ഐ.പി.എല്ലിലേക്കുള്ള പ്രതീക്ഷ കൈവിടാതെ അമീറലി; പ്രചോദനമായി സച്ചിന്റെ പ്രശംസ

on May 4, 2014

ദുബൈ:  അനവധി യുവ താരങ്ങളുടെ ഉദയത്തിന് വഴിതുറന്ന ഐ.പി.എല്‍ ട്വന്റി- 20 യില്‍ കളിക്കുകയെന്ന ഒരൊറ്റ ആഗ്രഹമാണ് കാസര്‍കോട് ചിത്താരി സ്വദേശിയായ അമീറലിക്കുള്ളത്. ഇതിന് പ്രചോദനമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ടെന്‍ഡുല്‍ക്കറുടെ പ്രശംസയുമെത്തി.

യു.എ.ഇയില്‍ നടന്ന ഐ.പി.എല്‍ മത്സരത്തിന്റെ പരിശീലനത്തില്‍ അന്താരാഷ്ട്ര താരങ്ങള്‍ക്കൊപ്പം പന്തെറിഞ്ഞ് 24 കാരനായ അമീറലി ഇതിനകം തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളുടെ താരങ്ങളായ സഹീര്‍ ഖാന്‍, ലസിത് മലിങ്ക, മിച്ചല്‍ ജോണ്‍സണ്‍ തുടങ്ങിയ താരങ്ങളുടെ കൂടെ പന്തെറിഞ്ഞ അമീറലിയെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പ്രശംസിച്ചു.

Ameerali-with-Sachin
കേരള ക്രിക്കറ്റ് അസോസിയേഷന്റെ അണ്ടര്‍ 19 സ്‌റ്റേറ്റ് ലെവല്‍, അണ്ടര്‍ 22 ഡിസ്ട്രിക്റ്റ്, സോണ്‍ ലെവല്‍, ഇന്റര്‍ കോളജ് തുടങ്ങിയ തലങ്ങളിലും അമീറലി തന്റെ കഴിവ് പുറത്തെടുത്തിരുന്നു. കാസര്‍കോട് ജില്ലാ ലീഗ് മത്സരത്തില്‍ അഞ്ച് വര്‍ഷത്തോളം കാഞ്ഞങ്ങാട് ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിച്ച് അമീര്‍ കളിച്ചിട്ടുണ്ട്.

സച്ചിനൊപ്പം രാഹുല്‍ ദ്രാവിഡിനെ പോലുള്ള ലോകോത്തര താരങ്ങളുടെ കോച്ചിംഗും അമീറലിക്ക് ലഭിച്ചു കഴിഞ്ഞു. അടുത്ത് തന്നെ ഐ.പി.എല്‍ ടീമിലേക്ക് പ്രവേശിക്കാനാകുമെന്ന ആത്മ വിശ്വാസത്തിലാണ് ചിത്താരിയിലെ മുബാറക്ക് അബ്ദുല്ലയുടെ മകനായ അമീറലി. 

ഒഴിവ് സമയങ്ങളിലെ നല്ലൊരു ഭാഗം ക്രിക്കറ്റിനായി മാറ്റിവെച്ച അമീര്‍ ചെറുപ്പത്തിലേ ക്രിക്കറ്റ് കളിയില്‍ തല്‍പരനായിരുന്നു. വീട്ടുകാരുടെയും നാട്ടുകാരുടെ പ്രോത്സാഹനം കൊണ്ട് മാത്രമാണ് തനിക്ക് ഈ ഭാഗ്യം ലഭിച്ചതെന്ന് അമീര്‍ പറയുന്നു. ദുബൈയില്‍ ജാവീദ് ഫുഡ് സ്റ്റഫ് ട്രേഡിംഗ് കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന അമീറലി ഇപ്പോള്‍ കെ.പി.എല്‍. മത്സരത്തിലേക്കുള്ള തയ്യാറെടുപ്പിലാണ്. സച്ചിന്റെ പ്രശംസ ലഭിച്ച അമീറലിയെ ഒരുമ എജുക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ യു.എ.ഇ. ചാപ്റ്റര്‍ അനുമോദിച്ചു.

നേരത്തെ കാസര്‍കോട് തളങ്കര പടിഞ്ഞാര്‍ സ്വദേശിയായ അര്‍ഷാദിനും, തളങ്കരയിലെ ഷഫീഖ് പ്രിന്‍സസിനും അമീറലിയുടെ ഭാഗ്യം ലഭിച്ചിരുന്നു. ദുബൈ സ്‌പോര്‍ട്‌സ് സിറ്റിയിലെ രാജ്യാന്തര ക്രിക്കറ്റ് ഗ്രൗണ്ടില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ പരിശീലനത്തിന് ടീം നായകനും ഇന്ത്യന്‍ യുവനിരയിലെ താരവുമായ വിരാട് കോഹ്‌ലി, യുവരാജ് സിങ്, വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ അടക്കമുള്ള വമ്പനടിക്കാര്‍ക്ക് മുന്നില്‍ പന്തെറിഞ്ഞ് അര്‍ഷാദും ഷഫീഖും മികവ് തെളിയിച്ചിരുന്നു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com