌ പക്ഷത്ത്‌ നില്‍ക്കുന്ന കല്ലൂരാവി വാര്‍ഡിലെ സ്വതന്ത്രകൗണ്‍സിലര്‍ ഹസിനാര്‍ കല്ലൂരാവിയും ചെയര്‍മാന്‍പദത്തിനായി രംഗത്ത്‌ വരികയും നിലവിലെ നഗരസഭാചെയര്‍മാന്‍ അഡ്വ.എന്‍.എ.ഖാലിദ്‌ തത്‌സ്ഥാനത്ത്‌ നിന്നും ഒഴിയാന്‍ സാധ്യത വിരളമായതും മുസ്ലീംലീഗിനെ കടുത്തപ്രതിസന്ധിയിലേക്കാണ്‌ നയിച്ചിരിക്കുന്നത്‌. നഗരസഭയില്‍ മുസ്ലീംലീഗ്‌ ജില്ലാസെക്രട്ടറിയായ അഡ്വ.എന്‍.എ.ഖാലിദിന്‌ ചെയര്‍മാനായി ബി.ജെ.പി സഹായത്തോടെ യു.ഡി.എഫിന്‌ ഭരണത്തിലേറുന്നതിനായി ബി.ജെ.പി സ്വതന്ത്രന്‍ ഉണ്ണികൃഷ്‌ണന്‌ പൊതുമരാമത്ത്‌ സ്റ്റാന്റിംഗ്‌കമ്മിറ്റി ചെയര്‍മാന്‍പദം 2008 മെയില്‍ ഒഴിഞ്ഞുനല്‍കിയ എം.പി.ജാഫറിന്‌ മുസ്ലീംലീഗ്‌ കാഞ്ഞങ്ങാട്‌ മണ്‌ഡലംകമ്മിറ്റി പ്രസിഡന്റ്‌ ടി.അബൂബക്കര്‍ ഹാജിയും ട്രഷറര്‍ റംസാനും മധ്യസ്ഥംവഹിച്ച കമ്മിറ്റി അവസാനഒരുവര്‍ഷത്തെ നഗരസഭാചെയര്‍മാന്‍പദം വാഗ്‌ദാനം ചെയ്‌തിരുന്നു. ഇത്തരമൊരു വാഗ്‌ദാനം നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നീണ്ടചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ എം.പി.ജാഫര്‍ ബി.ജെ.പി സ്വതന്ത്രന്‌ പൊതുമരാമത്ത്‌ സ്റ്റാന്റിംഗ്‌കമ്മിറ്റി ചെയര്‍മാന്‍പദം വിട്ടുനല്‍കിയത്‌. പ്രതിസന്ധിഘട്ടത്തില്‍ ജാഫറിന്‌ ലീഗ്‌ നേതൃത്വം നല്‍കിയ അവസാനവര്‍ഷത്തെ ചെയര്‍മാന്‍പദം ലീഗ്‌ വിമതനായിമത്സരിച്ച്‌ തുടക്കത്തില്‍ എല്‍.ഡി.എഫ്‌ ഭരണപങ്കാളിയായിരുന്ന കൗണ്‍സിലര്‍ ഹസിനാര്‍ കല്ലൂരാവിക്കും നല്‍കിയിരുന്നു. ഒരേസമയം ഇരട്ടവാഗ്‌ദാനങ്ങള്‍ നല്‍കിയ ലീഗ്‌ നേതൃത്വമിപ്പോള്‍ വെട്ടില്‍വീണിരിക്കുകയാണ്‌. അഡ്വ.കെ.പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ്‌ നഗരഭരണത്തെ സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ള ആറ്‌ ബി.ജെ.പി കൗണ്‍്‌സിലര്‍മാരുടെ സഹായം ലഭിച്ചിട്ടും യു.ഡി.എഫിന്‌ അവിശ്വാസത്തിലൂടെ പുറത്താക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന്‌ രണ്ടാംതവണ യു.ഡി.എഫ്‌ കൗണ്‍സില്‍യോഗത്തില്‍ അവതരിപ്പിച്ച അവിശ്വാസപ്രമേയത്തില്‍ ഹസിനാര്‍ കല്ലൂരാവിയുടെ സഹായത്താലാണ്‌ അവിശ്വാസപ്രമേയം പാസാക്കിയെടുക്കുകയും എല്‍.ഡി.എഫ്‌ ഭരണത്തെ നഗരസഭയില്‍ നിന്നും തൂത്തെറിയുകയും ചെയ്‌തത്‌. അവിശ്വാസപ്രമേയം പാസാക്കിയെടുക്കുന്നതിനാണ്‌ കല്ലൂരാവിക്ക്‌ ചെയര്‍മാന്‍പദം വാഗ്‌ദാനം ചെയ്‌തത്‌. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക്‌ 2010 സെപ്‌തംബറിലാണ്‌ തിരഞ്ഞെടുപ്പ്‌ നടക്കുകയെന്നിരിക്കെ ലീഗ്‌നേതൃത്വം ഹസിനാര്‍ കല്ലൂരാവിക്കും എം.പി.ജാഫറിനും വാഗ്‌ദാനം ചെയ്‌ത ചെയര്‍മാന്‍പദം പതിമൂന്ന്‌ ദിവസങ്ങള്‍ക്കകം നല്‍കേണ്ടിവരും. പാര്‍ട്ടിവാഗ്‌ദാനം ചെയ്‌ത ഒരുവര്‍ഷചെയര്‍മാന്‍പദം ലഭിക്കുന്നതിന്‌ ദിവസങ്ങള്‍മാത്രമെ അവശേഷിക്കുന്നൂള്ളൂ എന്ന്‌ കാണിച്ച്‌ എം.പി.ജാഫര്‍, ടി.അബൂബക്കര്‍ ഹാജിക്കും, റംസാനും കഴിഞ്ഞദിവസം കത്തുനല്‍കിയിട്ടുണ്ട്‌. കത്ത്‌ ലഭിച്ചതായി സമ്മതിച്ച അബൂബക്കര്‍ ഹാജി പ്രസ്‌തുത കത്ത്‌ചര്‍ച്ച ചെയ്യുന്നതിനായി മുസ്ലീംലീഗ്‌ കാഞ്ഞങ്ങാട്‌ മുന്‍സിപ്പല്‍ കമ്മിറ്റിക്ക്‌ വിടുമെന്ന്‌ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ എന്ത്‌ പ്രതിസന്ധി ഉണ്ടായാലും ബി.ജെ.പി സഹായത്തോടെ യു.ഡി.എഫിന്‌ നഗരഭരണം നിലനിര്‍ത്താന്‍ സാധിക്കും. 32അംഗ നഗരസഭാ അംഗബലത്തില്‍ ജനതാദള്‍ വിരേന്ദ്ര കുമാര്‍ വിഭാഗക്കാരനായ ടി.അമ്പാടി, എന്‍.സി.പി അംഗം ടി.വി.ശൈലജ ഉള്‍പ്പെടെ യു.ഡി.എഫിന്‌ 19അംഗങ്ങളും രണ്ട്‌ സ്വതന്ത്രര്‍ ഉള്‍പ്പെടെ ബി.ജെ.പിക്ക്‌ ആറ്‌ അംഗങ്ങളുടെ പിന്തുണയുമുണ്ട്‌. എല്‍.ഡി.എഫിനാകട്ടെ നഗരസഭയിലെ അംഗബലം പതിനഞ്ചായി ചുരുങ്ങുകയും ചെയ്‌തു. ജാഫറിനും, ഹസിനാറിനും ചെയര്‍മാന്‍പദം ലഭിക്കാത്ത സാഹചര്യത്തില്‍ യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കാന്‍ സാധിക്കില്ലെങ്കിലും പാര്‍ട്ടി നേതൃത്വം വാക്ക്‌ പാലിച്ചില്ലെന്ന ആരോപണത്തില്‍കുടുങ്ങി പൊതുജനങ്ങള്‍ക്കിടയില്‍ പരിഹാസ്യരായി തീരുമെന്ന്‌ നേതാക്കള്‍ഭയപ്പെടുന്നുണ്ട്‌. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏത്‌ സമയത്തും ചെയര്‍മാന്‍പദം വിട്ടൊഴിയാന്‍ തയ്യാറാണെന്ന്‌ ഖാലിദ്‌ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ അദ്ദേഹം ചെയര്‍മാന്‍പദം വിട്ടൊഴിയാന്‍ തയ്യാറാകില്ലെന്നാണ്‌ ലീഗിലെതന്നെ ഒരുവിഭാഗം ചൂണ്ടികാട്ടുന്നത്‌.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com