ചിത്താരി ഗ്രാമം ...ലേഖനം: ബഷീര്‍ ചിത്താരി

on Oct 28, 2014

ചിത്താരി ഞങ്ങള്‍ക്കെന്നും ഉള്‍പുളകം ഉണ്ടാക്കുന്ന ഒരു ഗ്രാമമാണ്, എന്‍റെ പ്രിയപ്പെട്ട ഗ്രാമം. കേരളത്തിലെ ഒരു ഗ്രാമത്തിന്‍റെ എല്ലാ നന്മകളും സൌന്ദര്യവും നിര്‍മലതയും ഗ്രാമീണ ജനതയുടെ നിഷ്കളങ്കതയും എല്ലാം ഇവിടെ ഒന്നായി ലയിച്ചിരിക്കുന്നു. എന്‍റെ നാട്ടുക്കാരായ ഗ്രാമീണ ജനതയുടെ പരസ്പര സ്നേഹവും സൌഹാര്‍ദ്ദവും സഹകരണവും വിശാലമായ കാഴ്ച്ചപാടുകളും മതേതരമുല്യങ്ങളില്‍ അധിഷ്ടിതമായ സ്വഭാവ വിശേഷണവും എല്ലാം ഈ നാടിന്‍റെ സംസ്കൃതിയെ സമ്പന്നമാക്കുന്ന വിശേഷണങ്ങള്‍ ആണ്.

പ്രകൃതി രമണീയമാണ് ചിത്താരി ഗ്രാമം. കിഴക്ക് നിന്ന് പടിഞ്ഞാറോട്ടേക്ക് നിര്‍മലമായി ഒഴുകുന്ന മനോഹരമായ ചിത്താരി പുഴ നമ്മുടെ ഗ്രാമത്തിന്‍റെ വെള്ളി പാദസരം പോലെ ഒഴുകുന്ന കാഴ്ച അതിമനോഹരമാണ്.
എന്‍റെ ഓര്‍മ്മകള്‍ സ്വാഭാവികമായും കുട്ടിക്കാലത്തേക്ക് പിറകോട്ട് പറക്കുകയാണ്. ഞാന്‍ ആദ്യാക്ഷരം പഠിച്ച ഹിമായത്തുല്‍ ഇസ്ലാം യു.പി സ്കൂള്‍, അവിടെത്തെ എന്‍റെ ഗുരുനാഥന്‍മാര്‍ എല്ലാം ഓര്‍മയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ബാല്യകാല വികൃതികള്‍കിടയിലും സ്നേഹ സമ്പൂര്‍ണമായ പെരുമാറ്റവും ക്ഷമാപൂര്‍ണമായ സമീപനവും കൊണ്ട് കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് പിച്ചവെപ്പിച്ച് നടത്തിക്കുന്നതില്‍ അധ്യാപികാ അധ്യാപകന്മാര്‍ പ്രകടിപ്പിക്കുന്ന ധിക്ഷണാബോധം അപാരം തന്നെയായിരുന്നു.
നമ്മുടെ ഗ്രാമജനത പൊതുവേ ശാന്തസ്വഭാവക്കാരും പരസ്പര ബഹുമാനം പ്രകടിപ്പിക്കുന്നവരുമാണ്.
മറ്റു ദേശങ്ങളില്‍നിന്നും വരുന്നവരെ മാന്യമായ രീതിയില്‍ അഥിതികളായി സ്വീകരിക്കുകയും അവര്‍ക്ക് സഹായ സഹകരണങ്ങള്‍ ചെയിതു കൊടുക്കുന്നതില്‍ പരസ്പരം മത്സരിക്കുന്നവരായിരുന്നു നമ്മുടെ നാട്ടുക്കാര്‍.
ജാതി മത വ്യത്യാസം ഇല്ലാതെ സ്നേഹിക്കുകയും സഹകരിക്കുകയും ചെയ്യുക എന്നത് ചിത്താരിക്കാരുടെ ഒരു പൈതൃക സ്വഭാവമാണ്.
ചിത്താരിയുടെ സാമുഹ്യ സാംസ്കാരിക കേന്ദ്രം തലഉയര്‍ത്തി നില്‍ക്കുന്നത്‌ തെക്കും വടക്കും മദ്ധ്യത്തിലുമായി നിലകൊള്ളുന്ന മുസ്ലീം ജമാഅത്തു പള്ളികളാണ്.

ഈ പ്രസ്ഥാനങ്ങളിലൂടെ പ്രഗല്‍ഭരായ പണ്ഡിതന്മാരുടെയും നേതാക്കന്മാരുടെയും സേവന നേതൃതം ലഭിക്കാനുള്ള മഹാ ഭാഗ്യം നമ്മുടെ നാട്ടിനുണ്ടായി. ഇതില്‍ എടുത്തു പറയേണ്ട എന്‍റെ ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന ചില പ്രഗല്‍ഭരാണ് മുന്‍ ഖാസി മര്‍ഹും പി.എ അബ്ദുള്ള മുസ്ലിയാര്‍ ,ചിത്താരി ഹംസ മുസ്ലിയാര്‍ ,മര്‍ഹും മാട്ടുമ്മല്‍ മുഹമ്മദ്‌ ഹാജി തുടങ്ങിയവര്‍ . മറ്റൊരു പ്രധാന ഗുരു വര്യനാണ് നാലരപതിറ്റാണ്ട്കാലം സൗത്ത് ചിത്താരി ഹയാത്തുല്‍ ഇസ്ലാം മദ്രസ്സയില്‍ അധ്യാപകനായി ദീനീ വിജ്ഞാനത്തിന്‍റെ പ്രകാശം ആയിര കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കി വിശ്രമ ജീവിതം നയിക്കുന്ന ബഹു: സി.എച് മുഹമ്മദ്‌ മൌലവി. ഇതിനു പുറമേ ധാരാളം പണ്ഡിതന്മാരുടെയും നേതാക്കന്മാരുടെയും സേവനങ്ങള്‍ ചിത്താരിക്ക് തുടര്‍ച്ചയായി ലഭിച്ചു കൊണ്ടിരിക്കുകയാണ്.
ചിത്താരി ഗ്രാമത്തിന്‍റെ പ്രൌഡ ഗംഭീരമായ വികസനത്തിന്‌ പ്രധാനപെട്ട പങ്കുവഹിച്ചത് നല്ലവരായ നമ്മുടെ നാട്ടിലെ പ്രവാസി സമൂഹമാണ്. നമ്മുടെ നാടിന്‍റെ സാമ്പത്തികവും സാമൂഹ്യവുമായ വളര്‍ച്ചക്ക് വിലമതിക്കുവാന്‍ പറ്റാത്ത സംഭാവനകളാണ് പ്രവാസി സമൂഹവും പ്രവാസി സംഘടനകളും ചെയിതു കൊണ്ടിരിക്കുന്നത്.

ഇവിടെ വിസ്മരിക്കാന്‍ പറ്റാത്ത മറ്റൊരു സാംസ്കാരിക കേന്ദ്രമായി നിലകൊള്ളുകയാണ് ചാമുണ്ഡിക്കുന്നു ക്ഷേത്രം.
ചിത്താരിയുടെ പ്രകൃതി ശീതളഛയ നിറഞ്ഞതാണ്‌ അതിനു അനിയോജ്യമായ രാഷ്ട്രീയ അടിത്തറയാണ് ഇവിടെ ഉള്ളത്.
മുസ്ലീം ലീഗിന്‍റെ രാഷ്ട്രീയ ബാലപാഠങ്ങള്‍ പഠിച്ചു വളര്‍ന്നവരാണ് ഇവിടെത്തെ മഹാ ഭൂരിപക്ഷം ജനങ്ങളും. ഹരിത ഗ്രാമമായ ചിത്താരിയെ പച്ച പുതപ്പു അണിയിക്കുന്നതാണ് ഇവിടെ എങ്ങും പാറിപറക്കുന്ന മുസ്ലീം ലീഗിന്‍റെ പതാകകള്‍.ഒരു രാഷ്ട്രീയ കക്ഷിയുടെ പൂര്‍ണമായ ആധിപത്യം നമ്മുടെ ഗ്രാമത്തിന്‍റെ പുരോഗതിക്കു വളരെ അധികം സഹായിച്ചിട്ടുണ്ട് എന്ന കാര്യം ശത്രുക്കള്‍ പോലും സമ്മതിക്കുന്ന കാര്യമാണ്.

സാമൂഹ്യ സേവനം ചിത്താരിക്കാരുടെ സിരകളില്‍ ഒഴുകുന്ന ഒരു സ്വഭാവ വിശേഷണമാണ്. അതുകൊണ്ട് തന്നെയാണ് സേവനത്തിന്‍റെ പുതിയ പുതിയ മേഘലകളിലേക്ക് കാലെടുത്തുവെച്ചുകൊണ്ട് ഒരു കൂട്ടം യുവാക്കള്‍ “ഒരുമ” എന്ന കൈത്തിരിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. സാധു സേവനമെന്ന പരിമിതമായ മേഘലയില്‍ ഒതുങ്ങാതെ വിശാലമായ പുതിയ സേവന മാര്‍ഗങ്ങള്‍ തേടിപിടിച്ചു കാരുണ്യ പ്രവര്‍ത്തനത്തിന് പുതിയ രൂപവും ഭാവവും നല്‍കുകയാണ് “ഒരുമ” ഇവിടെ ചെയ്യുന്നത്. അഭ്യസ്തവിദ്യരായ ആളുകള്‍ക്ക് തൊഴില്‍ നേടികൊടുക്കാനുള്ള പദ്ദതികള്‍, കുടുംബ കൌണ്‍സിലിംനഗ് ക്ലാസ്സുകള്‍,ഹജ്ജ് ക്ലാസുകള്‍,ആധാര്‍ കാര്‍ഡ്,ഗ്യാസ് കണക്ഷന്‍ എന്നിങ്ങനെയുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക്‌ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ “ഒരുമ” യുടെ സേവനത്തിന്‍റെ ചെറു വീഥികളാണ്. അതോടൊപ്പം തന്നെ മറ്റു കാരുണ്യ പ്രവര്‍ത്തനങ്ങളായ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വിശപ്പകറ്റാന്‍ റേഷന്‍ വിതരണവും,രോഗികളെ ചികിത്സാ പദ്ദതികള്‍,വിവാഹ സഹായങ്ങള്‍,ഭവന നിര്‍മാണ സഹായങ്ങള്‍ തുടങ്ങിവ എല്ലാം “ഒരുമ”യുടെ  സേവനത്തിന്‍റെ പ്രകാശ ഗോപുരങ്ങളാണ്. ഈ മഹനീയ കൂട്ടായിമയിക്ക് നേതൃത്തം നല്‍കാന്‍ പരിചയ സമ്പന്നരായ ആളുകള്‍ ഉണ്ട് എന്നത് “ഒരുമ”യുടെ പ്രവര്‍ത്തനത്തിന് മാറ്റ് കൂട്ടുന്ന കാര്യമാണ്.

ഇത് ഒരു ഗ്രാമ ജനതയുടെ വിജയ ഗാഥയാണ്. ചിത്താരി ഗ്രാമം ഇന്ന് എന്ത് കൊണ്ടും സമ്പല്‍സമൃദ്ധമാണ്, സാംസ്കാരിക കേന്ദ്രമാണ്.ഈ അനുഗ്രഹ വിശേഷണങ്ങള്‍ “ഒരുമ”യോടെ നമ്മുക്ക് കാത്തു സൂക്ഷിക്കാം .നമ്മുക്ക് ഇപ്പോള്‍ അവശതകള്‍ വളരെ ശുഷ്കമാണ്, നമ്മില്‍ കവിഞ്ഞുള്ള സേവന സഹായങ്ങള്‍ അയാല്‍ ഗ്രാമങ്ങളിലേക്ക് വ്യാപനം ചെയ്യുമ്പോള്‍ ചിത്താരിയുടെ കീര്‍ത്തി ഉയരങ്ങളില്‍നിന്നു ഉയരങ്ങളിലേക്ക് ഉയരുകയും സര്‍വ്വ ശക്തന്റെ അനുഗ്രഹങ്ങള്‍ കൂടുതല്‍ ചിത്താരിയില്‍ വര്‍ശിക്കുകതന്നെ ചെയ്യും ....
ബഷീര്‍ ചിത്താരി

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com