കാറുകള്‍ കവര്‍ച്ച ചെയ്‌തകേസില്‍ നാലരവര്‍ഷം കഠിനതടവ്‌

on Aug 20, 2009

കാഞ്ഞങ്ങാട്‌: ചിത്താരി കേന്ദ്രീകരിച്ച്‌ മൂന്ന്‌ കാറുകള്‍ കവര്‍ച്ച ചെയ്‌ത കുപ്രസിദ്ധവാഹന കവര്‍ച്ചക്കാരന്‍ പടന്നക്കാട്‌ കരുവളത്തെ ഫാത്തിമ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കുനിയില്‍ വീട്ടില്‍ അബ്‌ദുര്‍റഹ്‌മാന്‍ എന്ന റഹീമിനെ(25) ഹൊസ്‌ദുര്‍ഗ്‌ ജുഡീഷ്യല്‍ ഒന്നാംക്ലാസ്സ്‌ മജിസ്‌ട്രേറ്റ്‌ (ഒന്ന്‌) കോടതി നാലരവര്‍ഷം കഠിനതടവിന്‌ ശിക്ഷിച്ചു. സെന്‍ട്രല്‍ ചിത്താരിയിലെ വൈറ്റ്‌ഹൗസ്‌ അബ്‌ദുല്ലയുടെ മകന്‍ സി.എച്ച്‌.ഷറഫുദ്ദീന്റെ ഉടമസ്ഥതയിലുള്ള മൂന്നേമുക്കാല്‍ലക്ഷംരൂപ വിലവരുന്ന മാരുതിസെന്‍കാറും ചാമുണ്‌ഡിക്കുന്നിലെ മുഹമ്മദ്‌ കുഞ്ഞിയുടെ മകന്‍ സി.എച്ച്‌.കരീമിന്റെ ഉടമസ്ഥതയിലുള്ള ആറ്‌ലക്ഷത്തോളംരൂപ വിലവരുന്ന കെ.എല്‍ 14 ബി-4636 നമ്പര്‍ കറുപ്പ്‌ സ്‌കോര്‍പ്പിയോ കാറും അജാനൂര്‍ മാണിക്കോത്തെ മുഹമ്മദിന്റെ മകന്‍ അബ്‌ദുര്‍റഹ്‌മാന്‍ ഹാജിയുടെ ഉടമസ്ഥതയിലുള്ള മൂന്നരലക്ഷംരൂപ വിലവരുന്ന കെ.എല്‍ 14 ഇ-6225 നമ്പര്‍ മാരുതിസെന്‍കാറും കവര്‍ച്ച ചെയ്‌തകേസിലാണ്‌ പ്രതിയെ കോടതി ശിക്ഷിച്ചത്‌. ഓരോകേസിലും ഒന്നരവര്‍ഷംവീതം കഠിനതടവായാണ്‌ പ്രതിയെ ശിക്ഷിച്ചത്‌. മാസങ്ങളായി കണ്ണൂര്‍ സെട്രല്‍ ജയിലില്‍ റിമാന്റിലായിരുന്ന അബ്‌ദുര്‍റഹീമിനെ ഹാജരാക്കാന്‍ കോടതി നേരത്തെ പ്രൊഡക്ഷന്‍ വാറന്റ്‌ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്‌ച പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു മൂന്ന്‌ വാഹനകവര്‍ച്ചാകേസുകളിലും ഒരുമിച്ച്‌ വിധിയുണ്ടായത്‌. 2006 ഫെബ്രുവരി 27ന്‌ രാത്രിയാണ്‌ കരീമിന്റെ വീട്ടുമുറ്റത്തുനിന്നും റഹീമുള്‍പ്പെടെയുള്ള സംഘം സ്‌കോര്‍പ്പിയോ കവര്‍ച്ച ചെയ്‌തത്‌. 2006 മെയ്‌ 30ന്‌ രാത്രി ഷറഫുദ്ദീന്റെ വീട്ടുമുറ്റത്തുനിന്നും 2006 ഏപ്രില്‍ 3ന്‌ അബ്‌ദുള്‍ റഹ്‌മാന്റെ വീട്ടുമുറ്റത്തുനിന്നും കാറുകള്‍ കവര്‍ച്ച ചെയ്‌തു. പിന്നീട്‌ കവര്‍ച്ച ചെയ്‌തമൂന്ന്‌ വാഹനങ്ങളും പോലീസ്‌ മലപ്പുറം കുഴിമണ്ണ പൂവുത്തിങ്കല്ലിലെ അലവികുട്ടിയുടെ മകന്‍ അബ്‌ദുല്‍ കരീമി(42)ന്റെ പക്കല്‍നിന്നും പോലീസ്‌ കസ്റ്റഡിയിലെടുത്തിരുന്നു. കവര്‍ച്ചാവാഹനങ്ങള്‍ വാങ്ങിയ അബ്‌ദുള്‍ കരീമും മലപ്പുറം ഏറനാടി പെരങ്കമണ്ണ ചെറാംതൊടികയിലെ ഹംസയുടെ മകന്‍ ഫിറോസ്‌ഖാന്‍ എന്ന കുഞ്ഞിപ്പ(26), മഞ്ചേരി മഞ്ഞപ്പാറ പുളിയപറമ്പയിലെ കുഞ്ഞിമുഹമ്മദ്‌ എന്ന നാണിയുടെ മകന്‍ സമസ്‌തന്‍ എന്നിവരും കേസിലെ പ്രതികളാണ്‌. അബ്‌ദുര്‍ റഹീം കോടതിയില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കൂട്ടുപ്രതികളില്‍ ചിലര്‍ റിമാന്റിലോ ഒളിവിലോ ആണ്‌.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com