കാഞ്ഞങ്ങാട്ടെ വാഹന വില്‍പ്പനക്കാരന്റെ മരണം; സുഹൃത്ത് മുംബൈയില്‍ നിന്നും മുങ്ങി

on Sep 10, 2012


കാസര്‍കോട്: കാഞ്ഞങ്ങാട്ടെ വാഹന വില്‍പ്പന ശാലയിലെ ജീവനക്കാരനും ദേളി സ്വദേശിയുമായ യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന സുഹൃത്തിനെ കണ്ടെത്താനുള്ള ഗോവ പോലീസിന്റെ ശ്രമം വിഫലമായി. കാഞ്ഞങ്ങാട് സൈന്‍ മോട്ടോര്‍സ് ബൈക്ക് ഷോറൂമിലെ ജീവനക്കാരനും ദേളി സ്വദേശിയുമായ നിസാറിനെ(35) കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കാസര്‍കോട് അടുക്കത്ത് ബയലിലെ ആഷിര്‍ മുംബൈയിലുണ്ടെന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഗോവ പോലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. ഇതേതുടര്‍ന്ന് പോലീസ് മുംബൈയിലെത്തിയെങ്കിലും അറസ്റ്റ് ഭയന്ന് ആഷിര്‍ മുംബൈയില്‍ നിന്നും കടന്ന് കളയുകയായിരുന്നു. ഇപ്പോള്‍ ആഷിറിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ആഗസ്റ്റ് 30ന് രാത്രിയാണ് നിസാറിനെ മഡ്‌ഗോവ കല്ലങ്കോട് ബീച്ചിലെ ഒരു ഹോട്ടല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിസാറിനോടൊപ്പം ഹോട്ടല്‍ മുറിയില്‍ താമസിച്ച സുഹൃത്ത് ആഷിര്‍ സംഭവത്തിന് ശേഷം മുങ്ങുകയായിരുന്നു. നിസാറിന്റെ മൃതദേഹം ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തതോടെ യുവാവിനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. ഇതേതുടര്‍ന്ന് ഗോവ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണമാരംഭിക്കുകയായിരുന്നു. മുങ്ങിയ ആഷിറിനെ തേടി ഗോവ പോലീസ് ആദ്യം കാസര്‍കോട്ടാണ് എത്തിയത്. കാസര്‍കോട്ട് അന്വേഷണം നടത്തുന്നതിനിടെയാണ് ആഷിര്‍ മുംബൈയിലുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചത്. ഓണം അവധി ആഘോഷിക്കാനായി ഗോവയിലേക്ക് പോയ നിസാറും ആഷിറും ഹോട്ടല്‍ മുറിയില്‍ താമസിക്കുന്നതിനിടെ ചില പ്രശ്‌നങ്ങളുടെ പേരില്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും സംഘട്ടനമുണ്ടാകുകയും ചെയ്തു. ഇതിനിടയിലാണ് നിസാറിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്..

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com