കാഞ്ഞങ്ങാട്ടെ സംഘര്‍ഷത്തിന് അയവ് : സമാധാനം പുനസ്ഥാപിക്കാന്‍ സര്‍വ്വകക്ഷി തീരുമാനം

on Oct 12, 2011


kasaragod.com, news, vartha, kasaragodvartha, kasaragodnews
കാഞ്ഞങ്ങാട് : കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കാഞ്ഞങ്ങാട് നടന്നു വരുന്ന സി പി എം - മുസ്ലിംലീഗ് തമ്മിലുള്ള സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് ഇന്നു വൈകുന്നേരം കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന സമാധാന കമ്മിറ്റി യോഗം നാളെ (12.10.2011) മുതല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും, സ്വകാര്യ ബസുകളും, കെ എസ് ആര്‍ ടി സി ബസുകളും പതിവുപോലെ ഓടിക്കാനും തീരുമാനിച്ചു. കടകള്‍ക്കും ബസുകള്‍ക്കും ആവശ്യമായ പോലീസ് സംരക്ഷണം നല്‍കാനും തീരുമാനമായി. അക്രമ സംഭവങ്ങളില്‍ പരാതി ലഭിക്കുന്ന മുറക്ക് അക്രമികള്‍ക്കെതിരെ കേസെടുത്ത് മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീശുകനും, കളക്ടര്‍ കെ എന്‍ സതീശും ഉറപ്പു നല്‍കി. അക്രമികളായ പ്രതികളെ അറസ്റ്റ് ചെയ്താല്‍ അവര്‍ക്കുവേണ്ടി ശുപാര്‍ശയ്ക്കായി ഒരു രാഷ്ട്രീയക്കാരനോ, സംഘടന പ്രവര്‍ത്തകനോ പോലീസിനെ സമീപിക്കില്ലെന്നും സര്‍വ്വകക്ഷി രാഷ്ട്രീയ നേതാക്കളും ഉറപ്പു നല്‍കി.

കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, അജാനൂര്‍ പഞ്ചായത്ത്, പുല്ലൂര്‍ പെരിയ പഞ്ചായത്ത് എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നിയമം രണ്ടു ദിവസത്തേക്ക് പിന്‍വലിക്കേണ്ടതില്ലെന്നും തീരുമാനമായി. രണ്ടു ദിവസത്തിനു ശേഷം സമാധാനന്തരീക്ഷം പരിശോധിച്ച് ശാന്തിയാത്ര നടത്തുന്ന കാര്യം ആലോചിക്കും. അനിഷ്ടസംഭവങ്ങളെ സര്‍വ്വകക്ഷി യോഗം ശക്തമായി അപലപിച്ചു

യോഗത്തില്‍ ജില്ലാ കളക്ടര്‍ കെ എന്‍ സതീശ്,, എസ് പി ശ്രീശുകന്‍ എസ് പി മഞ്ജുനാഥ് ഐ പി എസ്, സി ഐ വേണുഗോപാല്‍, സബ് കളക്ടര്‍ ബാലകിരണ്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എ കെ നാരായണന്‍, അഡ്വ. പി അപ്പുക്കുട്ടന്‍, പി ഗംഗാധരന്‍ നായര്‍, മടിക്കൈ കമ്മാരന്‍, മെട്രോ മുഹമ്മദ്ഹാജി, വ്യാപാരി വ്യവസായ നേതാക്കളായ യൂസഫ് ഹാജി, കെ വി ലക്ഷ്മണന്‍, വിനോദ്, തുടങ്ങിയവര്‍ പങ്കെടുത്തു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com