മലയാളികള്‍ കഴിക്കുന്നത് മാരകവിഷങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്ന പച്ചക്കറി, പഴങ്ങള്‍, മസാലപ്പൊടികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, ഉണങ്ങിയ പഴങ്ങള്‍ തുടങ്ങി ഭൂരിപക്ഷം ഭക്ഷ്യവസ്തുക്കളിലും മാരകമായ വിഷങ്ങള്‍ അടങ്ങിയിട്ടുള്ളതായി പരിശോധനയില്‍ തെളിഞ്ഞു. കേരള കാര്‍ഷിക സര്‍വകലാശാലയും കൃഷി വകുപ്പും സംയുക്തമായി നടപ്പാക്കുന്ന സേഫ് ടു ഈറ്റ് പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍.
2014 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കാസര്‍ഗോഡ് എന്നീ നഗരങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റ്, ഹൈപ്പര്‍ മാര്‍ക്കറ്റ്, ചെറിയ കടകള്‍ എന്നിവിടങ്ങളില്‍ നിന്നും ശേഖരിച്ച ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകളില്‍ നടത്തിയ പരിശോധനയിലാണ് വിഷാംശം കണ്ടെത്തിയത്.
പാക്കറ്റില്‍ ലഭിക്കുന്ന ഇരുപത്തിനാലിനം സുഗന്ധവ്യഞ്ജനങ്ങള്‍, മസാലപ്പൊടികള്‍ എന്നിവയുടെ 110 സാമ്പിള്‍ പരിശോധിച്ചതില്‍ 13 എണ്ണത്തില്‍ വിഷാംശം കണ്ടെത്തി. മുളകുപൊടി, കാശ്മീരി മുളകുപൊടി, വറ്റല്‍ മുളക്, തൈര് മുളക്, ജീരകം, ഏലക്ക എന്നിവയിലാണ് വിഷാംശം കൂടുതല്‍. ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേഡ് അഥോറിറ്റി ഒഫ് ഇന്ത്യ നിഷ്കര്‍ഷിച്ചിരിക്കുന്ന പരിധിയിലും രണ്ടും മൂന്നും മടങ്ങ് അധികം വിഷാംശം അടങ്ങിയിരിക്കുന്നത്.
മുളകുപൊടിയില്‍ നിന്ന് കണ്ടെത്തിയ വിഷങ്ങള്‍ ഇവയാണ്- ക്ളോര്‍പൈറിഫോസ്, പ്രൊഫെനോഫോസ്, എത്തയോന്‍. കശ്മീരി മുളകുപൊടിയില്‍ നിന്ന് കണ്ടെത്തിയത്- സൈപെര്‍മെത്രിന്‍, എത്തയോന്‍. വറ്റല്‍ മുളകില്‍ ഡൈമെത്തോയേറ്റ്, എത്തയോന്‍ എന്നിവയും തൈര് മുളകില്‍ എത്തയോണ്‍, പ്രൊഫെനോഫോസ്, ജീരകത്തില്‍ ക്ളോര്‍പൈറിഫോസ്, ഏലക്കയില്‍ ബൈഫെന്‍ത്രീന്‍, സൈപെര്‍മെത്രിന്‍, എത്തയോണ്‍, ഫെന്‍വാലറേറ്റ്, ലാംബ്ഡാ, സൈഹാലോത്രിന്‍, ഫൊസലോണ്‍, ക്യൂനാല്‍ഫോസ്, അയമോദകത്തില്‍ മിഥെയിന്‍ പാരതയോണ്‍ എന്നീ കീടനാശിനികളും കണ്ടെത്തി.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച പച്ചക്കറി സാമ്പിളുകളിലും വിഷാംശം കണ്ടെത്തി.കോളിഫ്ലവറിലാണ് ഏറ്റവും കൂടുതല്‍ വിഷാംശം. തിരുവനന്തപുരം നഗരത്തിലെ മൂന്നു ജൈവ പച്ചക്കറി മാര്‍ക്കറ്റുകളില്‍ നിന്ന് ശേഖരിച്ച പച്ചക്കറികളുടെ 11 സാംപ്ള്‍ പരിശോധിച്ചതില്‍ നാലെണ്ണത്തില്‍ കീടനാശിനികളുടെ അളവു കൂടിയതോതിലാണെന്നും കണ്ടെത്തി. വിവിധ നഗരങ്ങളില്‍ നിന്ന് ശേഖരിച്ച ഉണക്കമുന്തിരി സാമ്പിളുകളിലും കൂടിയ അളവില്‍ വിഷാംശം ഉള്ളതായി തെളിഞ്ഞു.
ബൈഫെന്‍ത്രീന്‍, സൈപെര്‍മെത്രിന്‍, എത്തയോണ്‍ എന്നിവയുടെ ഉപയോഗം ത്വക്ക് രോഗം, തലവേദന, ശ്വാസതടസം, പേശിവലിയല്‍, കണ്ണിലെരിച്ചല്‍, ശര്‍ദ്ദില്‍, കാഴ്ച നഷ്ടം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകും, ഇവയുടെ തുടര്‍ച്ചയായ ഉപയോഗം മരണത്തിനുവരെ കാരണമാകാം.
0 comments:
Post a Comment